// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  07, 2018   Wednesday  

news



ക്രിസ്തുമതത്തിലെ ആദ്യത്തെ ഗൾഫ് അറബ് പുരോഹിതനാണ് ഇമ്മാനുവൽ.

whatsapp

കുവൈറ്റ്‌: ശിരസ്സിൽ വെളുത്ത ഘുത്രയും, രണ്ടു ചുവന്ന കുരിശുകള്‍ ആലേഖനം ചെയ്ത കറുത്ത മേല്‍ക്കുപ്പായം ദേഹത്തിലും അണിഞ്ഞ കുവൈത്തിലെ ആദ്യത്തെ സ്വദേശിയായ ഈ ക്രിസ്തീയ പുരോഹിതൻ ഒറ്റനോട്ടത്തില്‍ത്തന്നെ ആരുടേയും ശ്രദ്ധയിൽപെടും.

ഇമ്മാനുവൽ ബെഞ്ചമിൻ ജേക്കബ് ഗരിബ് അച്ചൻ ബൈബിളും, ഗൾഫ് അറബ് സംസ്കാരവും കുവൈറ്റ്‌ സിറ്റിയിലെ ക്രിസ്തീയ സഭയോടൊപ്പം ആഘോഷിച്ചുകൊണ്ടിരിക്കയാണ്.

വൈദികപ്പട്ടം കിട്ടിയതിന്‍റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം കുവൈത്തിലെ ജനങ്ങളിൽ നിന്ന് കിട്ടുന്ന അംഗീകാരത്തിന്റെ അളവിനെപറ്റി വാചാലനായി.

"എവിടെ പോയാലും എന്നെ എല്ലാവരും സ്വാഗതം ചെയ്യുന്നു,” 68-കാരനായ ഇമ്മാനുവൽ അച്ചൻ പറയുന്നു. കുവൈത്ത് സിറ്റിയിലെ ഖിബ്ല ജില്ലയിൽ ജനിച്ച ഗരിബ്, മതാചാരത്തോടെ ജീവിക്കുന്ന ഒരു ക്രിസ്തീയ കുടുംബത്തിലാണ് വളർന്നത്. പല ക്രിസ്തീയ കുവൈത്തികളെയുംപോലെ തന്നെ, അദ്ദേഹത്തിന്റെ വേരുകളും മദ്ധ്യപൂർവ്വദേശത്ത് മറ്റൊരിടത്താണ്. തെക്കു കിഴക്കൻ തുർക്കിയിലെ ഒരു അസീറിയൻ കുടുംബത്തിലാണ് അദ്ദേഹത്തിന്‍റെ അച്ഛൻ ജനിച്ചത്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ കോളിളക്കങ്ങളിൽ ഉലഞ്ഞ ഓട്ടമൻ നഗരങ്ങളെ വിട്ട്, ഇമ്മാനുവലിന്‍റെ മാതാപിതാക്കള്‍ അവരുടെ ഭാവി കെട്ടിപ്പടുക്കാനായി കുവൈത്തിലേക്ക് ചേക്കേറുകയായിരുന്നു. അവർക്ക് നാലു പെൺകുട്ടികളും മൂന്നു ആൺകുട്ടികളുമായിരുന്നു. ഏറ്റവും മൂത്തത് ഇമ്മാനുവൽ. കുട്ടികളെ മതപരമായ ചുറ്റുപാടിലാണ് അവർ വളര്‍ത്തിയത്‌. തങ്ങളുടെ മുസ്ലിം അയൽവാസികളുമായി അവർ എപ്പോഴും അടുപ്പോത്തോടെ ജീവിച്ചുപോന്നു.

പൗരോഹിത്യപദം ആദ്യമൊന്നും ഇമ്മാനുവൽ ഗരിബിന്‍റെ ജീവിതലക്ഷ്യമായിരുന്നില്ല. എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം 1971-ൽ കരസ്ഥമാക്കിയ അദ്ദേഹം കുവൈത്ത് പെട്രോളിയം മന്ത്രാലയത്തിൽ ജോലിക്ക് പ്രവേശിച്ചു. അത് കഴിഞ്ഞ്‌ പത്ത് വർഷത്തിന് ശേഷം ഇമ്മാനുവൽ ഗരിബും അദ്ദേഹത്തിന്റെ ഭാര്യയും കുവൈത്ത്ൽ ഒരു മതസമ്മേളനത്തിൽ പങ്കെടുത്തതോടെയാണ്‌ അവരുടെ ജീവിത വീക്ഷണം അപ്പാടെ മാറിയത്. "അതായിരുന്നു പുതിയൊരു തുടക്കം കുറിച്ചത്," അദ്ദേഹം പറഞ്ഞു. "അതോടെയാണ്‌ കർത്താവ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത് ... ഞാൻ വീണ്ടും ജനിച്ച്, യേശുക്രിസ്തുവിനോടൊപ്പം യാത്ര ആരംഭിച്ചു."

അദ്ദേഹം ജോലി ഉപേക്ഷിച്ച്, 1989 ൽ കയ്റോവിലെ ഇവാഞ്ചലിക്കൽ തിയോളജിക്കൽ സെമിനാരിയിൽ ചേര്‍ന്ന് ദൈവശാസ്ത്ര ബിരുദം നേടി. പുരോഹിതനായി നിയമിതനായത് 1999-ലാണ്. പിന്നീട് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈത്ത് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്തുമതത്തിലെ ആദ്യത്തെ ഗൾഫ് അറബ് പുരോഹിതനാണ് ഇമ്മാനുവൽ.

അദ്ദേഹം തന്നെ 2009 ൽ സ്ഥാപിച്ച കുവൈറ്റ്‌ ഇസ്ലാമിക്-ക്രിസ്ത്യൻ റിലേഷൻസ് കൌൺസിൽ വൈസ്പ്രസിഡന്റായും ഇമ്മാനുവൽ അച്ചന്‍ പ്രവർത്തിക്കുന്നു.

അടുത്ത വർഷം ആഘോഷിക്കുന്ന കുവൈത്തിലെ ഇവാഞ്ചലിക്കൽ പള്ളിയുടെ 85-മത്തെ വാർഷികം ഇമ്മാനുവലിന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരിക്കും. പക്ഷെ കുവൈത്തിൽ ക്രിസ്ത്യാനികളുടെ സാന്നിധ്യം അതിനും മുമ്പ് ആരംഭിച്ചിരുന്നു. അമേരിക്കൻ സുവിശേഷപ്രവർത്തകരുടെ വരവും 1900 കളുടെ തുടക്കത്തിൽ പ്രവര്‍ത്തനം തുടങ്ങിയ അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി ബന്ധപ്പെട്ടുകിടുക്കുന്ന ഒന്നാണത്. ജഹറാ യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിൽ മിഷൻ ഹോസ്പിറ്റൽ വഹിച്ച വലിയ പങ്ക് കുവൈത്ത് സമൂഹത്തിൽ മിഷനറിമാരെക്കുറിച്ച് നല്ല അഭിപ്രായം വളര്‍ത്തി.

കഴിഞ്ഞ നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ തുർക്കി, ഇറാഖ്, പലസ്തീൻ എന്നിടങ്ങളിൽ നിന്ന് പല അവസരങ്ങളിലുമായി കുവൈത്തിലേക്ക് കുടിയേറ്റം നടത്തി, 1959-ലെ ദേശീയത നിയമപ്രകാരം പൗരത്വത്തിനു അര്‍ഹരായി. പിന്നീടു ഉണ്ടായ ഒരു നിയമപ്രകാരം അമുസ്ലിംകളെ ഈ പദവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഇമ്മാനുവേലിന്റെ കണക്കനുസരിച്ച് കുവൈത്തിൽ മൊത്തം 1.35 മില്ല്യൻ ജനസംഖ്യയിൽ, എട്ട് കുടുംബാംഗങ്ങളിൽ നിന്നായി 264 തദ്ദേശീയരായ ക്രിസ്ത്യാനികൾ ഉണ്ട്. പ്രവാസികളുടെ ഇടയിൽ ഏകദേശം 900,000 ക്രിസ്ത്യാനികൾ ഉള്ളതായി കണക്കാക്കുന്നു.

ക്രിസ്ത്യൻ പള്ളികൾ നിര്‍മ്മിക്കുന്നതിൽ നിരോധനമുള്ള സൗദി അറേബ്യയിൽ നിന്ന് വ്യത്യസ്തമായി, വിവിധ ക്രൈസ്തവസഭകളിൽ നിന്നുള്ളവര്‍ക്ക് അവരുടെ മതാചാരങ്ങള്‍ അനുഷ്‌ഠിക്കുന്നതിനായി അവരുടെതായുള്ള ചര്‍ച്ചുകൾ കുവൈത്തിലുണ്ട്. അവരുടെ മൃതദേഹങ്ങൾ മറവുചെയ്യാൻ കുവൈത്ത് സിറ്റി മുനിസിപ്പാലിറ്റി ഭൂമിയും നൽകിയിട്ടുണ്ട്.

Comments


Page 1 of 0