// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  31, 2020   Friday   10:22:03am

news



whatsapp

ദോഹ: ഓഗസ്റ്റ്‌ ഒന്ന് മുതല്‍ ഖത്തറിലേക്കുള്ള വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാനിരിക്കെ ഹോം ക്വാരന്‍ടൈനില്‍ പോകുന്നവര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കോവിഡ് വ്യാപനം കുറവുള്ള രാജ്യങ്ങളില്‍ നിന്നും ഖത്തറില്‍ എത്തുന്നവര്‍ക്ക് ഒരാഴ്ച ഹോം ക്വാരന്‍ടൈന്‍ നിര്‍ബന്ധമാണ്‌.

കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ പുറത്തിറക്കിയത്. ഹോം ക്വാരന്‍ടൈനില്‍ പോകുന്നവര്‍ വീട്ടില്‍ ബാത്ത് റൂം ഉള്ള റൂമില്‍ താമസിക്കണമെന്നും വീട്ടിലെ മറ്റു അംഗങ്ങളുമായി യാതൊരു ബന്ധവും പാടില്ലെന്നും പുറത്തുനിന്നും സന്ദര്‍ശകരെ അനുവദിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

ക്വാരന്‍ടൈനില്‍ ഉള്ളവര്‍ വീട്ടിലുള്ള മറ്റുള്ളവരുമായി സംസാരിക്കാന്‍ ഫോണ്‍ ഉപയോഗിക്കണം. റൂമില്‍ പ്രത്യേകം ട്രാഷ് ബിന്‍ സൂക്ഷിക്കുകയും പുറത്തുകളയുമ്പോള്‍ പ്ലാസ്റ്റിക്‌ കവര്‍ നന്നായി സീല്‍ ചെയ്യുകയും വേണം.

"ക്വാരന്‍ടൈനില്‍ ഉള്ളവരെ സഹായിക്കാന്‍ വീട്ടില്‍ ഒരാളെ ചുമതലപ്പെടുത്തണം. അവര്‍ റൂമില്‍ പ്രവേശിക്കുമ്പോള്‍ ഫേസ് മാസ്ക്കും കയ്യുറയും ധരിക്കണം. ഒന്നര മീറ്റര്‍ അകലം പാലിക്കണം. റൂമില്‍ നിന്നും പുറത്തിറങ്ങിയാല്‍ കൈകള്‍ കഴുകണം," എച്ച്.എം.സി യിലെ ഡോ: മുന അല്‍ മസ്ലമാനി പറഞ്ഞതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ക്വാരന്‍ടൈനില്‍ ഉള്ളവര്‍ അടുക്കളയില്‍ പ്രവേശിക്കാനോ ഭക്ഷണം പാചകം ചെയ്യാനോ മറ്റുള്ളവരുടെ കൂടെ ഭക്ഷണം കഴിക്കാനോ പാടില്ല. മറ്റുള്ളവര്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ഉപയോഗിക്കാന്‍ പാടില്ല. രോഗപ്രതിരോധ ശക്തി നല്‍കുന്ന ഭക്ഷണം കഴിക്കണം. ഒരു ദിവസം 8 മുതല്‍ 12 വരെ ഗ്ലാസ്‌ വെള്ളം കുടിക്കണം. ഉറക്കവും വിശ്രമവും ആവശ്യമാണ്‌.

യാതൊരു കാരണവശാലും കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. കുട്ടികള്‍ക്ക് വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം. വീട്ടിലുള്ള എല്ലാവരും ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകണം.

ഡോര്‍ ഹാന്‍ഡില്‍, സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍, മൊബൈല്‍ ഫോണ്‍, ടി.വി. റിമോട്ട് കണ്ട്രോള്‍ എന്നിവ അണുവിമുക്തമാക്കണം.

Comments


Page 1 of 0