ഈയുഗം ന്യൂസ്
September  10, 2025   Wednesday   12:59:11pm

news



whatsapp

ദോഹ: ചൊവ്വാഴ്ച ഖത്തറിൽ നടന്ന ഇസ്രായേലി ആക്രമണത്തിൽ നിന്ന് മുതിർന്ന ഹമാസ് നേതാക്കൾ രക്ഷപ്പെട്ടത് തുർക്കി ഇന്റലിജൻസ് സംഘം ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുൻകൂട്ടി കൃത്യ സമയത്തു മുന്നറിയിപ്പ് നൽകിയിരുന്നതിനാലാണെന്ന് തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുദ്ധവിമാനങ്ങൾ ഇസ്രായേലിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതായുള്ള തുർക്കിഷ് മുന്നറിയിപ്പാണ് ഹമാസ് നേതാക്കളെ രക്ഷപ്പെടുത്തിയത്. തുർക്കിയിലെ നാഷണൽ ഇന്റലിജൻസ് ഓർഗനൈസേഷന്റെ ഒരു പ്രത്യേക യൂണിറ്റ് ദിവസം മുഴുവൻ ഇസ്രായേലി യുദ്ധവിമാനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

10 ഇസ്രായേലി യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നും ജോർദാൻ, സിറിയ, ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളിലൂടെ 1800 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് യുദ്ധവിമാനങ്ങൾ ഖത്തറിൽ എത്തിയതെന്നും ഇസ്രായേലിലെ ചാനൽ 14 റിപ്പോർട്ട് ചെയ്തു. ഈ അറബ് രാജ്യങ്ങളുടെ അനുമതിയോടെയാണ് ഇസ്രായേലി യുദ്ധവിമാനങ്ങൾ അവയ്ക്ക് മുകളിലൂടെ പറന്നത്. ഹമാസ് മീറ്റിംഗ് നടക്കുന്ന ബിൽഡിങ്ങിന് നേരെ പത്ത് മിസൈലുകൾ തൊടുത്തതായും ചാനൽ 14 പറഞ്ഞു..

അതേസമയം സ്വന്തമായി റഡാർ സംവിധാനമുള്ള ഖത്തറിലെ അമേരിക്കൻ ഓപ്പറേഷൻസ് സെന്റർ ഇസ്രായേൽ ആക്രമണസമയത്ത് 'നിശബ്ദമായിരുന്നുവെന്ന്' യുഎസ് ഉദ്യോഗസ്ഥർ മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു..

ഖത്തറിലെ അമേരിക്കൻ വ്യോമതാവളം ഇസ്രായേൽ ആക്രമണങ്ങളിൽ സജീവമായി പങ്കെടുത്തിരിക്കാൻ സാധ്യതയുണ്ട്..

ഇറാനിയൻ മിസൈലുകളെ വിജയകരമായി പ്രതിരോധിക്കാൻ ഖത്തറിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചെങ്കിലും ഖത്തർ റഡാറുകൾക്ക് കണ്ടെത്താൻ കഴിയാത്ത ആയുധങ്ങളാണ് ഇന്നലെ ഇസ്രായേൽ ഉപയോഗിച്ചതെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താൻ പറഞ്ഞു..

ഇന്നലെ ഇസ്രായേൽ ആക്രമണത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..

"അമീറിന്റെ നിർദ്ദേശങ്ങൾ വ്യക്തമാണ്: പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. അതനുസരിച്ച്, ഇത്തരം പ്രവൃത്തികൾ തടയുന്നതിനും ആവർത്തിക്കാതിരിക്കുന്നതിനും നയങ്ങളുടെയും നടപടിക്രമങ്ങളുടെയും സമഗ്രമായ അവലോകനം നാളെ മുതൽ ആരംഭിക്കും," ഖത്തർ പ്രധാനമന്ത്രി പറഞ്ഞു..

അമേരിക്കയുടെ ഇരട്ടത്താപ്പിനെക്കുറിച്ചും, ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്കൻ വ്യോമതാവളങ്ങൾ സ്ഥാപിക്കുന്നതിലൂടെ അവർ നൽകുന്ന സുരക്ഷാ ഉറപ്പുകളുടെ ഉപയോഗശൂന്യതയെക്കുറിച്ചും ഇസ്രായേലി ആക്രമണം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു..

ചൊവ്വാഴ്ചത്തെ ആക്രമണം നെതന്യാഹുവിന് തിരിച്ചടിയായെന്നും ഗൾഫ് രാജ്യങ്ങളെ ഇറാനിലേക്കും ചൈനയിലേക്കും തള്ളിവിടാൻ ഇത് കാരണമാകുമെന്നും ഖത്തറിലെ മുൻ യുഎസ് അംബാസഡർ പാട്രിക് തെറോസ് മാധ്യമങ്ങളോട് പറഞ്ഞു. "ചൈന ഇത് മുതലെടുക്കാൻ പോകുന്നു," തെറോസ് പറഞ്ഞു. "സൗദി അറേബ്യ ഇറാനുമായുള്ള ബന്ധം ത്വരിതപ്പെടുത്തും.".

തങ്ങൾ ഉദ്ദേശിച്ച ഹമാസ് നേതാക്കളെ കൊല്ലുന്നതിൽ ഇസ്രായേലി ഓപ്പറേഷൻ പരാജയപ്പെട്ടു. അതേസമയം, ഖത്തറിലെ ഹമാസ് നേതാക്കളെ ആക്രമിക്കാൻ കഴിയുമെന്ന് ഇസ്രായേൽ ഇപ്പോൾ തെളിയിച്ചു. ഇപ്പോൾ അവശേഷിക്കുന്ന ചോദ്യം ഇതാണ്: ഖത്തറിലെ ഹമാസ് നേതാക്കളെ ഇസ്രായേൽ വീണ്ടും ലക്ഷ്യമിടുമോ?

Comments


Page 1 of 0