ഈയുഗം ന്യൂസ്
February 28, 2026 Saturday 05:21:43pm
ദോഹ: ഖത്തറിൽ അമേരിക്കൻ എയർബേസിലെ FP132 റഡാർ സംവിധാനം ഇറാൻ മിസൈൽ ആക്രമണത്തിൽ തകർത്തതായി ഇറാൻ അവകാശപ്പെട്ടു.
5,000 കിലോമീറ്റർ ദൂരപരിധിയിൽ നിന്ന് വരെയുള്ള ബാലിസ്റ്റിക് മിസൈലുകൾ കണ്ടുപിടിക്കാൻ ശേഷിയുള്ളതാണ് ഈ റഡാർ സംവിധാനം. ബാലിസ്റ്റിക് മിസൈലുകൾ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും നശിപ്പിച്ചതായി ഇറാൻ അവകാശപ്പെട്ടു.
ഇസ്രായേലിലേക്ക് ഇറാൻ തൊടുത്തുവിടുന്ന മിസൈലുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഇസ്രായേലിന് നൽകുന്നതും ഗൾഫ് മേഖലയിലുള്ള അമേരിക്കൻ റഡാറുകൾ ഉപയോഗിച്ചാണ്.
അതേസമയം ഖത്തറിൽ ഇപ്പോഴും സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ആകാശത്തുവെച്ചു തടയുന്ന മിസൈലുകൾ ജനവാസ മേഖലകളിൽ വീഴുന്നതായും റിപ്പോർട്ടുകളുണ്ട്. നിരവധി ദ്ര്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇറാൻ ഇത്തവണ മുൻകൂട്ടി നിശ്ചയിച്ച പുതിയ തന്ത്രമാണ് പിന്തുടരുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. മിഡിൽ ഈസ്റ്റ് മേഖലയിലെ അമേരിക്കൻ റഡാർ, ഇന്റലിജൻസ് കേന്ദ്രങ്ങൾ തകർക്കുകയാണ് ഇറാന്റെ ലക്‌ഷ്യം. ഗൾഫിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഇറാൻ മിസൈൽ ആക്രമണം നടത്തി.
ഈ റഡാറുകൾ തകർക്കപ്പെട്ടാൽ ഇസ്രേയലിന് കനത്ത പ്രഹരമായിരിക്കും ഇറാൻ നൽകുക.
ഇറാനിയൻ മിസൈലുകൾ ഗൾഫ് രാജ്യങ്ങൾക്ക് തടയാൻ സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ബഹ്‌റൈനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ പട്ടാളക്കാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഈ യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് ആളപായം ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രമ്പും പ്രസ്താവന നടത്തി.