ഈയുഗം ന്യൂസ്
September 18, 2025 Thursday 05:29:40pm
ഹുസ്സൈൻ അഹ്മദ്
ദോഹ: ഗൾഫ് മേഖലയെ ഞെട്ടിച്ചുകൊണ്ട് സൗദി അറേബ്യയും പാകിസ്താനും സുപ്രധാന സൈനിക കരാറിൽ ബുധനാഴ്ച ഒപ്പുവെച്ചു. മേഖലയിലെ ശാക്തിക സമവാക്യങ്ങളെ മാറ്റിമറിക്കുന്ന കരാർ വളരെ പ്രാധാന്യത്തോടെയും ആശ്ചര്യത്തോടെയുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഒരു രാജ്യത്തിന് മേലെയുള്ള ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നതാണ് കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. അതായത് ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇനി ഒരു യുദ്ധമുണ്ടായാൽ കരാർ പ്രകാരം സൗദി അറേബ്യ പാകിസ്താനെ പിന്തുണക്കുമോ എന്നതാണ് കാതലായ ചോദ്യം.
സൗദി അറേബ്യ ആക്രമിക്കപ്പെട്ടാൽ പാകിസ്ഥാന്റെ ആണവായുധങ്ങൾ സൗദി അറേബ്യക്ക് ലഭ്യമാകുമെന്നതാണ് കരാറിന്റെ രണ്ടാമത്തെ പ്രധാന സവിശേഷത. അതായത് സ്വന്തമായി ആണവായുധങ്ങൾ നിർമിച്ചില്ലെങ്കിലും സൗദി അനൗദ്യോഗികമായി ഒരു ആണവശക്തിയായി മാറി. ഇസ്രയേലിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിൽ ഇത് നിർണായകമാണ്.
കരാർ ഇന്ത്യക്ക് തിരിച്ചടിയാണെന്നും വിലയിരുത്തപ്പെടുന്നു.
"നമ്മുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ സൗദി അറേബ്യയെ നമുക്ക് നഷ്ടപ്പെട്ടു, ഒരുപക്ഷേ മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധവും. സൗദി ഒറ്റയ്ക്കായിരിക്കില്ല, മറ്റുള്ളവർ കൈകോർത്ത് നാറ്റോ പോലുള്ള ഒരു കൂട്ടായ്മ രൂപീകരിച്ചേക്കാം. ഇത് ഇന്ത്യയുടെ സുരക്ഷയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതരമായ ഭീഷണിയാണ്. മോദിയുടെ പിആർ വർക്കിനും ഫോട്ടോ സെഷനുകൾക്കും ഈ വലിയ നയതന്ത്ര പരാജയം മറച്ചുവെക്കാൻ കഴിയില്ല," പ്രമുഖ കോൺഗ്രസ് പ്രവർത്തകനായ തെജസ്വി പ്രകാശ് എക്‌സിൽ എഴുതി.
സമാനമായ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിക്ഷ്പക്ഷരായവരിൽ നിന്നും വരുന്നത്.
ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തിന് ശേഷമാണ് കരാർ ഒപ്പിട്ടത് എന്നതും ശ്രദ്ധേയമാണ്. അമേരിക്കയെ ഒരു സുരക്ഷാ പങ്കാളിയായി വിശ്വസിക്കാൻ കഴിയില്ലെന്ന് ആ ആക്രമണം തെളിയിച്ചു, അമേരിക്കയെ ആശ്രയിക്കുന്നതിനുപകരം തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കുകയാണെന് സൗദി ഇതോടെ വ്യക്തമാക്കുന്നു. മറ്റു ഗൾഫ് രാജ്യങ്ങൾക്കും ഇത് പ്രചോദനമാകും.
കരാറിനെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും ഈ കരാർ തങ്ങളുടെ സുരക്ഷക്കും ലോകത്തിന്റെ സുരക്ഷക്കും എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പഠിച്ചുവരികയാണെന്നും കരാറിനെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു.
അതേസമയം ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാണെന്നും കരാർ ഈ ബന്ധത്തെ ബാധിക്കില്ലെന്നും സൗദി അറേബ്യ വ്യക്തമാക്കി.
ഇന്ത്യയുമായി ശത്രുതയിലുള്ള പാകിസ്ഥാന് വലിയ നേട്ടമാണ് കരാർ. കരാറിന്റെ ഫലമായി ആറു ബില്യൺ ഡോളർ പാകിസ്ഥാന് സാമ്പത്തിക സഹായമായി ലഭിക്കുമെന്നും റിപോർട്ടുണ്ട്.
കരാറിൽ ഒപ്പിടാൻ റിയാദിലെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് രാജകീയ സ്വീകരണമാണ് സൗദി നൽകിയത്. ഷെരീഫിന്റെ വിമാനം സൗദി ആകാശത്തു പ്രവേശിച്ചപ്പോൾ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടുകൂടിയാണ് സൗദി അറേബ്യ വരവേറ്റത്. മാത്രമല്ല കരാർ ആഘോഷിക്കാൻ റിയാദിൽ രാത്രി വിപുലമായ കരിമരുന്നു പ്രയോഗവുമുണ്ടായിരുന്നു.
മറ്റ് ഗൾഫ് രാജ്യങ്ങളും സൗദി-പാകിസ്ഥാൻ സഖ്യത്തിൽ ചേരാൻ ശ്രമിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ചൈനയുമായി പാക്കിസ്ഥാൻ അടുത്ത ബന്ധം പുലർത്തുന്നതിനാൽ സൗദിയെ ചൈനയുമായി കൂടുതൽ അടുപ്പിക്കാനും കരാർ സഹായിക്കും. പാക്കിസ്ഥാന്റെ ഏകദേശം 80 ശതമാനം യുദ്ധോപകരണങ്ങളും ചൈനയിൽ നിർമിച്ചതാണ്.
സാമ്പത്തികമായി തകർന്നു കിടക്കുന്ന പാക്കിസ്ഥാന് ഇനി സൗദി പെട്രോഡോളറിന്റെ സഹായവും ലഭിക്കും.
പാശ്ചാത്യൻ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അറബ് ലോകവും വളരെ പ്രാധാന്യത്തോടെയാണ് വിഷയം ചർച്ച ചെയ്യുന്നത്.