// // // */
മുഹാജിർ
February 10, 2018 Saturday
Q- മലയാളം സംഘടിപ്പിച്ച വിനോദ യാത്രയില്‍ നിന്ന്
ഫെയ്‌സ് ബുക്ക് കൂട്ടായ്മകള്‍ പലതുണ്ട്. ഖത്തര്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തമായ Q- മലയാളം വേറിട്ടു നില്‍ക്കുന്നത്, മത, ജാതി, പ്രാദേശിക രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായി മനുഷ്യരെ കൂട്ടിയിണക്കുന്ന ഇടം എന്ന നിലയിലാണ്.
ആയിരത്തി നാനൂറിലേറെ അംഗങ്ങളുള്ള ഈ കൂട്ടായ്മക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഖത്തറിലെ പ്രശസ്തരും അപ്രശസ്തരുമായ മലയാളി എഴുത്തുകാരെയും സഹൃദരെയും കൂട്ടിയിണക്കുന്ന കണ്ണികൂടിയാണത്. ഫെയ്‌സ്ബുക്കിലൂടെ അവര്‍ എഴുതുന്നു, വായിക്കുന്നു, സംവദിക്കുന്നു, അറിവുകള്‍ പങ്കുവെക്കുന്നു, അതിലെല്ലാമുപരിയായി പരസ്പരം അറിയുന്നു. സോഷ്യല്‍ മീഡിയയുടെ 'വര്‍ച്വല്‍' ലോകത്തെ മറികടന്ന്, യഥാര്‍ത്ഥ ജീവിതത്തിലും സ്‌നേഹത്തിന്റെ നനവുള്ള സൗഹൃദതുരുത്തുകള്‍ സൃഷ്ടിക്കുന്നു.
എതാണ്ട് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2011-ല്‍ ആണ് Q-മലയാളത്തിന്റെ പിറവി. 2009-ല്‍ രൂപം കൊണ്ട ഖത്തറിലെ മലയാളം ബ്ലോഗര്‍മാരുടെ സംഗമവേദിയാണ്, പിന്നീട് മലയാളി സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളെ ഉള്‍ക്കൊണ്ട് ഒരു ഫേസ്ബുക്ക് കൂട്ടായ്മയായി വളര്‍ന്നു പന്തലിച്ചത്.
കഥയിലൂടെയും കവിതയിലൂടെയും ലേഖനങ്ങളിലൂടെയും സ്വയം ആവിഷ്‌കരിക്കുകയും ഗൃഹാതുരമായ ഓര്‍മകള്‍ പങ്കുവെക്കുകയും ചെയ്തിരുന്ന ഖത്തറിലെ ഒരു കൂട്ടം ബ്ലോഗെഴുത്തുകാർ ഒരിക്കല്‍ ഒരിടത്ത് ഒരുമിച്ചു കൂടി- അവിടെയാണ് ഈ സൗഹൃദകൂട്ടായ്മയുടെ തുടക്കം. ബ്ലോഗെഴുത്തിന് ജനപ്രീതി കുറഞ്ഞപ്പോള്‍ അവര്‍ ഫേസ്ബുക്കിലേക്കും ഓര്‍ക്കുട്ടിലേക്കും ചുവടുമാറ്റി. പുതിയ പുതിയ ആളുകള്‍ ആ സൗഹൃദവലയത്തിലേക്ക് കടന്ന് വന്നതോടെ ഇന്നറിയപ്പെടുന്ന തരത്തിൽ Q- മലയാളം പിറവിയെടുത്തു, കൂട്ടായ്മയുടെ സ്ഥാപകരില്‍ ഒരാളായ സുനില്‍ പെരുമ്പാവൂർ 'ഈയുഗ'ത്തോടു പറഞ്ഞു. സുനിലും കവിയും ബ്ലോഗ്ഗറം ആയ രാമചന്ദ്രൻ വെട്ടിക്കാട്ടും ചേര്‍ന്നാണ് കൂട്ടായ്മക്ക് ബീജാവാപം നല്‍കിയത്.
വളരെ നിര്‍ബന്ധിച്ചതിനുശേഷമാണ് സുനില്‍ പേര് വെക്കാൻ അനുവാദം നല്‍കിയത്. അതിന് കാരണമുണ്ടായിരുന്നു.
'ഞങ്ങളുടെ കൂട്ടായ്മയില്‍ എല്ലാ അംഗങ്ങളും ഒരുപോലെയാണ്. പ്രസിഡണ്ടോ സെക്രട്ടറിയോ ഇല്ല. ഗ്രൂപ്പ് നിയന്ത്രിക്കാന്‍ ഏതാനും അഡ്മിന്‍സ് മാത്രം,'
Q- മലയാളം ഓണസ്സദ്യ
ഖത്തര്‍ മലയാള്‍ക്കിടയില്‍ ഡസന്‍കണക്കിന് സംഘടനകളുണ്ട്- പ്രാദേശിക കമ്മറ്റികള്‍, രാഷ്ട്രീയ സംഘടനകള്‍, സാംസ്‌കാരിക, സാഹിത്യ സംഘങ്ങള്‍ എന്നിങ്ങനെ. അവര്‍ക്ക് അവരുടേതായ ആശയങ്ങളും രാഷ്ട്രീയവും പ്രവര്‍ത്തനമേഖലയുമുണ്ട്.
ഏത് സംഘടനയില്‍ പെടുന്നവര്‍ക്കും, സ്ത്രീ-പുരുഷ ഭേദമന്യേ അംഗമാവാം എന്നതാണ് Q-മലയാളത്തിന്റെ പ്രത്യേകത. ഏതെങ്കിലും അര്‍ത്ഥത്തില്‍ അവര്‍ സമൂഹത്തില്‍ ഇടപെടുന്നവരും സാമൂഹികമായ അവബോധം പുലര്‍ത്തുന്നവരും ആയിരിക്കണം എന്ന് മാത്രം,
കവികള്‍, കലാകാരന്മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മീഡിയാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ ഇവരെല്ലാം മനുഷ്യര്‍ എന്ന നിലയിലും മലയാളി എന്ന നിലയിലും ഒരുമിച്ചുനില്‍ക്കുകയും , സൗഹൃദം പങ്കിടുകയും ചെയ്യുന്ന വേദി- അതാണ് Q-മലയാളം.
"എല്ലാതരം ചര്‍ച്ചകളെയും സംവാദങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സങ്കുചിത മത-രാഷ്ട്രീയ ചിന്താഗതികളില്‍ നിന്ന് മുക്തമായിരിക്കണം എന്ന ഉപാധിയോടെ,"
അഡ്മിന്റെ പ്രധാനജോലി, ഗ്രൂപ്പിലെ ചര്‍ച്ചകളും പ്രതികരണങ്ങളും നിരീക്ഷിക്കുകയും, മത-രാഷ്ട്രീയ സ്പര്‍ദ്ധ വളര്‍ത്തുന്നതും ഗ്രൂപ്പിന്റെ പ്രഖ്യാപിത നിലപാടിന് നിരക്കാത്തതുമായ പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്യുക എന്നതാണ്.
ഖത്തറിലെ മലയാളി സമൂഹത്തോടൊപ്പം Q-മലയാളം വളര്‍ന്നപ്പോള്‍ അതിനുള്ളില്‍ തന്നെ നിരവധി ചെറുകൂട്ടായ്മകള്‍ രൂപപ്പെട്ടു.
സമാന ചിന്താഗതിക്കാരായ ആളുകള്‍ ചേര്‍ന്ന് അവരുടേതായ സൗഹൃദ തുരുത്തുകള്‍ രൂപപ്പെടുത്തി. സ്ത്രീകളും കുട്ടികളും കുടുംബസന്ദര്‍ശനങ്ങളിലൂടെയും ബര്‍ത്ത്‌ഡേ പാര്‍ട്ടികളിലൂടെയും ആ സൗഹൃദത്തിന് ജീവന്‍ പകര്‍ന്നു. അങ്ങനെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളില്‍നിന്ന് വരുന്ന മലയാളി പ്രാവാസികളുടെ സംഗമവേദിയായി Q-മലയാളം വളര്‍ന്നു.
Q-മലയാളത്തില്‍ അംഗമാകാൻ വലിയ ഔപചാരികതൾ ഒന്നുമില്ല. പേരും ഫോൺ നമ്പറും ഇ-മെയില്‍ ഐഡിയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു അപേക്ഷ അയക്കണം. അഡ്മിന്‍സ് അത് പരിശോധിച്ച്, ഗ്രൂപ്പിന്റെ പെരുമാറ്റചട്ടം അവരെ അറിയിക്കും. അത് അംഗീകരിക്കുന്നതോടെ അംഗത്വത്തിന് ഒരാള്‍ അര്‍ഹനായിത്തീരും.
അംഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ സര്‍ഗാവിഷ്‌കാരങ്ങള്‍ നടത്തുകയും സൗഹൃപൂര്‍ണമായ ചര്‍ചകളിലും സംവാദങ്ങളിലും ഏര്‍പ്പെടുകയും ചെയ്യുന്നു. ഒരു വര്‍ച്വല്‍ വായനശാലയുമുണ്ട്. ഓരോ മാസവും ഒരു പുസ്തകം തെരഞ്ഞെടുത്ത് അത് വായിക്കാനും നിരൂപണം ചെയ്യാനും അംഗങ്ങള്‍ക്ക് അവസരം നല്‍കുകയും അതിനവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
'ഖത്തറിലെ എഴുതിത്തെളിഞ്ഞവരും എഴുതി വളരുന്നവരുമായ ഏതാണ്ടെല്ലാ ആളുകളും Q-മലയാളത്തില്‍ അംഗങ്ങളാണ്. കലാ-സാഹിത്യ മത്സരങ്ങള്‍ക്ക് വിധികര്‍ത്താക്കളെ തേടുന്നവര്‍ ആദ്യം വന്നു മുട്ടുന്നത് ഞങ്ങളുടെ വാതിലില്‍ ആയിരിക്കും.' ഇത് പറയുമ്പോൾ സുനിലിന്റെ ശബ്ദത്തിൽ അഭിമാനവും ആഹ്ളാദവും തിരതല്ലുന്നുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയയുടെ ലോകത്തിന് പുറത്ത്, നിരവധി പരിപാടികള്‍ Q-മലയാളം സംഘടിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് വേണ്ടി കലാ-സാഹിത്യ മത്സരങ്ങള്‍, കഥ, കവിത ശില്പശാലകള്‍, അംഗങ്ങള്‍ക്ക് വേണ്ടി വര്‍ഷത്തിലൊരു വിനോദയാത്ര അങ്ങനെ പലതും. കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രഭാഷണ, ചര്‍ച്ചാ പരിപാടികള്‍, കവിയരങ്ങുകള്‍, കഥാമത്സരങ്ങള്‍ സര്‍ഗ സായാഹ്നങ്ങള്‍, ഗസല്‍ നിശകള്‍- ആ പട്ടിക പിന്നെയും നീളുന്നു.
ഓരോ പരിപാടിക്കും വേണ്ടി ഒരു കമ്മറ്റി രൂപീകരിക്കും. അതിന്റെ മുഴുവന്‍ ചുമതല അവര്‍ക്കായിരിക്കും. പരിപാടി കഴിയുന്നതോടെ ആ കമ്മറ്റി ഇല്ലാതാവുന്നു,
അംഗങ്ങള്‍ ആഹ്ലാദപൂര്‍വം പങ്കെടുക്കുന്ന ഓണം, ഈദ് സൗഹൃദ സംഗമങ്ങളിലൂടെയും, സമൂഹ നോമ്പ് തുറകളിലൂടെയും, നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന സാമുദായിക സൗഹാര്‍ദത്തിന്റെ കണ്ണികള്‍ കൂട്ടിയിണക്കാനും Q-മലയാളം ശ്രമിക്കുന്നു.
കേരളത്തിന്റെ രുചിഭേദങ്ങള്‍ ഒരുമിച്ചു ചേരുന്ന സന്ദര്‍ഭങ്ങള്‍ കൂടിയാണ് ഈ സംഗമങ്ങള്‍. സ്വന്തം വീടുകളില്‍ തയ്യാറാക്കുന്ന വൈവിധ്യപൂര്‍ണമായ വിഭവങ്ങളോടൊപ്പം അംഗങ്ങള്‍ സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നു.