ഈയുഗം ന്യൂസ്
June 08, 2026 Monday 11:14:42am
ദോഹ: ഏപ്രിൽ 8 ന് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം മേഖലയെ ഭീതിയിലാഴ്ത്തി ഇറാനും ഇസ്രായേലും വീണ്ടും പരസ്പരം ആക്രമണം തുടങ്ങി.
ലെബനനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായി ഇന്നലെ രാത്രി ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ചു. ഇന്ന് രാവിലെ ഇസ്രായേൽ തിരിച്ചടിക്കുകയും നിരവധി കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്തു.
എന്നാൽ പ്രധാനപ്പെട്ട കാര്യം, ഇപ്പോഴത്തെ യുദ്ധം ഇറാനും ഇസ്രായേലും തമ്മിൽ നേരിട്ടാണ്. അമേരിക്ക ഇപ്പോൾ യുദ്ധത്തിൽ പങ്കെടുക്കുന്നില്ല. പല കാരണങ്ങൾ കൊണ്ടും ഇപ്പോൾ ഒരു യുദ്ധത്തിന് തയ്യാറല്ല എന്നതാണ് ട്രംപ് നൽകുന്ന സൂചന. അതേസമയം യുദ്ധം രൂക്ഷമായാൽ ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക നിര്ബന്ധിക്കപ്പെടും.
ഇന്നലെ രാത്രി ഇസ്രായേലിനെതിരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതിന് ശേഷം, ഇറാനെതിരെ തിരിച്ചടിക്കരുതെന്ന് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ആവശ്യം എല്ലാവരെയും അത്ഭുതപ്പെടുത്തി. എന്നാൽ ട്രംപിനെ വകവെക്കാതെ നെതന്യാഹു ഇന്ന് രാവിലെ ഇറാനെ ആക്രമിച്ചു.
ഇറാനും ഇസ്രായേലും തമ്മിലുള്ള നിലവിലെ ആക്രമണങ്ങൾ കൂടുതൽ ദിവസങ്ങൾ തുടരാൻ സാധ്യതയില്ല എന്നതാണ് വിലയിരുത്തൽ, കാരണം ട്രംപിന് മറ്റൊരു യുദ്ധത്തിൽ താൽപ്പര്യമില്ല, മാത്രമല്ല ഗൾഫ് രാജ്യങ്ങളും മധ്യസ്ഥതയ്ക്ക് നേതൃത്വം നൽകുന്ന പാകിസ്ഥാനും സംഘർഷം കുറയ്ക്കാൻ ശ്രമിക്കുകയാണ്.
അതേസമയം ഇസ്രായേൽ പതിവായി അയൽ രാജ്യങ്ങളെ ആക്രമിക്കാറുണ്ടെങ്കിലും, മറ്റൊരു രാജ്യം ഇസ്രായേലിനെതിരെ ആക്രമണം ആരംഭിക്കുന്നത് ഇതാദ്യമായാണ്.
മാത്രമല്ല ലെബനനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഇറാൻ ഇസ്രായേലിനെ ആക്രമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
നിരവധി ഇറാൻ മിസ്സൈലുകളാണ് ഇസ്രായേലിൽ പതിച്ചത്.
"ഇപ്പോൾ ഞങ്ങൾ ഷെൽട്ടറിലാണ്. മുകളിൽ വലിയ ശബ്ദം കേൾക്കാം. അത് മിസൈലുകൾ വെടിവെച്ചിടുന്ന ശബ്ദമാണെന്ന് കരുതുന്നു. ഭ്രാന്തൻ ഇറാനിയൻ ഭരണകൂടത്തിന്റെ ഭീഷണിയിൽ നമ്മൾ ജീവിക്കുന്ന മറ്റൊരു ദിവസം കൂടി," ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബി എക്സിൽ കുറിച്ചു.
ഇരുപക്ഷവും തമ്മിൽ ഒരു കരാറിൽ എത്തുന്നതുവരെ മേഖലയിലെ നിലവിലെ സംഘർഷം തുടരാൻ സാധ്യതയുണ്ട്.