// // // */
ഈയുഗം ന്യൂസ്
July 22, 2024 Monday 06:22:12pm
ദോഹ: 2025-2026 അധ്യയന വർഷം മുതൽ പുതിയ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ നിർത്തിവയ്ക്കുകയോ സ്കൂൾ ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യണമെന്ന് അറിയിച്ച് ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ 40 ഓളം സ്വകാര്യ സ്‌കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കും നോട്ടീസ് അയച്ചു.
റെസിഡൻഷ്യൽ വില്ലകളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കുമാണ് നോട്ടീസ് അയച്ചതെന്ന് അൽ ഷർഖ് പത്രം റിപ്പോർട്ട് ചെയ്തു.
2029-2030 അധ്യയന വർഷത്തിൻ്റെ അവസാനത്തോടെ ഈ സ്‌കൂളുകളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
റസിഡൻഷ്യൽ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഖത്തർ ചേംബർ വിദ്യാഭ്യാസ സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഈ സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം സ്വകാര്യ ബിസിനസ് നിക്ഷേപകരിലും കുടുംബങ്ങളിലും വിദ്യാർഥികളിലും ആശങ്ക ഉയർത്തുന്നതായി ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാനും ചേംബറിൻ്റെ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ അൽ കുവാരി പറഞ്ഞു. ഈ സ്കൂളുകളിലെ നിക്ഷേപത്തിൻ്റെ അളവ് ദശലക്ഷക്കണക്കിന് റിയാൽ കവിയുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സ്കൂളുകൾ ഇടത്തരം, താഴ്ന്ന സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ള 40,000 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്നു. ആയിരക്കണക്കിന് തൊഴിലാളികൾ ഈ സ്കൂളുകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഖത്തർ ചേംബർ പറഞ്ഞു.
ഖത്തർ നാഷണൽ വിഷൻ 2030 കൈവരിക്കുന്നതിനും വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് റസിഡൻഷ്യൽ വില്ലകളിൽ നിന്ന് പ്രവർത്തിക്കുന്ന സ്‌കൂളുകളും കിൻ്റർഗാർട്ടനുകളും അടച്ചുപൂട്ടാനുള്ള തീരുമാനം.