ഈയുഗം ന്യൂസ്
March 27, 2026 Friday 02:20:30pm
ദോഹ: ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധം ഏകദേശം ഒരു മാസം പൂർത്തിയാകുമ്പോൾ ഗൾഫ് രാജ്യങ്ങൾ ക്രമേണ രണ്ട് ചേരിയിലായി സ്ഥാനം പിടിക്കുന്നു.
യുദ്ധം തീർക്കാനുള്ള ശ്രമങ്ങൾക്ക് ഈ അഭിപ്രായവ്യത്യാസം തടസ്സമാവുകയാണ്.
പുതിയ സാഹചര്യത്തിൽ ബുദ്ധിപരവും പ്രായോഗികവും മേഖലയിൽ സമാധാനത്തിന് ഊന്നൽ നൽകുന്നതുമാണ് ഖത്തറിന്റെ നിലപാട് എന്നത് ശ്രദ്ധേയമാണ്. ഇസ്രായേൽ-അമേരിക്കൻ സഖ്യത്തെ സഹായിക്കാതെ സംഘർഷത്തിൽ നിഷ്പക്ഷമായ നിലപാടാണ് ഖത്തർ സ്വീകരിക്കുന്നത്. ഖത്തറിൽ ഇറാൻ മിസൈൽ ആക്രമണം കുറയാനുള്ള കാരണവും ഇതാണ്. അതേസമയം ഇറാനുമായി അടുത്ത ബന്ധം പുലർത്തി അമേരിക്കൻ ആക്രമണത്തെ അപലപിക്കുന്ന നിലപാടാണ് ഒമാനും സ്വീകരിച്ചത്.
മേഖലയിൽ സഹവർത്തിത്വം അനിവാര്യമാണെന്നും ആരെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും അയൽക്കാർ ഒരുമിച്ച് ജീവിക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.
എൽഎൻജി പ്ലാന്റുകൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം നേരിട്ടിട്ടും ഖത്തർ സമാധാനത്തിനായി ശ്രമിക്കുകയാണ്.
അതേസമയം ഇസ്രായേലും അമേരിക്കയും അതിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ യുദ്ധം തുടരണമെന്ന് അമേരിക്കയിലെ യുഎഇ അംബാസഡർ യൂസഫ് അൽ-ഒതൈബ വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ഒരു ലേഖനത്തിൽ പറഞ്ഞു.
"ഇറാന്റെ ആണവ ശേഷികൾ, മിസൈലുകൾ, ഡ്രോണുകൾ, ഹോർമുസ് ഉപരോധങ്ങൾ എന്നിങ്ങനെ ഇറാന്റെ മുഴുവൻ ഭീഷണികളെയും ഇല്ലാതാക്കുന്ന ഒരു നിർണായക ഫലം നമുക്ക് ആവശ്യമാണ്," അദ്ദേഹം പറഞ്ഞു. ഇതിനു ശേഷം യൂ.എ.ഇ ക്കെതിരെയുള്ള ആക്രമണം ഇറാൻ ശക്തമാക്കി.
പരസ്യമായി ഇസ്രയേലിനെ പിന്തുണക്കുന്ന നിലപാടാണ് യു.എ.ഇ സ്വീകരിക്കുന്നത്. ഗൾഫിൽ ഏറ്റവും കൂടുതൽ ഇറാന്റെ ആക്രമണം നേരിട്ടതും യു.എ.ഇ യാണ്. ഇറാനിൽ അമേരിക്കൻ പട്ടാളത്തെ വിന്യസിക്കാൻ പദ്ധതിയിടുന്നതായും യു.എ.ഇ ഇതിന് സഹായിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങിനെ സംഭവിച്ചാൽ യു.എ.ഇയെ പൂർണമായും തകർക്കുമെന്നാണ് ഇറാന്റെ ഭീഷണി.
അതേസമയം ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കരുതെന്നും, ഈ യുദ്ധം മിഡിൽ ഈസ്റ്റിനെ പുനർനിർമ്മിക്കുന്നതിനുള്ള "ചരിത്രപരമായ അവസരം" ആണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഡൊണാൾഡ് ട്രംപിനോട് അഭ്യർത്ഥിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യമായ ചർച്ചകൾ നടക്കുന്നില്ല. ഇരു വിഭാഗവും മുന്നോട്ടു വെക്കുന്ന നിബന്ധനകൾ ഇരു വിഭാഗത്തിനും സ്വീകാര്യമല്ല. നഷ്ടപരിഹാരം നൽകുക, മേഖലയിൽ നിന്ന് അമേരിക്ക പിൻവാങ്ങുക, ഹോർമുസ് കടലിടുക്ക് നിയന്ത്രണം നൽകുക തുടങ്ങിയ ഇറാൻ നിബന്ധനകൾ അംഗീകരിച്ചാൽ അത് അമേരിക്കയുടെ സമ്പൂർണ പരാജയമായിരിക്കും.
ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട ട്രംപ്, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള ഇറാന്റെ സമയപരിധി ഏപ്രിൽ 6 വരെ 10 ദിവസം കൂടി നീട്ടി. ഇനിയും നീട്ടാനാണ് സാധ്യത.
മിഡിൽ ഈസ്റ്റിലെ 13 യുഎസ് സൈനിക താവളങ്ങളിൽ ഭൂരിഭാഗവും ഇറാൻ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടുവെന്നും കുവൈറ്റ് താവളങ്ങൾക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
യുഎസ് സൈനികർ താവളങ്ങളിൽ നിന്ന് ഓടിപ്പോയെന്നും ഹോട്ടലുകളിലും മറ്റ് സ്ഥലങ്ങളിലും ഒളിച്ചിരിക്കുകയാണെന്നും വർക്ക് ഫ്രം ഹോം ആണെന്നും റിപ്പോർട്ട് പറയുന്നു.
മേഖലയിലെ യുഎസ് സൈനികരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലുകൾ ലക്ഷ്യമിടുമെന്ന് ഇറാൻ അറിയിച്ചു.