ഈയുഗം ന്യൂസ്
October 18, 2025 Saturday 02:39:50pm
ദോഹ: ആറ് ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ജി സി സി റെയിൽവേ ലിങ്കിന്റെ നിർമ്മാണം ഗൾഫ് രാജ്യങ്ങൾ ത്വരിതപ്പെടുത്തുന്നു.
സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റെയിൽ പാതയുടെ നിർമാണത്തിന് ഖത്തർ മന്ത്രിസഭ അനുമതി നൽകിയതോടെയാണ് ഗൾഫ് റെയിൽവേ പ്രൊജക്റ്റ് യാഥാർഥ്യമാകുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളും റെയിൽവേ പാതയുടെ നിർമാണവുമായി മുമ്പോട്ടുപോകുകയാണ്..
ഒക്ടോബർ 8 ന് നടന്ന ഖത്തർ മന്ത്രിസഭാ യോഗത്തിലാണ് അനുമതി നൽകിയത്..
100 കിലോമീറ്റർ ദൈർഘ്യമുള്ള ഖത്തറിൽ നിർമിക്കുന്ന പുതിയ പാത 2030 ഓടെ തയ്യാറാകും, ഈ പാത തെക്കുപടിഞ്ഞാറൻ അതിർത്തി പട്ടണമായ അബു സംറ വഴി സൗദി അറേബ്യയിലെ ദമ്മാമുമായി നേരിട്ട് ബന്ധിപ്പിക്കും. ഹമദ് ഇന്റർനാഷണൽ അയർപോർട്ടുമായും ചരക്കുഗതാഗതത്തിനായി ഹമദ് പോർട്ടുമായും മെസായിദ് ഇൻഡസ്ട്രിയൽ സിറ്റിയുമായും പാത ബന്ധിപ്പിക്കും..
കുവൈറ്റിൽ നിന്ന് ദമ്മാം വഴി യുഎഇയിലേക്കും ഒമാനിലെ മസ്കറ്റിലേക്കും പോകുന്ന ഗൾഫ് റെയിൽവേ 2030 ആകുമ്പോഴേക്കും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു..
ദമ്മാമിൽ നിന്ന് ബഹ്‌റൈനിലേക്ക് കോസ്‌വേയ്ക്ക് സമീപം 45 കിലോമീറ്റർ ലിങ്ക് നിർമ്മിക്കും..
ആറ് ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്രക്കാരെയും ചരക്കുകളെയും വഹിച്ചുകൊണ്ട് മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ ചീറിപ്പായുന്ന ഗൾഫ് റെയിൽവേ നിർമാണം പൂർത്തിയാകുമ്പോൾ 2,000 കിലോമീറ്റർ നീളം വരും.