മുഹാജിർ
February 08, 2018 Thursday
കൃഷിയിടം' അംഗമായ രാജൻ ഫ്രെഡറിക് രാജഗിരി സ്കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറികൃഷിയെക്കുറിച്ച് ക്ലാസ്സെടുക്കുന്നു. പശ്ചാത്തലത്തിൽ ഫ്രെഡറികിന്റെ വീട്ടിലെ പച്ചക്കറിത്തോട്ടം.
സസ്യശ്യാമള കോമളമായ കേരളത്തില്‍നിന്ന് തൊഴില്‍ തേടി ഗള്‍ഫില്‍ എത്തിയതിന് ശേഷമാണ് പല മലയാളികളും കൃഷിയുടെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത് എന്നത് ഒരു കൗതുകമായിരിക്കാം. ഒരു വൈരുദ്ധ്യവും. കൃഷി ഒരു ഹോബിയായി മാറ്റുന്ന മലയാളി പ്രവാസികളുടെ എണ്ണം ഖത്തറില്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. അവരെ ഒരുമിച്ചു ചേര്‍ക്കുന്ന നിരവധി കൂട്ടായ്മകളില്‍ അംഗസംഖ്യ സംഖ്യകൊണ്ടും പ്രവര്‍ത്തന വൈപുല്യംകൊണ്ടും മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നാണ് 'കൃഷിയിടം ഖത്തര്‍'.
ഫ്ളാറ്റുകളിലും പാര്‍ട്ടീഷന്‍ ചെയ്ത വില്ലകളിലും ജീവിതം തളച്ചിടാന്‍ വിധിക്കപ്പെട്ട പ്രവാസി മലയാളിക്ക് നഷ്ടപ്പെട്ടുപോയ എന്തെല്ലാമോ വീണ്ടെടുക്കാനുള്ള ഉപാധികൂടിയാണ് കൃഷി. നാട്ടില്‍ പറമ്പും പാടവും നികത്തി മണി മന്ദിരങ്ങള്‍ പണിയുന്ന മലയാളി മരുഭൂമിയിൽ ഇത്തിരി സ്ഥലത്ത് ഇത്തിരിപ്പോന്ന ചെടിച്ചട്ടികളില്‍ പച്ചക്കറി വളര്‍ത്തി ആത്മസായൂജ്യം നേടുകയോ കുറ്റബോധം തീര്‍ക്കുകയോ ചെയ്യുന്നു.
ഗള്‍ഫ് മലയാളികള്‍ എന്ത്‌കൊണ്ട് കൃഷിയിലേക്ക് ആകര്‍ഷിക്കപെടുന്നു എന്ന ചോദ്യത്തിന് 'കൃഷിയിട'ത്തിന്റെ സ്ഥാപകരില്‍ ഒരാളായ മഹ്റൂഫ് നല്‍കുന്ന മറുപടി ഇതാണ്: 'ഗള്‍ഫ് മലയാളികളില്‍ അധികവും പഠനം കഴിഞ്ഞ ഉടനെ വിദേശത്തേക്ക് ചേക്കേറുന്നവരാണ്. കളിച്ചു നടക്കുന്ന കാലത്ത് അവര്‍ക്ക് കൃഷിയെപറ്റിയൊന്നും ചിന്തിക്കാന്‍ സമയം കിട്ടില്ല. കൃഷി അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് പ്രത്യേകിച്ചും. ജോലിയും കുടുംബവുമായി ഗള്‍ഫില്‍ താമസിക്കുമ്പോഴാണ് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കണമെന്ന ചിന്ത പലര്‍ക്കും ഉണ്ടാവുന്നത്. ഞങ്ങളുടെ അംഗങ്ങളില്‍ പലരും ഇത് പറയാറുമുണ്ട്.''
മൂന്ന് വര്‍ഷം മുമ്പ് രൂപീകൃതമായ 'കൃഷിയിട'ത്തില്‍ ഇപ്പോള്‍ പതിനൊന്നായിരത്തിലധികം അംഗങ്ങളുണ്ടെന്ന് മഹ്റൂഫ് പറയുന്നു. സുനീറും ജ്യോതിഷും ആണ് മറ്റ് സ്ഥാപക അംഗങ്ങള്‍.
അംഗങ്ങളിൽ ഒമ്പതിനായിരത്തോളം പേര്‍ ഖത്തറില്‍ ജീവിക്കുന്നവരാണ്. സജീവ അംഗങ്ങളില്‍ സ്ത്രീകളാണ് കൂടുതൽ. കൃഷി അഭിനിവേശം ആയി കൊണ്ട് നടക്കുന്ന ധാരാളം പുരുഷന്മാരുമുണ്ട്.
'കൃഷിയിടം' മലയാളികള്‍ക്കിടയില്‍ ഇത്രയധികം പ്രശസ്തമായതിന് കാരണമായി മഹ്റൂഫ് പറയുന്നത് ഇതാണ്: 'ഞങ്ങളുടെ കൂട്ടായ്മയില്‍ ഏത് മലയാളിക്കും അംഗമാവാം. അംഗത്വം സൗജന്യമാണ്. വിത്തുകള്‍ ഞങ്ങള്‍തന്നെ വിതരണം ചെയ്യുന്നു. വിത്തുകള്‍ മുളപ്പിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ചെടികള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കുന്നു. ആവശ്യമുള്ളവര്‍ക്ക് വളവും സംഘടിപ്പിച്ചുകൊടുക്കും. അതിനുപുറമെ കൃഷിസംബന്ധമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയുമൊക്കെ അപ്പപ്പോള്‍ നല്‍കുകയും ചെയ്യുന്നു."
'കൃഷിയിടം ലേഡീസ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജാതി, മത ഭേദമന്യേ ധാരാളം സ്ത്രീകള്‍ പങ്കുചേരുകയും കൃഷി സംബന്ധമായ അറിവുകളും അനുഭവങ്ങളും കൈമാറുകയും ചെയ്യുന്നു.
വീടുകളിലെ സ്ഥലപരിമിതിയും ഖത്തറിന്റെ കാലാവസ്ഥയും പരിഗണിച്ചുകൊണ്ട് ചെറിയരീതിയിലുള്ള പച്ചക്കറികൃഷിയിലാണ് അധികപേരും വ്യാപൃതരാവുന്നത്. വീട്ടമ്മമാര്‍ക്ക് പുറമെ ജോലിക്ക് പോകുന്ന ധാരാളം സ്ത്രീകളും പുരുഷന്മാരും അവരുടെ സമയത്തിന്റെ ഒരു ഭാഗം കൃഷിക്ക് വേണ്ടി നീക്കി വെക്കുന്നു.
തക്കാളി, പയറുവര്‍ഗങ്ങള്‍, പച്ചമുളക്, വഴുതന, വെണ്ട, മത്തങ്ങ തുടങ്ങിയവയാണ് സാധാരണ കൃഷി ചെയ്യുന്നതും ഖത്തറില്‍ സുലഭമായി വിളയുന്നതുമായ പച്ചക്കറിയിനങ്ങള്‍. മരമായി വളര്‍ന്ന് ഇലയും കായും നല്‍കുന്ന ചെടികളില്‍ പ്രധാനമാണ് മുരിങ്ങ. മുരിങ്ങയില ഒരു നല്ല ഒരു ജൈവവളം കൂടിയാണ്; കൃഷിയില്‍ വിദഗ്ധനായ മഅ്‌റൂഫ് പറയുന്നു.
വാഴകൃഷി പരീക്ഷിക്കുന്നവരും ഉണ്ട്. സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഖത്തറില്‍ പച്ചക്കറി കൃഷിക്ക് പറ്റിയ സീസണ്‍.
'സ്ഥല പരിമിതിയാണ് മിക്കയാളുകളുടെയും പ്രശ്‌നം. വീട്ടില്‍ സ്ഥലസൗകര്യമുള്ള ചില അംഗങ്ങള്‍ ഗ്രീന്‍സ് ഹൗസ് പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് വൈവിധ്യമാര്‍ന്ന പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.
ഓരോ സീസണിന്റെ അവസാനമാവുമ്പോഴേക്കും അംഗങ്ങളില്‍നിന്ന് തന്നെ നല്ലയിനം വിത്തുകള്‍ ശേഖരിച്ച് അടുത്ത സീസണിലേക്ക് ആവശ്യമുള്ളവര്‍ക്ക് വിതരണം ചെയ്യും. കഴിഞ്ഞ സപ്തംബറില്‍ ഇരുനൂറ് കുടുംബങ്ങള്‍ക്കാണ് 'കൃഷിയിടം' വിത്തുകള്‍ വിതരണം ചെയ്തത്. കുടുംബശ്രീപോലെയുള്ള നാട്ടിലെ കൂട്ടായ്മകളില്‍നിന്നും നല്ലയിനം വിത്തുകള്‍ കൊണ്ടുവരികയും ചെയ്യാറുണ്ട്
ഇഗ്ലീഷ് വളം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള ജൈവകൃഷിയാണ് 'കൃഷിയിടം' പ്രോത്സാഹിപ്പിക്കുന്നത്. ഡ്രമ്മുകളില്‍ കംപോസ്റ്റ് ചെയ്ത് ജൈവവളം ഉല്‍പാദിപ്പിക്കുന്ന രീതി അംഗങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കും. അംഗങ്ങളുടെ കൂട്ടത്തില്‍ ഇത്തരം വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരാണ് സോഷ്യല്‍ മീഡിയയിലൂടെ ക്ലാസുകള്‍ നല്‍കുന്നത്.
'മത്തിയും ശര്‍ക്കരയും ചേര്‍ത്ത് ഒന്നാന്തരം ജൈവവളം ഉണ്ടാക്കാം. ഒരു കിലോ മത്തിയും ഒരു കിലോ ശര്‍ക്കരയും ചേര്‍ത്ത് വെള്ളം ഒഴിച്ച് നേര്‍പിച്ചാല്‍ ഒരു ചെറിയ വീട്ടിലേക്ക് ഒരു സീസണ്‍ മുഴുവന്‍ ആവശ്യമായ വളം കിട്ടും. കീടങ്ങളുടെ ശല്യം നാട്ടിലെ അപേക്ഷിച്ച് ഇവിടെ കുറവാണ്. പുകയില കഷായം, കാന്താരി മിശ്രിതം, വെള്ളുള്ളി മിശ്രിതം, വേപ്പണ്ണ മിശ്രിതം തുടങ്ങിയവയാണ് കീടങ്ങളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നത്, " മഹ്റൂഫ് പറഞ്ഞു. കുറഞ്ഞ ചെലവ് മതി ചെറുതായ രീതിയില്‍ ഒരു കുടുംബത്തിന് ഒരു സീസണിലേക്ക് പച്ചക്കറി വളര്‍ത്താന്‍. മൂന്ന് മാസംകൊണ്ട് വിളവെടുക്കാം. 'സാമ്പത്തിക ലാഭത്തേക്കാള്‍ എത്രെയോ വലുതാണ്, സ്വന്തം കൈകൊണ്ടുണ്ടാക്കിയ പച്ചക്കറി സ്വയം പാകം ചെയ്ത് കഴിക്കുമ്പോഴുള്ള മാനസിക സംതൃപ്തി'' മഹ്റൂഫ് പറയുന്നു.
അംഗങ്ങള്‍ സ്വന്തം ആവശ്യം കഴിച്ച് മിച്ചമുള്ള ഉല്‍പന്നങ്ങള്‍ സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും വിതരണം ചെയ്യും. ഉല്‍പന്നങ്ങള്‍ പരസ്പരം കൈമാറുന്ന രീതിയും നിലവിലുണ്ട്. ഉദാഹരണത്തിന് മത്തങ്ങ കൊടുത്ത് വഴുതിന വാങ്ങും. വെണ്ട കൊടുത്ത് തക്കാളി വാങ്ങും.
കേരളത്തിലെ പല പ്രദേശങ്ങളില്‍നിന്നും വരുന്ന പലമതക്കാരായ ആളുകളെ കൃഷി എന്ന പൊതുവായ ചരടില്‍ കോര്‍ത്തിണക്കുന്ന വേദി കൂടിയാണ് 'കൃഷിയിടം'. "അംഗങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഇടക്കിടെ സംഗമങ്ങള്‍ നടത്താറുണ്ട്. സോഷ്യല്‍ മീഡിയായിലൂടെ മാത്രം പരിചയപ്പെട്ട പലരും നേരില്‍ കാണുന്നതും ബന്ധം സുദൃഢമാക്കുന്നതും അത്തരം വേദികളില്‍ വെച്ചാണ്. ഏത് പരിപാടിയായാലും അത് അവസാനിക്കുന്നത് കൃഷി സംബന്ധമായ എന്തെങ്കിലും പാഠം അല്ലെങ്കില്‍ സന്ദേശം നല്‍കിക്കൊണ്ടായിരിക്കും, " മഹ്റൂഫ് പറഞ്ഞു.
മലയാളികളുടെ കാര്‍ഷിക സംസ്‌കാരം ഖത്തരി കുടുംബങ്ങള്‍ക്ക് കൂടി പരിചയപ്പെടുത്താനുള്ള പരിശ്രമത്തിലാണ് കൃഷിയിടം ഇപ്പോള്‍.
"ഖത്തറില്‍ ധാരാളം പച്ചക്കറി ഫാമുകള്‍ ഉണ്ടെങ്കിലും വീടുകകളില്‍ ഖത്തരികള്‍ പച്ചക്കറി വളര്‍ത്തുന്ന പതിവില്ല. പലരുമായും ഈ വിഷയത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. താല്‍പര്യജനകമായ പ്രതികരണങ്ങള്‍ ചിലരില്‍നിന്നൊക്കെ ലഭിക്കുകയുമുണ്ടായി. ഖത്തറിന് മലയാളി സമൂഹത്തിന്റെ ഒരു സംഭാവന എന്ന നിലയില്‍ ഈ രംഗത്ത് എന്തെങ്കിലും ചെയ്യണം എന്നാണ് ഞങ്ങളുടെ ആഗ്രഹം,"മഹ്റൂഫ് പറഞ്ഞു.