ഈയുഗം ന്യൂസ്
June 15, 2025 Sunday 02:33:30pm
ദോഹ: ഇറാൻ-ഇസ്രായേൽ യുദ്ധം കൂടുതൽ മൂർച്ഛിക്കുമ്പോൾ ആശങ്കയോടെ സ്ഥിതിഗതികൾ വിലയിരുത്തി ഗൾഫ് രാജ്യങ്ങൾ.
കൂടുതൽ ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇറാനും ഇസ്രയേലും പരസ്പരം വെല്ലുവിളിക്കുമ്പോൾ സംഘർഷം ഇരുരാജ്യങ്ങൾക്കുമപ്പുറം വ്യാപിക്കുന്നത് തടയുക എന്നതാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇറാനിൽ നിന്ന് ശക്തമായ തിരിച്ചടി നേരിടുന്ന ഇസ്രായേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും പുതിയ സംഭവവികാസം. ഇതുസംഭവിച്ചാൽ ഗൾഫ് മേഖല ഏറ്റവും ഭയപ്പെടുന്നത് സംഭവിക്കും. കാരണം, ഗൾഫ് മേഖലയിലെ എല്ലാ അമേരിക്കൻ സൈനികത്താവളങ്ങളും ആക്രമിക്കുമെന്ന ഇറാൻ ഭീഷണി നിലനിൽക്കുന്നു..
ഗൾഫ് രാഷ്ട്രത്തലവന്മാർ നിരന്തരം അമേരിക്കൻ ഭരണകൂടവുമായി സംഘർഷം ലഘൂകരിക്കുന്നതിനായി ബന്ധപ്പെടുന്നുണ്ട്. വെള്ളിയാഴ്‌ച പ്രസിഡന്റ് ട്രമ്പുമായി ഖത്തർ അമീർ ടെലിഫോണിൽ സംഭാഷണം നടത്തി. യുദ്ധത്തിൽ പങ്കുചേരരുതെന്ന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ തീവ്രമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്..
അതേസമയം യുദ്ധത്തിന്റെ തുടക്കത്തിൽ നിരവധി മണിക്കൂറുകൾ പതറിയ ഇറാൻ പിന്നീട് ശക്തമായി തിരിച്ചടിച്ചത് ഇസ്രയേലിനെ അത്ഭുതപ്പെടുത്തി. .
വ്യാഴാഴ്ച രാത്രി ഇറാൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയും സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രായേൽ മിസൈലുകൾ വർഷിച്ചപ്പോൾ രണ്ട് കാരണങ്ങൾ കൊണ്ടായിരുന്നു ഇറാൻ പതറിയത്. ഒന്ന്, ആക്രമണങ്ങൾക്കു മുമ്പ് സൈബർ അക്രമണത്തിലൂടെയും മറ്റും ഇറാൻ വ്യോമപ്രതിരോധത്തെ ഇസ്രേയൽ പൂർണമായും നിശ്ചലമാക്കി. മണിക്കൂറുകളോളം ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഇറാൻ ആകാശത്തു പറന്നുനടന്നു. രണ്ട്, അമേരിക്കയുമായി ആണവവിഷയത്തിൽ സജീവമായി ചർച്ച നടക്കുകയായിരുന്നതിനാൽ ഒരു ആക്രമണം ഇറാൻ പ്രതീക്ഷിച്ചിരുന്നില്ല. ചർച്ചകൾ ഒരു മറയാക്കി ഇസ്രയേലും അമേരിക്കയും യഥാർത്ഥത്തിൽ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നെന്ന് ചില വിദഗ്ദർ അഭിപ്രായപ്പെട്ടു..
തുടക്കത്തിൽ തന്നെ ചില ഉന്നത ഇറാൻ സൈനിക തലവന്മാരെ വധിക്കാനായതും നിരവധി മണിക്കൂറുകൾ ഇറാൻ നിസ്സഹായവസ്ഥയിലായതും ഇസ്രായേലിനും അമേരിക്കക്കും വലിയ ആത്മവിശ്വാസമാണ് നൽകിയത്. പിന്നീട് വ്യോമപ്രതിരോധം ഇറാൻ വീണ്ടെടുത്തു. വെള്ളിയാഴ്ച രാത്രി നാല് ഘട്ടങ്ങളിലായി നൂറ് കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടു. ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അടക്കം നിരവധി കേന്ദ്രങ്ങൾ തകർന്നു. വിഖ്യാതമായ അയേൺ ഡോം അടക്കമുള്ള ഇസ്രായേൽ വ്യോമ പ്രതിരോധത്തെ ഇറാൻ മിസൈലുകൾ മറികടന്നത് ലോകത്തെ ഞെട്ടിച്ചു. ടെൽ അവീവിൽ തകർന്നു വീണ കെട്ടിടങ്ങൾ ലോകം മുഴുവൻ വൈറലായി..
ശനിയാഴ്ച രാത്രി ഇറാൻ നടത്തിയ രണ്ടാമത്തെ ആക്രമണത്തിൽ ഇസ്രായേലിലെ ഹൈഫ തുറമുഖത്തിലെ ഓയിൽ റിഫൈനറി തകർന്നു. ഹൈപ്പർസോണിക് മിസൈലുകളാണ് ഇന്നലെ ഇറാൻ ഉപയോഗിച്ചത്. അദാനിക്ക് ഓഹരിയുള്ള ഹൈഫ തുറമുഖത്തിൽ നാല് ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലെ സുപ്രധാന സയൻസ് റിസർച്ച് സ്ഥാപനമായ വെയ്‌സ്മാൻ ഇന്സ്ടിട്യൂട്ടും ഇറാൻ തകർത്തു. ഇറാൻ ആക്രമണത്തിൽ പത്തു ഇസ്രയേലികൾ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മരണസംഖ്യ വളരെക്കൂടുതൽ ആകാനാണ് സാധ്യത..
അതേസമയം ഇസ്രായേൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഇറാനിലും സംഭവിക്കുന്നത്. ഇറാന്റെ ഗ്യാസ്, എണ്ണ മേഖലകളിൽ ഇസ്രായേൽ ആക്രമണം നടത്തി..
ഒരുകാലത്ത് ഇറാനെ എതിർത്തിരുന്ന ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ഇറാനുമായി കൂടുതൽ അടുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇറാനെതിരായ ആക്രമണങ്ങളെ എല്ലാ ഗൾഫ് രാജ്യങ്ങളും അപലപിച്ചു..
അറബ് ന്യൂസ് റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച ആദ്യ രാജ്യം സൗദി അറേബ്യയാണ്.
ഗൾഫ് നിലപാടിലെ മാറ്റം ഇസ്രായേലിനെ അത്ഭുതപ്പെടുത്തിയെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..
ലൈവ് ആയി നൂറുക്കണക്കിന് ഇറാൻ മിസൈലുകൾ ഇസ്രായേലിൽ പതിക്കുന്ന കാഴ്ചകൾ അറബ് ലോകവും ആഘോഷമാക്കുകയാണ്
ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധവും ഗൾഫ് രാജ്യങ്ങളും ഡൊണാൾഡ് ട്രംപും തമ്മിലുള്ള നല്ല ബന്ധവും യുദ്ധം ഗൾഫ് മേഖലയിലേക്ക് വ്യാപിക്കാതിരിക്കാൻ സഹായിക്കും..
അമേരിക്ക ഇസ്രായേലിന് വേണ്ടി സജീവമായി കളത്തിൽ ഇറങ്ങാതിരിക്കുന്നിടത്തോളം കാലം യുദ്ധം ഗൾഫ് മേഖലയെ കാര്യമായി ബാധിക്കില്ല..
ഇസ്രായേലിന് നേരെ ഇന്നും ഇറാൻ ആക്രമണം നടത്താൻ സാധ്യതയുണ്ട്.