// // // */ E-yugam


ഈയുഗം ന്യൂസ്
March  11, 2023   Saturday   05:26:16pm

news



whatsapp

ദോഹ: ഖത്തർ സംസ്കൃതി വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ഈ വർഷത്തെ ലോക വനിതാ ദിനം ആചരിച്ചു. ഖത്തർ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോ. സെക്രട്ടറി ശ്രീമതി എൻ സുകന്യ മുഖ്യാതിഥിയായിരുന്നു.

ലോക വനിതാ ദിനത്തിന്റെ ചരിത്രവും, സ്ത്രീകൾ ഇക്കാലത്തും അനുഭവിക്കുന്ന വിവേചനങ്ങളെയും ശ്രീമതി എൻ സുകന്യ തന്റെ പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു. സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിന്റെ ഫലമായി സ്ത്രീകളുടെ ശാരീരിക അധ്വാനഭാരം കുറയുന്നുണ്ട്. പക്ഷെ, കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പങ്കാളിത്തത്തിൽ കാര്യമായ മാറ്റങ്ങൾ ഇന്നും ഉണ്ടായിട്ടില്ല.

സ്ത്രീകളുടെ അധ്വാനം കുറഞ്ഞ കൂലിക്കു ചൂഷണം ചെയ്യുന്ന അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം എന്നത് പരിഷ്‌കൃത സമൂഹം എന്നവകാശപ്പെടുന്ന ഇടങ്ങളിൽ പോലും സാധ്യമാകുന്നില്ല എന്നും ലോക സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രത്തിൽ പ്രായോഗികമായ മാറ്റങ്ങൾ കാണിച്ചത് സോവിയറ്റ് യൂണിയനും ക്യൂബയും ഉൾപ്പടെയുള്ള സോഷ്യലിസ്റ് രാജ്യങ്ങളാണ്. ഗാർഹിക അധ്വാനത്തെ കൃത്യമായി സംബോധന ചെയ്തത് ലെനിൻ ആണ് എന്നും അവർ ചൂണ്ടിക്കാട്ടി.

പ്രഭാഷണത്തിന് ശേഷം സംസ്‌കൃതി കലാവിഭാഗം അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ, സ്വജീവിതം കൊണ്ട് ജനമസ്സിൽ ഇടം നേടി മൺമറഞ്ഞുപോയ വനിതാ രത്നങ്ങളെ അടയാളപ്പെടുത്തിയ കാരിക്കേച്ചർ ഷോ, എന്നിവ അരങ്ങേറി.

സംസ്‌കൃതി വനിതാ വേദി പ്രസിഡന്റ് പ്രതിഭാ രതീഷ് അധ്യക്ഷയായ ചടങ്ങിൽ, ജോ. സെക്രട്ടറി ഇന്ദു സുരേഷ് സ്വാഗതവും മുൻ സെക്രട്ടറി അർച്ചന ഓമനകുട്ടൻ നന്ദിയും പറഞ്ഞു. ഇൻകാസ് വനിതാ വിഭാഗം സെക്രട്ടറി മഞ്ജുഷ ആശംസകൾ നേർന്നു..

Comments


Page 1 of 0