ഈയുഗം ന്യൂസ്
September 16, 2025 Tuesday 12:17:57pm
ദോഹ: ദോഹയിലെ ഇസ്രായേലി ആക്രമണങ്ങളോട് പ്രതികരിക്കാൻ ഖത്തർ വിളിച്ചുചേർത്ത അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി ഇസ്രയേലിനെതിരെ ശക്തമായി പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടതായി വിലയിരുത്തൽ.
ഇന്നലെ സമാപിച്ച ഉച്ചകോടിയിൽ 57 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു.
ഏതൊരു രാജ്യത്തിന്റെയും സുരക്ഷയ്ക്കുമേലുള്ള കടന്നുകയറ്റത്തെ ശക്തമായി നിരസിക്കുന്നതായും അവരെ ലക്ഷ്യം വച്ചുള്ള ഏതൊരു ആക്രമണത്തെയും ശക്തമായി അപലപിക്കുന്നതായും അവരുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന എല്ലാത്തിനെയും നേരിടുന്നതിൽ ഞങ്ങളുടെ സമ്പൂർണ്ണവും ദൃഢവുമായ ഐക്യദാർഢ്യം ഉറപ്പിക്കുന്നതായും ഉച്ചകോടി പ്രമേയം പാസ്സാക്കി.
ഖത്തറിന് അഭൂതപൂർവമായ പിന്തുണയാണ് ഉച്ചകോടിയിൽ ലഭിച്ചത്. എന്നാൽ പതിവ് പ്രസ്താവനകളിൽ നിന്ന് വിഭിന്നമായി ഇസ്രയേലിനെതിരെ എന്തെങ്കിലും നടപടി പ്രഖ്യാപിക്കാൻ ഉച്ചകോടിക്ക് സാധിച്ചില്ല.
അറബ്-ഇസ്ലാമിക് ഉച്ചകോടിയും ജിസിസി നേതാക്കളുടെ യോഗവും ഗൾഫ്, അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യം പ്രതിഫലിപ്പിക്കുന്ന ചരിത്ര സംഭവമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് ബിൻ മുഹമ്മദ് അൽ-അൻസാരി പറഞ്ഞു.
അതേസമയം ദോഹയിൽ നടന്ന ഉച്ചകോടിയുടെ കരട് പ്രമേയത്തിനെതിരെ അറബിക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ വിമർശനമുയർന്നു.
പ്രമേയം സാഹചര്യത്തിന്റെ ഗൗരവവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തോടുള്ള വ്യാപകമായ രോഷത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും നിരവധി പേർ പറഞ്ഞു.
വിദേശത്തുള്ള ഹമാസ് നേതാക്കളെ ഇനിയും ടാർഗറ്റ് ചെയ്യുമെന്ന് ഇസ്രായേലി പ്രധാനമന്ത്രി നേതന്യാഹു വീണ്ടും പ്രസ്താവിച്ചു.
അതേസമയം ഹമാസ് നേതാക്കളെ ഖത്തറിൽ ആക്രമിക്കാനുള്ള പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ട്രംപിനെ വളരെ മുമ്പുതന്നെ അറിയിച്ചിരുന്നു എന്ന് ഇസ്രായേലി വൃത്തങ്ങൾ അറിയിച്ചു. മിസൈലുകൾ വിക്ഷേപിച്ചതിന് ശേഷമാണ് തങ്ങളെ അറിയിച്ചതെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടിരുന്നു. ആക്രമണം തടയുന്നതിന് ട്രംപ് ശ്രമിച്ചില്ല എന്ന് മാത്രമല്ല അതിനെ പിന്തുണക്കുകയും ചെയ്തു.
ഹമാസ് നേതാക്കൾ ദോഹയിൽ തുടരുന്നതിനാൽ, നെതന്യാഹു അവരെ ഇല്ലാതാക്കാൻ വീണ്ടും ശ്രമിക്കുമെന്ന് വ്യക്തമാണ്.
ലോകത്തിന്റെ ഏത് ഭാഗത്തും മൊബൈൽ ഫോൺ കൈവശം വച്ചിരിക്കുന്ന ആരെയും ലക്ഷ്യമിടാൻ സാധിക്കുമെന്ന് നെതന്യാഹു ഇന്നലെ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
"നിങ്ങളുടെ കൈവശം ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ, നിങ്ങളുടെ കൈവശം ഇസ്രായേലിന്റെ ഒരു കഷണം ഉണ്ട്," നെതന്യാഹു പറഞ്ഞു.
ഉച്ചകോടിയിൽ നിന്നും പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്: ഇസ്രായേലിന്റെ ആക്രമണം ഒരു വഴിത്തിരിവാണ്, അത് യുഎസ്-ഗൾഫ് ബന്ധങ്ങളെ എന്നെന്നേക്കുമായി മാറ്റിമറിക്കും. അമേരിക്കയെ വിശ്വസിക്കാൻ സാധിക്കില്ലെന്നും സ്വയം രക്ഷക്കായി മറ്റു മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളും മനസ്സിലാക്കി.