കോര്‍ണിഷിലും സൂഖുകളിലും തിരക്കുകൂടുന്നു; ഖത്തർ പൂര്‍വസ്ഥിതിയിലേക്ക്

ഈയുഗം ന്യൂസ് ബ്യൂറോ     August  03, 2020   Monday   11:50:08am

newswhatsapp

ദോഹ: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കോര്‍ണിഷിലും സൂഖുകളിലും വീണ്ടും സന്ദര്‍ശകര്‍ എത്തിതുടങ്ങി. മഹാമാരിയുടെ അതിവ്യാപനത്തെ തുടര്‍ന്ന് വിജനമായ കോര്‍ണിഷിലാണ് വീണ്ടും സായാഹ്നസവാരിക്കാരുടെയും കുടുംബകൂട്ടായ്മയുടെയും തിരക്ക് ദിനംപ്രതി ഉയരുന്നത്.

കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതലുകൾ പൂര്‍ണമായും പാലിച്ചാണ് സന്ദർശകർ എത്തിയത്. നാലുമാസത്തിനിടെ ആദ്യമായാണ് ഇവരിൽ പലരും പുറത്ത് പോകുന്നത്.

മഹാമാരി കാരണം പുറത്തിറങ്ങാൻ വയ്യാതെ ഇത്രയുംനാള്‍ വീടുകളില്‍ കഴിയുകയായിരുന്ന കുട്ടികളിലും മുതിർന്നവരിലും വിശാലമായ കോർണിഷിന്‍റെ ഇളംകാറ്റില്‍ തെളിഞ്ഞ ആഹ്ലാദം പ്രകടമായിരുന്നു.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെങ്ങും പാർക്കുകളിലും തിരക്ക് അനുഭവപ്പെട്ടു. പാര്‍ക്കുകളിലും കോര്‍ണിഷിലുമായി സാമുഹികമാധ്യമ കൂട്ടായ്മകളുടെ കൂടിച്ചേരലുകളും പഴയത് പോലെ തകൃതിയാകുന്നു. മാനസിക സംഘർഷങ്ങൾ കുറയ്ക്കാനാവശ്യമായ വഴി തങ്ങള്‍ക്കു വീണ്ടു കിട്ടിതിന്‍റെ ആശ്വാസമാണേവര്‍ക്കും. ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നതും പലര്‍ക്കും ആശാസമായി.

കഴിഞ്ഞ മാസംവരെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവായിരുന്നു ഖത്തറില്‍. പൊതുവിനോദ കേന്ദ്രങ്ങളിലെ ഒത്തുചേരല്‍ ഇത്രവേഗം സാധ്യമാവുമെന്ന് പലരും കരുതിയതല്ല. സർക്കാരിന്റെ ശാസ്ത്രീയമായ പരിശ്രമത്തിന്റെ ഫലമായാണ് ഖത്തറിന്റെ തിരിച്ചുവരവെന്നും സന്ദർശകർ അഭിപ്രായപ്പെട്ടു.


Sort by