ഈയുഗം ന്യൂസ്
September 11, 2025 Thursday 11:51:14am
ദോഹ: ദോഹയിലെ ഇസ്രായേലി ആക്രമണങ്ങൾക്ക് ഗൾഫ്-അറബ് രാജ്യങ്ങൾ ഒന്നിച് മറുപടി നൽകുമെന്നും ഇത് ചർച്ച ചെയ്യാൻ വരും ദിവസങ്ങളിൽ ദോഹയിൽ ഒരു അറബ്-ഇസ്ലാമിക് ഉച്ചകോടി നടത്തുമെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പ്രസ്താവിച്ചു.
"മേഖലയിലെ രാജ്യങ്ങൾ ഒന്നിച്ചു പ്രതികരിക്കും. ഇത് നിലവിൽ മേഖലയിലെ മറ്റ് പങ്കാളികളുമായി കൂടിയാലോചനയിലും ചർച്ചയിലുമാണ്," സി എൻ എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു..
ദോഹയിലെ ഇസ്രായേലി ആക്രമണം ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന ഇസ്രായേലി ബന്ദികളുടെ മോചനത്തെക്കുറിച്ചുള്ള "ഏതെങ്കിലും പ്രതീക്ഷയെ ഇല്ലാതാക്കി" എന്നും അദ്ദേഹം പറഞ്ഞു..
"ഈ ആക്രമണത്തിൽ ഞങ്ങൾ എത്രമാത്രം രോഷം കൊള്ളുന്നുവെന്ന് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങളെ വഞ്ചിച്ചു," അദ്ദേഹം പറഞ്ഞു..
"ദോഹയിലെ മീറ്റിംഗുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇസ്രായേലികൾക്കും അമേരിക്കക്കാർക്കും നന്നായി അറിയാം. ഇത് ഞങ്ങൾ മറച്ചുവെക്കുന്ന ഒന്നല്ല... ഇതിനെ തീവ്രവാദത്തെ സംരക്ഷിക്കുന്നതായി മുദ്രകുത്തുന്നതിന് ഒരു ന്യായീകരണവുമില്ല.".
അതേസമയം, ദോഹയിൽ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ദുബായ് എയർഷോയിൽ ഇസ്രായേൽ പ്രതിരോധ സ്ഥാപനങ്ങൾ പങ്കെടുക്കുന്നത് യുഎഇ വിലക്കി. 'സുരക്ഷാ ആശങ്കകൾ' ചൂണ്ടിക്കാട്ടിയാണ് യുഎഇയുടെ തീരുമാനം.
ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ ദോഹ സന്ദർശിച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഉടൻ ദോഹ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
ഹമാസ് നേതാക്കളെ ലക്ഷ്യം വയ്ക്കുന്നത് ഇസ്രായേൽ തുടരുമെന്ന വിവിധ ഇസ്രായേലി വൃത്തങ്ങൾ നടത്തിയ പ്രസ്താവന ഭാവിയിൽ ഇസ്രായേലി ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നു..
ദോഹ ആക്രമണം ഗൾഫ്-യുഎസ് ബന്ധത്തിലെ ഒരു വഴിത്തിരിവ് കൂടിയാണ്. മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്ന് യുഎസ് ഇതോടെ തെളിയിച്ചു..
മറ്റൊരു ഇസ്രായേലി ആക്രമണം ഖത്തറിനെ മാത്രമല്ല, മുഴുവൻ ഗൾഫ് മേഖലയെയും ബാധിക്കും.
.