ഈയുഗം ന്യൂസ്
November 07, 2025 Friday 04:56:21pm
ദോഹ: ഖത്തറിനും ബഹ്‌റൈനും ഇടയിലുള്ള വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനം നൽകിക്കൊണ്ട്, ഖത്തർ-ബഹ്‌റൈൻ യാത്രാ ഫെറി സർവീസ് ഇന്ന് ആരംഭിച്ചു.
ഖത്തറിലെ അൽ-റുവൈസ് തുറമുഖത്തെയും ബഹ്‌റൈനിലെ സഅദ മറീനയെയും ബന്ധിപ്പിക്കുന്ന പുതിയ സമുദ്ര യാത്രാ പാത ഏകദേശം 35 നോട്ടിക്കൽ മൈൽ (ഏകദേശം 65 കിലോമീറ്റർ) നീളമുള്ളതാണ്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഗൾഫ് (ജിസിസി) പൗരന്മാർക്ക് മാത്രമാണ് സേവനം ലഭ്യമാകുക.
ഖത്തർ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനിയും ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും പദ്ധതി സംയുക്തമായി ഉദ്ഘാടനം ചെയ്തു.
ഇക്കണോമി ക്ലാസ് യാത്രയ്ക്ക് ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റ് നിരക്ക് 265 റിയാൽ ആയിരിക്കും.
അൽ-റുവൈസ് തുറമുഖത്തിനും സാദ മറീനയ്ക്കും ഇടയിലുള്ള യാത്രയ്ക്ക് 70-80 മിനിറ്റ് എടുക്കും. ഇലക്ട്രോണിക് ആപ്ലിക്കേഷൻ (MASAR) വഴിയാണ് ബുക്കിംഗ് ലഭ്യമാകുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഗൾഫ് പൗരന്മാർക്ക് മാത്രമാണ് സേവനം ലഭ്യമാകുക.
ആദ്യ യാത്രകൾ നവംബർ 7 മുതൽ 12 വരെയുള്ള കാലയളവിലായിരിക്കും; രാവിലെയും വൈകുന്നേരവും ഒരു ദിവസം രണ്ട് റൗണ്ട് ട്രിപ്പുകൾ ഉണ്ടായിരിക്കും, പിന്നീട് ഇത് ഒരു ദിവസം മൂന്ന് റൗണ്ട് ട്രിപ്പുകളായി വർദ്ധിപ്പിക്കും.
യാത്രക്കാർക്ക് സ്റ്റാൻഡേർഡ്, വിഐപി കപ്പലുകൾ ലഭ്യമാണ്. ഓരോ സ്റ്റാൻഡേർഡ്, വിഐപി സെർവീസിലും യഥാക്രമം 28 ഉം 32 ഉം യാത്രക്കാരെ ഒരു യാത്രയിൽ വഹിക്കാൻ കഴിയും. എല്ലാവിധ ഹോസ്പിറ്റാലിറ്റി സേവനങ്ങളോടെയുമാണ് സർവീസ് നടപ്പിലാക്കുക.
യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ദിവസേനയുള്ള യാത്രകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കും.
മസാർ ഗ്രൂപ്പാണ് സർവീസ് ഓപ്പറേറ്റർ. ഇത് ബഹ്‌റൈനിലെ മുംതലകത്ത് ഹോൾഡിംഗ് കമ്പനിയുടെ കീഴിലുള്ള സ്ഥാപനമാണ്.