// // // */ E-yugam


ഈയുഗം ന്യൂസ്
May  11, 2024   Saturday   11:54:59am

news



whatsapp

ദോഹ: യുഎഇയിലെ അമേരിക്കൻ എയർബേസിൽ നിന്ന് തങ്ങളുടെ ചില യുദ്ധവിമാനങ്ങളും സായുധ ഡ്രോണുകളും മറ്റ് വിമാനങ്ങളും ഖത്തറിലേക്ക് മാറ്റാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്.

മേഖലയിൽ മാറിവരുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഈ തീരുമാനമെടുക്കാൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നതെന്ന് അമേരിക്കയിലെ പ്രമുഖ പത്രമായ വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ഇറാഖിനെതിരെയും യെമനിലെ ഹൂതികൾക്കെതിരെയും ആക്രമണം നടത്താൻ യുഎഇയിലെ അമേരിക്കൻ എയർബേസ് ഉപയോഗിക്കുന്നതിന് യുഎഇ അനുമതി നിഷേധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലുള്ള പ്രധാന കാരണമെന്നും വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

2023 നവംബർ മുതൽ, ഇറാൻ്റെ പിന്തുണയുള്ള ഹൂത്തികൾ ചെങ്കടലിലും ഏദൻ ഉൾക്കടലിലും വാണിജ്യ, സൈനിക കപ്പലുകൾക്കെതിരെ നിരവധി മിസൈലുകളും ഡ്രോൺ ആക്രമണങ്ങളും നടത്തിവരികയാണ്. ഗാസ മുനമ്പിൽ ഇസ്രയേലും ഫലസ്തീൻ ഗ്രൂപ്പായ ഹമാസും തമ്മിലുള്ള സംഘർഷത്തിന് മറുപടിയായാണ് ഈ ആക്രമണം. ഇതുമൂലമുണ്ടായ സാമ്പത്തിക നഷ്ടം വളരെ വലുതാണ്.

ഹൂത്തികളുടെ ആക്രമണത്തെ ചെറുക്കാൻ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനം.

2024 ജനുവരി മുതൽ, യുഎസ് എയർഫോഴ്‌സും ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സും യെമനിലെ ഹൂതി സൈനിക ലക്ഷ്യങ്ങളിൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തി. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, 2024 ഫെബ്രുവരിയിൽ, തങ്ങളുടെ മുൻകൂർ അനുമതിയില്ലാതെ യെമനിലെയും ഇറാഖിലെയും ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം നടത്താൻ യുഎസ് യുദ്ധവിമാനങ്ങൾക്കും ഡ്രോണുകൾക്കും ഇനി അനുമതി നൽകേണ്ടതില്ലെന്ന തീരുമാനം യു.എ.ഇ യുഎസ് അധികാരികളെ അറിയിച്ചു.

യു.എ.ഇയെ ഉപയോഗിച്ചാൽ ഹൂതികളും ഇറാൻ പിന്തുണയുള്ള ശക്തികളും തിരിച്ചടിക്കുമെന്ന ഭയമാണ് യുഎഇയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഹൂതികൾ തങ്ങൾക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയപ്പോൾ പ്രതിരോധിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്നും യു.എ.ഇ പറയുന്നു.

ഈ മാറ്റത്തോട് പ്രതികരിച്ച്, യുഎസ് കമാൻഡർമാർ ഖത്തറിലെ അൽ-ഉദൈദ് എയർ ബേസിലേക്ക് വിമാനങ്ങൾ മാറ്റാൻ തുടങ്ങിയിട്ടുണ്ട്, റിപ്പോർട്ട് പറഞ്ഞു.

ഗൾഫിലെ വിദൂര സ്ഥലങ്ങളിൽ ആക്രമണം നടത്താൻ കഴിയുന്ന നൂതന സൈനിക ഉപകരണങ്ങളും ഡ്രോണുകളും ഹൂത്തികൾക്ക് ഇപ്പോഴുണ്ട്.

Comments


Page 1 of 0