ഈയുഗം ന്യൂസ്
March  03, 2026   Tuesday   03:04:48pm

news



whatsapp

ദോഹ: ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധം നാലാം ദിവസത്തിൽ പ്രവേശിക്കുമ്പോൾ കൂടുതൽ രൂക്ഷവും വ്യാപകവും ആയെന്നും മധ്യസ്ഥ ചർച്ചകൾ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും വിലയിരുത്തൽ.

മധ്യസ്ഥ ചർച്ചകൾ എന്ന് തുടങ്ങുമെന്നും യുദ്ധം എന്ന് അവസാനിക്കുമെന്നുമാണ് ലോകം ഉറ്റുനോക്കുന്നത്.

നാല് ദിവസം പിന്നിടുമ്പോൾ ഇറാൻ മേൽക്കൈ നേടുന്നതായി നിരവധി പാശ്ചാത്യൻ വിദഗ്ധർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നു. ഇത് സമാധാന ചർച്ചകളെ കൂടുതൽ ദുഷ്ക്കരമാക്കും. ചർച്ചകൾക്ക് തയ്യാറല്ലെന്നും യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാൻ തയ്യാറല്ലെന്നുമാണ് ഇറാന്റെ ഇപ്പോഴത്തെ നിലപാട്.

ഇന്നലെ റിയാദിലെ അമേരിക്കൻ എംബസി ഡ്രോൺ ഉപയോഗിച്ച് ഇറാൻ തകർത്തിരുന്നു. ഒരു എംബസിക്ക് നേരെയുള്ള ആക്രമണം അഭൂതപൂർവമായ നീക്കമാണ്.

അതേസമയം ഖത്തറിന്റെയും യു.എ.ഇ യുടെയും പക്കലുള്ള പ്രതിരോധ ഇന്റർസെപ്റ്റർ മിസൈലുകൾ ഒരാഴ്ചക്കുള്ളിൽ തീരുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. അടിയന്തിരമായി കൂടുതൽ മിസ്സൈലുകൾ നൽകണമെന്ന് ഇരുരാജ്യങ്ങളോട് ആവശ്യപ്പെട്ടതായും അമേരിക്ക അനുകൂലമായി പ്രതികരിച്ചില്ലെന്നും വാർത്തകൾ പറയുന്നു. വർഷങ്ങളോളം നിർമിച്ച ഇന്റർസെപ്റ്റർ മിസൈൽ സ്റ്റോക്കുകൾ ദിവസങ്ങൾക്കുള്ളിൽ തീരുന്നതായി അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എന്നാൽ ഇന്റർസെപ്റ്റർ മിസൈലുകൾ തീരുന്നതായുള്ള വാർത്തകൾ ഖത്തർ നിഷേധിച്ചു.ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും സംഘർഷ സമയത്ത് ഇത്തരം വാർത്തകൾ നല്കരുതെന്നും ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

ഗൾഫ് മേഖലയിലുള്ള ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഒമാനിൽ തുറമുഖവും തീരത്തെ കപ്പലുകളും മാത്രമാണ് ഇതുവരെ ആക്രമിക്കപ്പെട്ടത്. ദുബായ് എയർപോർട്ടും ഇറാൻ ആക്രമിച്ചു.

യുദ്ധമുഖത്ത് പരാജയം ഏറ്റുവാങ്ങിയാൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആണവായുധം പ്രയോഗിക്കുമോ എന്നതാണ് ആശങ്ക. ഇറാനെതിരെ അതിഭയങ്കരമായ ആക്രമണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്ന് അമേരിക്ക വ്യക്തമാക്കി.

മറ്റു സംഭവവികാസങ്ങൾ:

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. അതുവഴി കടന്നുപോകുന്ന കപ്പലുകൾ അഗ്നിക്കിരയാക്കുമെന്നാണ് ഇറാന്റെ ഭീഷണി.

രണ്ട് ഇറാൻ യുദ്ധവിമാനങ്ങളും ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ചു ഡ്രോണുകളും തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം ഇന്നലെ പത്രക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തു അനിശ്ചിത കാലത്തേക്ക് സർക്കാർ-പൊതുമേഖലാ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയും ഇത് നടപ്പിലാക്കണമെന്ന് തൊഴിൽ മന്ത്രാലയം അഭ്യർത്ഥിച്ചു.

മേഖലയിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതിരോധ മിസൈലുകൾ അതിവേഗം തീരുകയാണ്. സൗത്ത് കൊറിയയിലുള്ള അമേരിക്കൻ പാട്രിയോട്-താഡ് മിസൈലുകൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റാൻ അമേരിക്ക തയ്യാറെടുക്കുന്നതായി സൗത്ത് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ ഭീഷണി നേരിടുന്ന ആ മേഖലയിൽ ഇത് ആശങ്ക വർധിപ്പിക്കുന്നു.

ലെബനോനിൽ ഹിസ്‌ബൊള്ള ഇറാന് അനുകൂലമായി യുദ്ധത്തിൽ പ്രവേശിച്ചു. ലെബനോനിൽ നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി.

വ്യാപകമായ ചൈനീസ് സാങ്കേതിക സഹായമാണ് ഇറാന് ലഭിക്കുന്നത്. അമേരിക്കയുടെ യുദ്ധസാമഗ്രികൾ കൃത്യമായി ലോക്കറ്റ് ചെയ്യാനും ആക്രമിക്കാനും ഇതുവഴി ഇറാന് സാധിക്കുന്നു.

റിയാദിൽ എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചത് തങ്ങളല്ലെന്ന് ഇറാൻ സൗദി ഭരണകൂടത്തെ അറിയിച്ചു. ഖത്തറിലും സൗദിയിലും മൊസാദ് ഏജന്റുമാരെ അറസ്റ്റ് ചെയ്തതായി പ്രമുഖ അമേരിക്കൻ മാധ്യമ പ്രവർത്തകൻ ടക്കർ കാൾസൺ പറഞ്ഞു. ആക്രമണം അഴിച്ചു വിടുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ഗരംഗൗ ആഘോഷിക്കാൻ കുട്ടികൾ പുറത്തുപോകുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതാവശ്യ സാഹചര്യങ്ങളിൽ അല്ലാതെ ആരും പുറത്തു പോകരുതെന്നും മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0