ഈയുഗം ന്യൂസ്
April 21, 2024 Sunday 02:32:28pm
ദോഹ: യാത്രക്കാരിക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചതിന് എയർലൈൻ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഖത്തറിലെ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ട്രേഡ് കോടതി ഉത്തരവിട്ടു.
യാത്രക്കാരിക്ക് 20,000 റിയാൽ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി വിധിച്ചതായി അൽ ഷർഖ് റിപ്പോർട്ട് ചെയ്തു. വിമാന കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
500,000 റിയാൽ നഷ്ടപരിഹാരം നൽകണമെന്നാണ് യാത്രക്കാരി ആവശ്യപ്പെട്ടത്.
സംഭവദിവസം ദോഹയിൽ നിന്ന് ഒരു അറബ് രാജ്യത്തേക്കുള്ള യാത്രക്കായി ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാരി വിമാനത്താവളത്തിൽ എത്തിയെന്ന് പരാതിയിൽ പറയുന്നു.
ബോർഡിംഗ് ഗേറ്റിലെത്തി യാത്രാ രേഖകൾ നൽകിയപ്പോൾ വൈകിയെന്നും വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നും എയർലൈൻ ജീവനക്കാരി പറഞ്ഞു. അവർ തന്നോട് മോശമായി പെരുമാറിയെന്നും ഉച്ചത്തിൽ സംസാരിച്ചെന്നും പരാതിക്കാരി പറഞ്ഞു.
വിമാനം പുറപ്പെടുന്നതിന് ഏകദേശം ഒരു മണിക്കൂർ സമയമുണ്ടായിരുന്നതിനാൽ തന്നെ ബോർഡ് ചെയ്യാൻ അനുവദിക്കണമെന്ന് യാത്രക്കാരി പലതവണ അഭ്യർത്ഥിച്ചെങ്കിലും ജീവനക്കാരി സമ്മതിച്ചില്ലെന്നും സമ്മർദ്ദം സഹിക്കാനാവാതെ യാത്രക്കാരി ബോധരഹിതയായെന്നും മെഡിക്കൽ സഹായം ലഭ്യമാക്കേണ്ടി വന്നതിനാൽ ഫ്ലൈറ്റ് മിസ്സായെന്നും പരാതിയിൽ പറഞ്ഞു.
രേഖകൾ പരിശോധിച്ച് വാദങ്ങൾ കേട്ട ശേഷം 20000 റിയാൽ നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനിയോട് കോടതി ഉത്തരവിട്ടു.