// // // */
സ്റ്റാഫ് ലേഖകന്‍
April 02, 2018 Monday
ഗോണ്ടി ലിപിയിലുള്ള പുസ്തകം വായിക്കുന്ന ഒരു ഗോത്രവര്‍ഗ തലവന്‍.
വിവിധ സംസ്ഥാനങ്ങളിലായി രണ്ട് മില്യൺ ആളുകൾ സംസാരിക്കുന്ന, ആറ് വ്യത്യസ്ത വകഭേദങ്ങളും സമ്പന്നമായ നാടൻ പാരമ്പര്യവുമുള്ള, പക്ഷേ 100 പേര്‍ക്ക് മാത്രം എഴുതാൻ അറിയുന്ന ഇന്ത്യൻ ഭാഷ ഏതാണ്? മദ്ധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര, ഛത്തീസ്‌ഗർ, ആന്ധ്രാ പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ ഗോണ്ട് ജനങ്ങളുടെ ഗോണ്ടി ഭാഷ എന്നാണ് ഉത്തരം.
ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറഞ്ഞിരിക്കുന്ന പല ഔദ്യോഗിക ഭാഷകളെയും അപേക്ഷിച്ച് ഗോണ്ടി സംസാരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നിട്ടും യുനെസ്കോ തയ്യാറാക്കിയ ലോക ഭാഷകളുടെ പട്ടികയിൽ ഗോണ്ടിയെ 'ദുർബല' വിഭാഗത്തിലാണ് ചേര്‍ത്തിരിക്കുന്നത്. ഇത് ഇപ്പോൾ ഒരു കൂട്ടം ആളുകളെ രാജ്യത്തെ ആദ്യ ഗോണ്ടി നിഘണ്ടു തയ്യാറാക്കാൻ പ്രേരിപ്പിച്ചിരിക്കയാണ്.
മധ്യ ഗോണ്ട് വനമേഖലയിലെ ജനങ്ങള്‍ക്ക് പ്രാദേശിക വാർത്തകൾ ഒരു ഫോൺ വിളി വഴി റിപ്പോർട്ടു ചെയ്യാൻ സൗകര്യമൊരുക്കുന്ന ശബ്ദാധിഷ്ഠിത പോർട്ടലായ സിജി.നെറ്റ്-സ്വരയുടെ സ്ഥാപകനായ ശുഭ്രാൻഷു ചൗധരിയുടെ നേതൃത്വത്തിലുള്ളതാണ് ഈ പദ്ധതി. "ഗോണ്ട് ജനങ്ങളുടേയും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ താമസിക്കുന്നവരുടെയും ഇടയിൽ ആശയവിനിമയത്തിൽ വലിയൊരു വിടവുണ്ട്," ചൗധരി പറയുന്നു.
മാവോയിസ്റ്റ് സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ ആദിവാസി ജനസംഖ്യയിൽ ഭൂരിഭാഗവും സംസാരിക്കുന്ന ഭാഷയായ ഗോണ്ടിയെ ശക്തിപ്പെടുത്തുന്നത് അവിടങ്ങളിലെ സമുദായങ്ങൾക്ക് പ്രയോജനപ്പെടുന്നതിന് പുറമെ അവര്‍ക്ക് സര്‍ക്കാരുമായുള്ള ആശയവിനിമയത്തെ സുഗമമാക്കാൻ സഹായിക്കുകയും ചെയ്യും എന്നാണ് അദ്ദേഹത്തിന്‍റെ കണക്കു കൂട്ടൽ.
“ഗോത്ര വർഗക്കാർ മുൻകൈയെടുത്ത് അവര്‍ക്ക് വേണ്ടിതന്നെ ഗോണ്ടി ഭാഷയിലുള്ള ആദിവാസി സ്വരയെന്ന വാർത്താസംരംഭം ആരംഭിക്കാൻ അഞ്ച് വർഷം മുൻപ് ശ്രമം നടത്തിയപ്പോൾ ഞങ്ങള്‍ സഹായിച്ചു," ചൗധരി പറയുന്നു. ഗോണ്ടി ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന പത്രപ്രവർത്തകരുടെ കുറവായിരുന്നു ഇത്തരമൊരു സംരംഭം തുടങ്ങാനുള്ള പ്രധാന പ്രേരണ. മേഖലയിലെ മാവോയിസ്റ്റുകളിൽ 99% പേരും ഗോണ്ടി ഭാഷ സംസാരിക്കുന്നവരാണ്; അതിലാകട്ടെ 99% പേരും സ്കൂൾ വിദ്യാഭാസം മുഴുവനാക്കാതെ വിട്ടുവന്ന് മറ്റു ഭാഷകളൊന്നും അറിയാത്തവരാണ്. അവരുടെ ദുരിതങ്ങളുടെ പ്രധാന കാരണം സമുദായത്തിന് പുറത്തുള്ളവരുമായുള്ള ആശയവിനിമയത്തിന്റെ ബുദ്ധിമുട്ടാണ്, ചൗധരിയുടെ പറഞ്ഞു.
ഗിരിവർഗ്ഗ കാഴ്ചപ്പാടിൽ നിന്നുള്ള വാര്‍ത്തകളുടെ കുറവ് കണ്ട ചൗധരി അതിന്‍റെ കാരണത്തെ പറ്റി അന്വേഷണം തുടങ്ങി. “അധികം വൈകാതെ ഗോണ്ടി ഒരു ഭാഷയുടെ രൂപത്തിലുള്ള ഒന്നല്ലെന്ന് ഞങ്ങൾ മനസ്സിലാക്കി,” അദ്ദേഹം പറയുന്നു. ഇത് ഓരോ പ്രദേശത്തും വ്യത്യസ്തമായാണ് സംസാരിക്കുന്നത്.”
"ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാദേശിക രൂപങ്ങളുണ്ട്. ഉദാഹരണത്തിന് ഹിന്ദിക്ക് ധാരാളം രൂപഭേദങ്ങളുണ്ട്. എന്നാൽ നമ്മൾ വായിക്കുന്നതും എഴുതുന്നതും ഖാരി ബോളി എന്ന രൂപമാണ്. ഓരോ ഭാഷയിലും ഒരു സ്റ്റാൻഡേർഡ് തയ്യാറാക്കാൻ അധികാരികള്‍ ശ്രമിക്കാറുണ്ട്, "ചൗധരി ചൂണ്ടികാട്ടുന്നു. “എട്ടാം പട്ടികയിലുള്ള ഭാഷകൾക്ക് മാത്രമല്ല ഇങ്ങിനെ സഹായം ലഭിക്കുന്നത്; ഹിന്ദിക്കൊപ്പം ഛത്തീസ്‌ഗറിലെ ‘രാജ്ഭാഷയായി” അംഗീകരിച്ച ഛത്തീസ്ഗര്‍ഹി പോലുള്ള ഭാഷകള്‍ക്കും ഈ പരിഗണന കിട്ടുന്നുണ്ട്.
വിദ്യാഭ്യാസത്തിനും ഭരണനിർവ്വഹണത്തിനും പത്രപ്രവര്‍ത്തനത്തിനും ഒരു സ്റ്റാൻഡേർഡ് ഭാഷ വേണമെന്ന അഭിപ്രായക്കാരനാണ് ചൗധരി. ഗോണ്ട് ഗോത്രവർഗ്ഗങ്ങൾ താമസിക്കുന്ന സംഘര്‍ഷഭരിതമായ സ്ഥലങ്ങളില്‍ ഈ ആവശ്യം പ്രത്യേകിച്ച് കൂടുതലാണ്. “ഉദാഹരണത്തിന്, ഫോറെസ്റ്റ് റൈറ്റ്സ് ആക്ട്, എനിക്ക് അറിയാവുന്നിടത്തോളം, ഗോണ്ടി ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടില്ല: ഈ നിയമം അവര്‍ക്ക് വളരെ പ്രസക്തമാണെങ്കിലും ," ചൌധരി പറയുന്നു.
ഗോണ്ടി പ്രോത്സാഹിപ്പിക്കുന്നതിൽ ആറ് സംസ്ഥാനങ്ങളിൽ ചിലർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങളിൽ ഗോണ്ടി ഭാഷയിൽ ഒരുപാട് ഗുണകരമായ കാര്യങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, ഏകോപനമില്ലാതെ ഓരോ സ്ഥലത്തും ഗോണ്ടി പ്രത്യേകം വികസിപ്പിച്ചെടുക്കുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്, ചൌധരി പരാതിപ്പെട്ടു. “ഓരോ സ്ഥലത്തും മേഖലയിലെ പ്രധാന സംസാര ഭാഷാരീതി ഗോണ്ടിയെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.”
“ഗോണ്ടിയുടെ ആദ്യത്തെ സ്റ്റാൻഡേർഡ് നിഘണ്ടു തയ്യാറാക്കാൻ നാലു വർഷവും, എട്ടു യോഗങ്ങളും വേണ്ടിവന്നു," ചൗധരി പറയുന്നു. ഒരു ശബ്ദകോശം സമാഹരിക്കുന്നതിൽ ഡല്‍ഹി ആസ്ഥാനമായുള്ള ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സിന്റെ അംഗങ്ങളുമായും, ആറ് ഗോണ്ടി ഭാഷാഭേദങ്ങളുടെ 60 പ്രതിനിധികളുമായും സിജി.നെറ്റ്-സ്വര പ്രവർത്തിച്ചു.
ഒരു പ്രത്യേക വസ്തു അല്ലെങ്കിൽ ആശയം സൂചിപ്പിക്കാൻ ഗോണ്ടിയുടെ ഓരോ ഭാഷാഭേദങ്ങളും ഉപയോഗിക്കുന്ന പദങ്ങൾ ശേഖരിച്ചു കഴിഞ്ഞാൽ, അതിന് ഏറ്റവും അനുയോജ്യമായ പദം അവയിൽ നിന്ന് വോട്ട് മുഖേന തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. "കഴിഞ്ഞയാഴ്ച ഞങ്ങൾ എല്ലാ അടിസ്ഥാന പദങ്ങളും തിരഞ്ഞെടുത്തു," ചൗധരി പറയുന്നു. ഇപ്പോൾ ഈ നിഘണ്ടു ദേവനാഗരിയിലാണ് അച്ചടിച്ചിരിക്കുന്നത്.
ഈ നേട്ടം വളരെ മികച്ചതാണെങ്ങിലും, ഗോണ്ടി ഭാഷയുടെ വികസനത്തിൽ ഒരു തുടക്കം മാത്രമായാണു ഇതിനെ ചൗധരി കാണുന്നത്.