ഈയുഗം ന്യൂസ്
September 01, 2025 Monday 05:36:54pm
ദോഹ: ഖത്തറിലെ പള്ളികളിലെ ഇമാമുമാർക്കും ബാങ്ക് വിളിക്കുന്ന മുഅദ്ദിൻസ്, അവരുടെ മക്കൾ എന്നിവർക്കായി ഇസ്ലാമിക കാര്യ മന്ത്രാലയം സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ ലുഖ്തൈഫിയ ടീം ജേതാക്കളായി.
ശനിയാഴ്ച വൈകുന്നേരം അബു ഹമൂറിലെ മന്ത്രാലയത്തിന്റെ സ്‌പോർട്‌സ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ അൽ നാസറിനെ പരാജയപ്പെടുത്തിയാണ് ലുഖ്തൈഫിയ ടീം കപ്പ് നേടിയത്.
ഇമാമുമാർക്കും ബാങ്ക് വിളിക്കുന്നവർക്കും മക്കൾക്കും വേണ്ടി നടത്തുന്ന ആദ്യത്തെ ടൂര്ണമെന്റാണിത്.
ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി ഗാനേം ബിൻ ഷഹീൻ ബിൻ ഗാനേം അൽ ഗാനീം ഫൈനൽ മത്സരം കാണാൻ എത്തി.
മൂന്ന് ആഴ്ച നീണ്ടുനിന്ന മത്സരത്തിൽ 20 ടീമുകൾ പങ്കെടുത്തു. ലുഖ്തൈഫിയ ടീമിലെ അബ്ദുള്ള അൽ ഹമ്മാമിയെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ബിലാൽ അബ്ദുൾറഹ്മാൻ മുഹമ്മദ് നേടിയപ്പോൾ, 16 ഗോളുകളുമായി അൽ-ഹിലാൽ ടീമിലെ അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുല്ല മുഹമ്മദ് ഹുസൈൻ ടോപ് സ്കോററായി.
മന്ത്രാലയത്തിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും, ഇമാമുമാരും, മുഅദ്ദിനുകളും, അവരുടെ കുടുംബങ്ങളും ഫൈനൽ മത്സരം കാണാനെത്തി.
ഇമാമുമാർ, മുഅദ്ദിനുകൾ, അവരുടെ കുടുംബങ്ങൾ എന്നിവർക്കിടയിലുള്ള സാമൂഹിക ബന്ധം ശക്തിപ്പെടുത്തുന്നതിനും കായികരംഗത്ത് സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ടൂർണമെന്റ് പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.