// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
December  02, 2018   Sunday   01:36:08pm

news



whatsapp

ദോഹ: പുനർനിർമാണത്തിനും വികസനത്തിനുമായി അടച്ചിട്ട അൽ ഖോർ തീര ദേശ ഹൈവേയുടെ (കോസ്റ്റൽ റോഡ്) 80% പണിയും അടുത്ത വർഷം മാര്‍ച്ചില്‍ പൂർത്തിയാകുമെന്നും ഈ ഭാഗങ്ങൾ ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നും പബ്ലിക് വർക്ക് അതോറിറ്റി(അഷ്‌ഗാല്‍) ഹൈവെ റോഡ് ഡിവിഷൻ മേധാവി എൻജിനീയർ യൂസുഫ് അൽ ഇമാദിഅറിയിച്ചു.

2019 അവസാനത്തോടെ കോസ്റ്റൽ ഹൈവേയുടെയും അനുബന്ധ സൗകര്യങ്ങളുടെയും മുഴുവൻ നിർമാണ പ്രവർത്തികളും പൂർത്തിയാകുമെന്നും ഇപ്പോൾ മൊത്തം പദ്ധതിയുടെ 60 % പൂർത്തിയായി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

2016 ലാണ് അൽ ഖോർ തീരദേശ റോഡ് അതിവേഗ പാതയാക്കാനും അൽ ഖോർ ടൗണിൽ നിന്നും ഖത്തർ യൂണിവേസിറ്റി വരെയുള്ള 33 കിലോമീറ്റർ ദൂരം വികസിപ്പിക്കാനും തീരുമാനിച്ചത്. മണിക്കൂറിൽ ഒരു ദിശയിലേക്ക് രണ്ട് ട്രാക്കിലൂടെ 4,000 വാഹനങ്ങൾ മാത്രം സഞ്ചരിക്കാൻ സാധിച്ചിരുന്ന റോഡിലൂടെ 5 ട്രാക്കുകളിലൂടെ ഒരു മണിക്കൂറിൽ 10,000 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. അഞ്ച് ട്രാക്കിന് പുറമെ ഇരു ഭാഗത്തും പോലീസ്, ആംബുലൻസ്, ഫയർ ഫോഴ്സ് എന്നിവക്ക് മാത്രം സഞ്ചരിക്കാനുള്ള ''എമർജൻസി ട്രാക്കും'' നിർമിക്കുന്നുണ്ട്. ഈ റോഡ് തുറക്കുന്നതോടെ ഷമാൽ റോഡിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പൂർണമായും പരിഹരിക്കപ്പെടും.

ഓർബിറ്റ് ഹൈവേയുടെ നിർമാണവും ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമായിട്ടുണ്ട്. 15 പാർപ്പിട മേഖലകളിലേക്കുള്ള ഗതാഗതമാണ് ഈ റോഡുകളുടെ പണികൾ പൂർത്തിയാകുന്നതോടെ സുഖകരമായി മാറാൻ പോകുന്നത്. മാത്രമല്ല പ്രധാന ലോക കപ്പ്‌ സ്റ്റേഡിയങ്ങളായ അൽ ബൈത്, ലുസൈൽ സ്റ്റേഡിയം എന്നിവിടങ്ങളിലേക്കുള്ള യാത്ര ഈ റോഡു വഴി സുഗമമാകും. "കൂടാതെ 34 കിലോമീറ്റർ സൈക്കിൾ പാത, 33 കിലോമീറ്റർ നടപ്പാത, സൈക്കിൾ സവാരിക്കാർ, കാൽനട യാത്രക്കാര്‍ എന്നിവർക്ക് സുഖകരമായി റോഡ് മുറിച്ചു കടക്കാനായി 42 അണ്ടർ പാസുകൾ എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി പൂർത്തിയായി വരുന്നു'' അൽ ഇമാദി പറഞ്ഞു.