// // // */ E-yugam


മുഹാജിര്‍
February  10, 2018   Saturday  

news



"കണ്ടാൽ മാന്യൻമാർ എന്ന് തോന്നുന്ന ചില മലയാളികളോട് കടല വേണോ എന്ന് ചോദിച്ചാൽ അവരെ അപമാനിച്ച മട്ടാണ്"

whatsapp

ദോഹയിലെ തിരക്കുപിടിച്ച ഒരു സൂക്കില്‍ വെച്ചാണ് അയാളെ കണ്ടുമുട്ടുന്നത്. പൊക്കം കുറഞ്ഞ മധ്യവയസ്‌കനായ മലയാളി. കോഴിക്കോട്ടുകാരൻ. വെളുത്ത കടലാസിന്‌റെ കുമ്പിളില്‍ വറുത്ത കടല വില്‍ക്കുകയാണ്. തോളില്‍ കടല പായ്ക്കറ്റുകള്‍ നിറച്ച സഞ്ചി. മലയാളികളുടെ പറഞ്ഞുതേഞ്ഞ ഗൃഹാതുരത്വത്തിന്റെ പ്രതീകങ്ങളില്‍ ഒന്നാണല്ലോ വറുത്ത കടല. ഒരു റിയാല്‍ കൊടുത്ത് ഒരു പാക്കറ്റ് കടലവാങ്ങി, കൊറിച്ചുകൊണ്ട്‌ നില്‍ക്കെ അയാള്‍ സ്വന്തം കഥ പറഞ്ഞു.

മലയാളിയായിട്ടും അയാളുടെ ഊരും പേരും പറയാത്തതെന്തെന്ന് വായനക്കാര്‍ അത്ഭുതപ്പെടുന്നുണ്ടാകും. മലയാളി ആയത് തന്നെയാണ് പ്രശ്‌നം. എനിക്ക് ഖത്തറില്‍ കടലക്കച്ചവടമാണെന്ന് നാട്ടില്‍ അധികമാര്‍ക്കും അറിയില്ല. ഞാന്‍ ഈ ജോലിയില്‍ ഒരു കുറച്ചിലും കാണുന്നില്ല. എന്‌റെ വീട്ടുകാര്‍ക്കും, കുടുംബക്കാര്‍ക്കും ഒരുപക്ഷെ അതൊരു കുറച്ചിലായിരിക്കും. അതുകൊണ്ട് പേരും ഫോട്ടോയും ഒന്നും വേണ്ട; അയാള്‍ ഒരു പതിഞ്ഞ ചിരിയോടെ പറഞ്ഞു.

ആ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സിലേക്ക് വന്നത് ജാട എന്നും പൊങ്ങച്ചം എന്നും പലരും തെറ്റിദ്ധരിക്കുന്ന ഗള്‍ഫുകാരന്‌റെ നിസ്സഹായതയാണ്. മരുഭൂമിയുടെ ചൂടിലും തണുപ്പിലും തെരുവില്‍ അലഞ്ഞ് കടലവിറ്റ് മാന്യമായി കുടുംബം പുലര്‍ത്തുന്ന ഒരു മലയാളിക്ക് സ്വന്തം ഉപജീവനമാര്‍ഗ്ഗം വെളിപ്പെടുത്താന്‍ കഴിയാത്ത സാമൂഹിക സാഹചര്യം എങ്ങനെ ഉണ്ടായി എന്നത് ആലോചിക്കേണ്ട വിഷയമാണ്.

അയാളുടെ കഥയിലേക്ക് മടങ്ങാം. സൗകര്യത്തിന് വേണ്ടി നമുക്കയാളെ അഹമ്മദ് എന്നു വിളിക്കാം. അഹമ്മദ് ഖത്തറില്‍ എത്തിയിട്ട് 25 വര്‍ഷം കഴിഞ്ഞു. കടല വില്‍ക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി. തൊലികളഞ്ഞ് മനോഹരമായി പാക്ക് ചെയ്ത നിലക്കടല ഖത്തറിലെ ബഖാലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും സുലഭമാണെങ്കിലും കടലാസുകുമ്പിളിലെ നിലക്കടല കച്ചവടം ദോഹയിലെ തെരുവുകള്‍ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് അഹമദ് അഭിമാനത്തോടെ പറയുന്നു.

ഇപ്പോള്‍ കുമ്പിളിലാക്കി കടലവില്‍ക്കുന്ന പലരെയും പലയിടത്തും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പക്ഷെ 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഈ കച്ചവടം തുടങ്ങുമ്പോള്‍ അത് ഒരു അപൂര്‍വ്വ കാഴ്ചയായിരുന്നു. ഖത്തറികള്‍ക്ക് നിലക്കടല പരിചയപ്പെടുത്തിയത് ഞാനാണ്; അഹമദ് പറയുന്നു.

ഖത്തറിലെ പരമ്പരാഗത സൂക്കുകളില്‍ ആയിരുന്നു ഈ തെരുവുകച്ചവടത്തിന്‌റെ തുടക്കം. അന്നൊന്നും സ്വദേശികള്‍ക്ക് ഇതെന്താണ് സാധനം എന്ന് അറിയുമായിരുന്നില്ല. ചെറിയ പൊതികളില്‍ കടല അവര്‍ക്ക് സൗജന്യമായി നല്‍കും. രുചിച്ചുനോക്കാന്‍ വേണ്ടി. രുചി ഇഷ്ടപ്പെട്ട പല ഖത്തരികളും എന്‌റെ സ്ഥിരം ഉപഭോക്താക്കളായി മാറി. ഇപ്പോള്‍ അവര്‍ എന്റെ കടല അന്വേഷിച്ചു വരും. ഖത്തരികളെ കടല തിന്നാന്‍ പഠിപ്പിച്ചത് ഞാനാണ്. ഇത് പറയുമ്പോള്‍ അഹമ്മദിന് മുഖത്ത് ആഹ്ലാദവും ലേശം അഹങ്കാരവും നിഴലിക്കുന്നുണ്ടായിരുന്നു.

നിസ്സാരം എന്ന് പലരും കരുതുന്ന കടല വില്പനയിലേക്ക് അഹമദിനെ നയിച്ച ചില ജീവിത സാഹചര്യങ്ങള്‍ ഉണ്ട്. ദോഹയില്‍ വേറൊരാളുമായി ചേര്‍ന്ന് ഒരു മെസ്സ് നടത്തുകയായിരുന്നു അഹമ്മദ്. ഒരിക്കല്‍ നാട്ടില്‍പോയി തിരിച്ചു വന്നപ്പോള്‍ പാര്‍ട്ണര്‍ ചതിച്ചു. അഹമദിന് പണിയില്ലാതായി. പട്ടിണിയുടേയും കഷ്ടപ്പാടിന്റെയും നാളുകളായിരുന്നു അത്. താമസിക്കുന്ന റൂമില്‍ കൂടെയുള്ളവര്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അഹമദ് പുറത്തേയ്ക്ക് പോരും. തിരിച്ചു വരുമ്പോള്‍ ഭക്ഷണം കഴിച്ചു എന്ന് നുണ പറയും. കൊടുക്കാന്‍ കയ്യില്‍ കാശില്ലാത്തതുകൊണ്ട്.

സ്വന്തത്തേയും നാട്ടിലുള്ള കുടുംബത്തേയും പോറ്റാന്‍ ഒരു വഴിയും കാണാതെ നിരാശനായിരിക്കുമ്പോഴാണ് കടലവില്പന എന്ന ആശയം അഹമദിന്‌റെ മനസ്സിലേയ്ക്ക് വരുന്നത്.

നാട്ടിലായിരുന്നപ്പോള്‍ വറുത്ത കടലയോട് ഭയങ്കര പ്രിയമായിരുന്നു. കടല വറുക്കുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കും. പക്ഷെ, ഒരിക്കല്‍ പോലും ആ പണി ചെയ്ത് നോക്കിയിട്ടില്ല. റൂമില്‍ വെച്ച് ഒരു പരീക്ഷണം നടത്താമെന്ന് വച്ചു. ഭാഗ്യത്തിന് അതു വിജയിക്കുകയും ചെയ്തു.

കുമ്പിളില്‍ നിറച്ച കടലയുമായി തെരുവിലേക്കിറങ്ങിയപ്പോള്‍ തുടക്കത്തില്‍ സംശയവും തന്നോടു തന്നെ പുച്ഛവുമായിരുന്നു. ഇതാര് വാങ്ങും? എങ്ങനെ ആളുകളോട് പറയും?

ചില ദിവസങ്ങളിൽ മനസ്സ് മടുത്തിട്ട് കടലപ്പൊതികൾ ആരും കാണാതെ കുപ്പത്തൊട്ടിയിൽ തള്ളും. 'അന്നൊക്കെ ആളുകളോട് ചോദിക്കാൻ മടിയായിരുന്നു. ഇന്ന് നേരെ മറിച്ചാണ്. ആരെ കണ്ടാലും ചോദിച്ചേ അടങ്ങൂ.'

അഹമദിന്റെ ഉപഭോക്താക്കളിൽ പല നാട്ടുകാരുണ്ട്. പക്ഷെ, മലയാളികളിൽ ചിലരെക്കുറിച്ച് പറയുമ്പോൾ അയാളുടെ മുഖത്ത് പുഛം. 'കണ്ടാൽ മാന്യൻമാർ എന്ന് തോന്നുന്ന ചില മലയാളികളോട് കടല വേണോ എന്ന് ചോദിച്ചാൽ അവരെ അപമാനിച്ച മട്ടാണ്. മുഖം കറുക്കും. ഖത്തരികളാണെങ്കിൽ കടല വേണ്ടെങ്കില്‍ൽ ലാ.... മശ്കൂർ എന്ന് പറയും. സാധനം പരിചയമില്ലെങ്കിൽ എന്താണ് എന്നന്വേഷിക്കും. യൂറോപ്യൻമാർ നോ... താങ്ക്സ് എന്ന് പറയും, ' അഹമദ് ഒരു ചെറുചിരിയോടെ പറഞ്ഞു.

റൂമിലാണ് അഹമദ് കടല വറുക്കുന്നത്. എന്നും രാവിലെ പണിതുടങ്ങും. നാട്ടിലെപ്പോലെ മണല്‍ ഉപയോഗിക്കാറില്ല. അതിന് പറഞ്ഞ കാരണം ഇവിടത്തെ മണല്‍ വളരെ നേരിയതായതുകൊണ്ട് അതിന്‌റെ തരികള്‍ കടലയില്‍ കടക്കാന്‍ സാധ്യതയുണ്ട് എന്നതാണ്. മണലിനു പകരം ഉപ്പിലാണ് കടല വറുക്കുന്നത്. ഉപ്പുരസം കൂടുകയില്ലെ എന്ന് ചോദിച്ചപ്പോള്‍ അഹമദിന്റെ മറുപടി, ഇല്ല, അതൊക്കെ ഒരു ടെക്‌നിക്കാണ് എന്നായിരുന്നു.

അഹമദിന്‌റെ കയ്യില്‍ നിന്ന് എപ്പോള്‍ കടല വാങ്ങിയാലും നേരിയ ചൂടുണ്ടാവും. നേരത്തെ പായ്ക്ക് ചെയ്തുവെക്കുന്ന കടലക്ക് എങ്ങനെ ചൂടു നിലനിര്‍ത്തുന്നുവെന്ന് ചോദിച്ചപ്പോള്‍ അതേ മറുപടി: അതും ഒരു ടെക്‌നിക്കാണ്. ഇതൊക്കെ കാരണമാണ് ആളുകള്‍ എന്റെ കടല അന്വേഷിച്ചു വരുന്നത്.

അഹമ്മദിന്‌റെ സ്ഥിരം കസ്റ്റമേഴ്‌സ് ആയ ഖത്തരികള്‍ക്ക് അറിയാം സൂക്കില്‍ എവിടെയാണ് അയാളെ അന്വേഷിക്കേണ്ടതെന്ന്. പലപ്പോഴും കുടുംബസമേതം അവര്‍ അയാളെ തേടിയെത്തും.

സ്വന്തം കടലയുടെ ഗുണമേന്മയെക്കുറിച്ച് അഹമദിന് വലിയ മതിപ്പാണ്. മറ്റ് പല തെരുവുകച്ചവടക്കാരില്‍ നിന്നും കടല വാങ്ങി നിരാശരായ ഖത്തരികള്‍ തന്നോടിത് തുറന്നു പറയാറുണ്ടെന്നും അയാള്‍ അവകാശപ്പെടുന്നു. "കടല കടല" എന്ന് അഹമദ് വിളിച്ചു പറയുന്നത് അപൂർവമായേ കേൾക്കാറുള്ളൂ.

മറ്റു നിരവധി ഭാഷകളിലാണ് കച്ചവടം. ഖത്തരികൾ കടലക്ക് ഫൂൽ സുദാനി (സുഡാനിയൻ പയർ ) എന്നാണത്രെ പറയുക. പഴയ തലമുറ സിംബൾ എന്ന പ്രാദേശിക വാക്കും ഉപയോഗിക്കും. തമിൾ, ബംഗാളി, കന്നട, ഹിന്ദി, ഉർദു, സിൻഹള, ഇന്തോനേഷ്യൻ തുടങ്ങിയ ഭാഷകളിൾ വേറെ വേറെ വാക്കുകളുണ്ട്. അതൊക്കെ അഹമദിന് വശമാണ്. ഒരാളെ കാണുമ്പോൾ അയാൾ ഏത് നാട്ടുകാരനാണെന്നും അയാളുടെ മുന്നിൽ ഏത് ഭാഷ ഉപയോഗിക്കണമെന്നും അയാൾക്ക് നല്ല നിശ്ചയമുണ്ട്.

ആളുകള്‍ക്ക് നല്ല കടലമാത്രം കൊടുക്കുക എന്നതാണ് എന്റെ രീതി. മാര്‍ക്കറ്റില്‍ പലപ്പോഴും നല്ല കടല കിട്ടാന്‍ പ്രയാസമാണ്. ഇക്കാരണത്താല്‍, ചിലദിവസങ്ങളില്‍ ഞാന്‍ കച്ചവടം തന്നെ വേണ്ടെന്ന് വയ്ക്കാറുണ്ട്, അഹമ്മദ് പറഞ്ഞു. എന്നും ഉച്ചകഴിഞ്ഞ് കടലപ്പൊതികളുമായി അഹമദ് സൂക്കിലെത്തും. വെളുത്ത കടലാസില്‍ വൃത്തിയായി കുമ്പിളിലാക്കിയ കടലക്ക് നല്ല ഡിമാന്റാണ്. ഒരു ദിവസം നൂറോ നൂറ്റമ്പതോ പാക്കറ്റുകള്‍ വിറ്റുപോകുമത്രെ. ഏഴോ, എട്ടോ കിലോ വരുമത്. വലിയ ബുദ്ധിമുട്ടില്ലാതെ കുടുംബം പോറ്റാനുള്ള വരുമാനവും ഈ കച്ചവടത്തില്‍നിന്ന് അഹമദ് കണ്ടെത്തുന്നുണ്ട്.

'മാസാവസാനം, മോശമല്ലാത്ത ഒരു തുക മിച്ചം വരും, രണ്ടു പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു. വീട് വെച്ചു. നാട്ടില്‍ വലിയ പ്രയാസങ്ങളൊന്നും ഇല്ല. അല്‍ഹംദലില്ലാഹ്' 'നമ്മളെപ്പോലുള്ളവര്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുമ്പോള്‍ മറ്റുചിലര്‍ കുറുക്കുവഴികളിലൂടെ കാശുണ്ടാക്കുകയും പണം ധൂര്‍ത്തടിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ജീവിതം', അഹമദ് ഒരു തത്വചിന്തകനെപ്പോലെ പറഞ്ഞു നിര്‍ത്തി.

Comments


Page 1 of 0