// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 18, 2018 Wednesday 12:45:01pm
അറബ് ലീഗ് ഉച്ചകോടിക്ക് ശേഷം നടത്തിയ 'ലളിത സദ്യ'.
ദോഹ: സൗദി അറേബ്യയിലെ ദഹ്റാനിൽ നടന്ന അറബ് ലീഗ് ഉച്ചകോടിക്ക് ശേഷം സൗദി രാജാവ് അറബ് രാഷ്ട്ര നേതാക്കൾക്കും കൂടെയുള്ളവർക്കുമായി ഒരുക്കിയ ലളിത സദ്യക്ക് പുറകിൽ മേഖലയിൽ പുതിയ രഹസ്യ സഖ്യ രൂപീകരണമാണ് എന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ലളിതമായ വേഷം ധരിച്ച് അറബ് നേതാക്കൾ ലളിതമായ ഭക്ഷണം കഴിക്കുന്ന ഫോട്ടോ ഏതാനും ദിവസങ്ങൾക്കു മുമ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഖത്തറിനെ ഒഴിവാക്കി ജി.സി.സി, അറബ് ലീഗ് വേദികളെ അപ്രസക്തമാക്കുകയും ഒരു പുതിയ രഹസ്യ അറബ് കൂട്ടായ്മക്ക് രൂപം നല്‍കുകയുമാണ് സൗദി യു.എ. ഇ നേതൃത്വം ലക്‌ഷ്യം വെക്കുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ മെയ് മാസത്തിൽ റിയാദിൽ നടന്ന അറബ് അമേരിക്കൻ ഉച്ചകോടിക്ക് ശേഷവും ഖത്തറിനെ ഒഴിവാക്കി ഇതുപോലൊരു ''സദ്യ'' നടന്നിട്ടുണ്ട് എന്നും അതിലാണ് പെട്ടെന്ന് ഉപരോധ പ്രഖ്യാപനം ഉണ്ടായത് എന്നുമാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ‘’വളരെ സന്തോഷത്തോടു കൂടിയാണ് ഞങ്ങൾ അറബ് അമേരിക്കൻ ഉച്ചകോടിയിൽ റിയാദിൽ ഒരുമിച്ചിരുന്നത് എന്നും അസാധാരണമായി ഒന്നും അവിടെ അനുഭവപ്പെട്ടിരുന്നില്ല എന്നും എന്നാൽ ഉച്ചകോടി കഴിഞ്ഞു നടത്തിയ ഉപരോധ പ്രഖ്യാപനം ചതിയായിരുന്നു എന്നും’’ ഖത്തർ വിദേശകാര്യ മന്ത്രി റിയാദ് ഉച്ചകൊടിയെ കുറിച്ച് പ്രസ്‌താവിച്ചിരുന്നു എന്നതും ഇതോട് കൂട്ടി ചേർത്തു വായിക്കാം.
2015 ൽ നടന്ന അറബ് ലീഗ് ഉച്ചകോടിക്ക് ശേഷവും യൂ. എ. ഇ യുടെ നേതൃത്വത്തിൽ മേഖലയിൽ ഇത്തരം ഒരു രഹസ്യ സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടന്നതായും അല്‍ ശർഖ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനെയും തുർക്കിയെയും നേരിടുക എന്നതായിരുന്ന 2015 ൽ രൂപീകരിക്കാൻ ശ്രമിച്ച ആ സഖ്യ ലക്ഷ്യം. യു.എ.ഈ, സൗദി, ഈജിപ്ത്, ജോർദ്ദാൻ, ബഹ്‌റൈൻ എന്നിവരാണ് ആ രഹസ്യ സമ്മേളനത്തിൽ പങ്കെടുത്തിരുന്നത്. ഇതേ സഖ്യം തന്നെയാണ് ഇപ്പോൾ നടന്ന ഉച്ചകോടിക്ക് ശേഷവും ഒരുമിച്ചിരുന്നത് എന്നതും സംശയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
ഇപ്പോൾ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ പ്രമുഖരായ 6 അറബ് രാഷ്ട്ര നായകരുടെ അസാന്നിധ്യവും നല്ല സൂചനകൾ അല്ല നൽകുന്നത്. മൗലിക വിഷയങ്ങളെ മുഴുവൻ അവഗണിച്ചു ദുർബലമായ ഒരു പ്രമേയത്തിൽ ഉച്ചകോടി അവസാനിച്ചതും 70 വര്‍ഷം പഴക്കമുള്ള അറബ് കൂട്ടായ്മയുടെ ശക്തിചോർച്ചയുടെ സൂചനയായി നിരീക്ഷകർ വിലയിരുത്തുന്നു. ഇപ്പോൾ നടന്ന ഉച്ചകോടി ''തഹാലുഫ് സിരി'' ( രഹസ്യ സഖ്യം) എന്ന അജണ്ടയുടെ ഭാഗമാണ് എന്ന് കരുതേണ്ടിയിരിക്കുന്നു, അൽ ശർഖ് പറഞ്ഞു.
മേഖലയിലെ ഗൗരവമുള്ള പ്രശ്നങ്ങൾ ചർച്ചയുടെ അജണ്ടയിൽ ഉണ്ടായില്ലെന്ന് മാത്രമല്ല, അജണ്ടയിൽ വന്ന വിഷയങ്ങൾ പോലും കൃത്യമായി ചർച്ച ചെയ്യാനോ ഒരു നിലപാട് പ്രഖ്യാപിക്കാനോ കഴിയാതെയാണ് ഉച്ചകോടി ഞായറാഴ്ച സമാപിച്ചത്. ഫലസ്തീൻ വിഷയത്തിൽ അറബ് രാജ്യങ്ങളുടെ നിലപാട് ഇസ്രായേൽ അനുകൂലമാക്കി മാറ്റാൻ അമേരിക്കയുടെയും ചില അറബ് രാജ്യങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ''സഫഖതുൽ ഖർന് ''(നൂറ്റാണ്ടിന്റെ ഇടപാട് ) എന്ന പേരിൽ ഇതിനകം അറബ് മാധ്യമങ്ങളിൽ ചർച്ചയായ ശ്രമത്തിന് പിന്തുണ തേടലായിരുന്നു ഉച്ചകോടിയുടെ ഉദ്ദേശം എന്ന് അൽ ശർഖ് അഭിപ്രായപ്പെട്ടു.
ഇസ്രായേൽ രാഷ്ട്രം സുരക്ഷിതമാകുക, ഫലസ്തീൻ രാഷ്ട്രവാദം തുടച്ചു നീക്കുക എന്നതാണ് ''സഫാഖതുൽ ഖർന് ''(നൂറ്റാണ്ടിന്റെ ഇടപാട് ) പദ്ധതിയിലൂടെ അമേരിക്ക ലക്‌ഷ്യം വെക്കുന്നത്. 70 വർഷമായി സൗദി അറേബ്യ തുടർന്നിരുന്ന ഇസ്രായേൽ വിരുദ്ധ സമീപനത്തിൽ നിന്നുള്ള പെട്ടെന്നുള്ള മാറ്റവും എയർ ഇന്ത്യക്ക് ടെൽ അവീവിലേക് പറക്കാൻ സൗദി വ്യോമ പാത തുറന്നു കൊടുത്തതും ഇസ്രായേൽ വിമാന കമ്പനികൾക്കു സൗദി വ്യോമ പാത തുറന്ന് കൊടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചതും, ഫലസ്റ്റീൻ സമരത്തെ ഏറ്റവും കൂടുതൽ പിന്തുണച്ച ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തി ഗസ്സക്ക് നൽകുന്ന സാമ്പത്തിക സഹായത്തെ തീവ്രവാദത്തിനുള്ള ഫണ്ടിങ്ങായി ആരോപണം ഉന്നയിച്ചതും സൗദിയുടെ നിലപാട് മാറ്റത്തിന്റെ തെളിവായിട്ടാണ് മിഡിൽ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.