// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  10, 2018   Saturday  

news



"ബഹു ധ്രുവ ലോകത്തിലെ കരുത്തുറ്റ നേതൃത്വം എന്ന നിലയിൽ സമാധാന ശ്രമങ്ങൾക്ക് സഹായമേകാൻ ഇന്ത്യയെ ക്ഷണിക്കുകയാണ്."

whatsapp

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്ച നടത്താനിരിക്കുന്ന ഫലസ്തീൻ സന്ദർശനം ചരിത്രപരവും പശ്ചിമേഷ്യ സമാധാന പ്രക്രിയയിൽ സുപ്രധാനവും ആയിരിക്കുമെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

മേഖലയിലെ പ്രശ്നങ്ങളിൽ ഇന്ത്യ കൂടുതൽ ക്രിയാത്മകമായി ഇടപെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന ദശാസന്ധിയിലാണ് നരേന്ദ്ര മോദിയുടെ സന്ദർശനം എന്ന് ഫലസ്തീൻ പ്രസിഡണ്ട് മഹമൂദ് അബ്ബാസിന്റെ നയതന്ത്ര ഉപദേശകൻ മാജിദ് അൽ ഖാലിദി ടെലിഫോൺ സംഭാഷണത്തിൽ ഹിന്ദുവിനോട് പറഞ്ഞു.

ജറൂസലം വിഷയത്തിൽ അമേരിക്ക നിലപാട് വ്യക്തമാക്കിയിരിക്കെ, അവർക്കു തനിച്ച് ഇനി ഫലസ്തീൻ പ്രശനത്തിൽ മാധ്യസ്ഥം വഹിക്കാനാവില്ല. യൂറോപ്യൻ യൂനിയനോടും അംഗരാഷ്ട്രങ്ങളോടും ഇടനിലക്കാരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബഹു ധ്രുവ ലോകത്തിലെ കരുത്തുറ്റ നേതൃത്വം എന്ന നിലയിൽ സമാധാന ശ്രമങ്ങൾക്ക് സഹായമേകാൻ ഇന്ത്യയെ ക്ഷണിക്കുകയാണ്; അദ്ദേഹം പറഞ്ഞു.

ഖാലിദിയുടെ ഈ പരാമർശം നിലവിലെ സാഹചര്യത്തിൽ എടുത്തു പറയത്തക്കതാ ണെന്ന് പത്രം നിരീക്ഷിക്കുന്നു. പ്രത്യേകിച്ച് ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിന്റെ കഴിഞ്ഞ മാസത്തെ ഇന്ത്യാ സന്ദർശനത്തിന് ശേഷം മോദി ഇപ്പോൾ അവരുടെ ശത്രുക്കളായ ജോർദാൻ, ഫലസ്തീൻ, ഒമാൻ, യു.എ.ഇ എന്നീ രാഷ്ട്രങൾ സന്ദർശിക്കുകയാണ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സൗദി അറേബ്യയും സന്ദർശിച്ചു.

ഇതിന് പുറമെ ഇന്ത്യയിൽ നിന്നുള്ള ഉന്നതതല സംഘം ഈ മാസം തന്നെ ഇറാൻ പ്രസിഡണ്ട് ഹസൻ റൂഹാനി, ജോർദ്ദാൻ ഭരണാധികാരി അബുല്ല രണ്ടാമൻ എന്നിവരെയും ഈ വർഷം ഒടുവിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും കാണാൻ പോവുകയാണ്.

പശ്ചിമേഷ്യൻ മേഖലയിലേക്ക് മുഖം തിരിച്ച ഈ നിലപാടിനെ ഇന്ത്യയുടെ മിടുക്കൻ നയതന്ത്രം ( സ്മാർട്ട് ഡിപ്ളോമസി) എന്ന് വിശേഷിപ്പിച്ച ഖാലിദി ഈ മേഖലയിലെ അധികമാരുമായും പ്രശ്നങ്ങളില്ലാത്ത അപൂർവ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന് പ്രകീർത്തിക്കുകയും ചെയ്തു.

കൂട്ടുകൂടുന്നെങ്കിൽ ദുർബലരുമായല്ല, ശക്തരുമായി വേണം കൂട്ടുകൂടാൻ എന്ന് ഇന്ത്യാ സന്ദർശനവേളയിൽ നെതന്യാഹു നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അധിനിവേശത്തിന് കീഴിൽ ഫലസ്തീൻ ദുർബലമായിരിക്കുകയും ഇന്ത്യക്ക് ഇസ്രായേലിൽ നിന്ന് സാങ്കേതിക സഹായങ്ങൾ ആവശ്യമായി വരികയും ചെയ്തിരുന്ന കാലത്ത് പോലും ന്യൂദൽഹി ഇസ്റായേലിനും മേലെ ഞങ്ങളെയാണ് തെരഞ്ഞെടുത്തതെന്ന് ഉറച്ചു വിശ്വസിക്കാൻ ഞങ്ങൾക്കാവുന്നുണ്ട്. പ്രാദേശികമായ തർക്കങ്ങളിൽ ഫലസ്തീൻ ഇടപെടാറില്ല. ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കും. പാക്കിസ്ഥാനിലെ ഞങ്ങളുടെ അംബാസഡർ ഈ നയം ബോധപൂർവമല്ലെങ്കിൽ കൂടി തെറ്റിച്ചപ്പോൾ ഞങ്ങൾ തിരുത്തി; അദ്ദേഹത്തെ മടക്കി വിളിക്കുകയും ചെയ്തു."

Comments


Page 1 of 0