ഈയുഗം ന്യൂസ്
March  02, 2026   Monday   02:01:34pm

news



whatsapp

ദോഹ: ഇറാൻ നേതാക്കളുമായി വെടിനിർത്തൽ ചർച്ചകൾക്ക് സന്നദ്ധത അറിയിച്ച് ഡൊണാൾഡ് ട്രംപ്. എന്നാൽ ട്രംപുമായി ചർച്ച നടത്തില്ലെന്ന് ഇറാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ വിശാലവും തീവ്രവുമായിക്കൊണ്ടിരിക്കുകയാണ്. ഇറാനുമായുള്ള സംഘർഷം നിയന്ത്രണാതീതമാകുന്നുവെന്ന ആശങ്ക പെന്റഗണിനുള്ളിലും ട്രംപ് ഭരണകൂടത്തിലെ അംഗങ്ങൾക്കിടയിലും വർദ്ധിച്ചുവരികയാണെന്നും റിപോർട്ടുകൾ പറയുന്നു. നാല് ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ചു ലക്ഷ്യങ്ങൾ കൈവരിക്കാമെന്നായിരുന്നു ട്രംപിന്റെ കണക്കുകൂട്ടൽ. ഇറാനിൽ ഭരണമാറ്റമാണ് ഈ യുദ്ധത്തിലെ അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം.

അമേരിക്കയുടെ പക്കലുള്ള ആയുധ ശേഖരം തീരുമെന്നും അവർ ഭയപ്പെടുന്നു.

ഇറാനിലെ 131 നഗരങ്ങളിലായി ഇസ്രായേൽ-യുഎസ് ആക്രമണങ്ങളിൽ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി (ഐആർസിഎസ്) ഒരു ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു. ഇറാനിൽ ആയിരത്തിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞു. ഇറാനിൽ യഥാർത്ഥ മരണസംഖ്യ ആയിരക്കണക്കിന് ആവാനാണ് സാധ്യത.

ഡ്രോൺ യുദ്ധമുറയാണ് ഇറാൻ പ്രധാനമായും അവലംബിക്കുന്നത്. ഉഗ്ര പ്രഹരശേഷിയുള്ള ആയിരക്കണക്കിന് ഡ്രോണുകൾ ഇറാന്റെ പക്കലുണ്ട്. ഒരു ഡ്രോൺ നിർമ്മിക്കാൻ 25,000 മുതൽ ഒന്നോ രണ്ടോ ലക്ഷം ഡോളർ വരെ ചെലവ് വരുമ്പോൾ അത് തർക്കാനുള്ള അമേരിക്കൻ ഇന്റർസെപ്റ്റർ മിസ്സൈലുകൾക്ക് ഒരു മില്യൺ ഡോളർ വിലവരുമെന്നാണ് കണക്ക്. മാത്രമല്ല ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തകർക്കാൻ ഒന്നിലധികം ചിലപ്പോൾ മൂന്നും നാലും ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിക്കണം. മാത്രമല്ല ഡ്രോണുകൾ നിർമ്മിക്കാൻ എളുപ്പമാണ്. എന്നാൽ പ്രതിരോധ മിസൈലുകൾ നിർമിക്കാൻ കൂടുതൽ സമയം ആവശ്യമാണ്.

നൂറുകണക്കിന് ഡ്രോണുകൾ തൊടുത്തുവിട്ട് അമേരിക്കയുടെയും ഇസ്രയേലിന്റെയും ഗൾഫ് രാജ്യങ്ങളുടെയും പക്കലുള്ള പ്രതിരോധ മിസൈൽ ശേഖരം തീർക്കുക എന്നതാണ് ഇറാന്റെ ലക്ഷ്യം.

കുവൈത്തിൽ ഇന്ന് രാവിലെ നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നുവീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എല്ലാ പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.

നിരവധി യുഎസ് യുദ്ധവിമാനങ്ങൾ തകർന്നുവീഴാൻ കാരണമെന്താണെന്ന് ഉടനടി വ്യക്തമല്ല,

അതേസമയം തുടർച്ചയായി അക്രമിക്കപെടുമ്പോഴും പ്രതികരിക്കാൻ കഴിയാതെ നിസ്സഹായരായി നോക്കി നിൽക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. ഞായറാഴ്ച ഉച്ചവരെ, 165 ബാലിസ്റ്റിക് മിസൈലുകൾ, രണ്ട് ക്രൂയിസ് മിസൈലുകൾ, 541 ഇറാനിയൻ ഡ്രോണുകൾ എന്നിവ "തകർത്തു" എന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

"ഗൾഫ് അറബ് രാജ്യങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ വിടവുകൾ പ്രത്യക്ഷപ്പെടുന്നതിനാൽ ഇപ്പോൾ ആഡംബര ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും, ബഹുനില അപ്പാർട്ട്മെന്റ് ബ്ലോക്കുകളും, അത്യാധുനിക വിമാനത്താവള ഡിപ്പാർച്ചർ ടെർമിനലുകളും ഇടയ്ക്കിടെ ആക്രമിക്കപ്പെടുന്നു," ബിബിസി റിപ്പോർട്ട് പറയുന്നു.

ഇറാൻ ആക്രമണത്തിൽ ബഹ്‌റൈനിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ആസ്ഥാനം പൂർണ്ണമായും തകർന്നു. സൗദി അറേബ്യയും ഒമാനുമാണ് ഏറ്റവും കുറവ് ആക്രമണങ്ങൾ നേരിട്ടത്. ഒമാനിലെ വാണിജ്യ തുറമുഖമായ ദുഖമിൽ മാത്രമാണ് ഡ്രോൺ ആക്രമണം ഉണ്ടായത്.

പൗരന്മാരെ ഒഴിപ്പിക്കാൻ മേഖലയിലേക്ക് പ്രത്യേക ടീമുകളെ അയക്കാൻ ബ്രിട്ടൺ തീരുമാനിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനെ സംരക്ഷിക്കുന്നതിനായി അമേരിക്ക ഗൾഫ് രാജ്യങ്ങളെ ഉപേക്ഷിച്ചുവെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങൾ തിരിച്ചുവിട്ടതായും ഒരു സൗദി ഉദ്യോഗസ്ഥൻ പറഞ്ഞു.

അമേരിക്കൻ സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന എല്ലാ ഗൾഫ് രാജ്യങ്ങളെയും അവർ ഇറാനിയൻ ആക്രമണങ്ങളുടെ കാരുണ്യത്തിൽ വിട്ടു, അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളുടെ വ്യാപ്തിയിലും സമയത്തിലും സൗദി അമർഷം പ്രകടിപ്പിച്ചു.ഇറാനിൽ നിന്ന് കൂടുതൽ ശക്തമായ പ്രതികരണത്തിന് കാരണമാകുന്ന നടപടികളും അതുവഴി മേഖലയെ കൂടുതൽ വിശാലമായ സംഘർഷത്തിലേക്ക് തള്ളിവിടുന്നതും ആയ നടപടികൾ മറ്റ് ഗൾഫ് രാജ്യങ്ങൾ ഒഴിവാക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

Comments


Page 1 of 0