// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
September  22, 2019   Sunday   03:48:58pm

news



whatsapp

ദോഹ: ഖത്തറിലെ ഏറ്റവും വലിയ ഇന്റര്‍ചേഞ്ച്‌ ആയ ഉം ലഖ്ബ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണം 72 ശതമാനം പൂര്‍ത്തിയായതായി അശ്ഗാല്‍ അറിയിച്ചു. ഖത്തറില്‍ അടിസ്ഥാനസൌകര്യ വികസനത്തിന്‍റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് ഉം ലഖ്ബ ഇന്റര്‍ചേഞ്ച്‌ .

പതിനൊന്ന് കിലോമീറ്റര്‍ നീളമുള്ള ഇന്റര്‍ചേഞ്ചില്‍ ഒന്‍പത് പാലങ്ങള്‍ ഉണ്ടായിരിക്കും. ഒരു മണിക്കൂറില്‍ 20,000 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമുണ്ടായിരിക്കും. ലാന്‍ഡ്‌മാര്‍ക്ക് ഇന്‍റര്‍സെക്ഷന്‍ എന്ന പേരിലും അറിയപ്പെടുന്ന ഈ ഇന്റര്‍ചേഞ്ച്‌ സബഹ് അല്‍ അഹ്മദ് കോറിഡോര്‍ പ്രൊജക്റ്റിന്റെ ഭാഗമായാണ് നിര്‍മിക്കുന്നത്.

2021 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന ഇന്റര്‍ചേഞ്ചിന്‍റെ ചില ഭാഗങ്ങള്‍ ഈ വര്‍ഷം അവസാനം തുറന്നുകൊടുക്കുമെന്നും ബാക്കി ഭാഗങ്ങള്‍ പണി പൂര്‍ത്തിയാകുന്ന മുറക്ക് തുറന്നുകൊടുക്കുമെന്നും ആശ്ഗാല്‍ വൃത്തങ്ങള്‍ അറിയിച്ചു. ദോഹ എക്സ്പ്രസ്സ്‌വേയിലെ, പ്രത്യേകിച്ചും 22 ഫെബ്രുവരി സ്ട്രീറ്റുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ ഇന്റര്‍ചേഞ്ച്‌ സഹായിക്കും. ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് ഇത് ഉപകരിക്കും.

ചില പാലങ്ങള്‍ക്ക് ഒന്‍പത് നില കെട്ടിടങ്ങളുടെ (28 മീറ്റര്‍) ഉയരമുണ്ടായിരിക്കുമെന്നു പ്രൊജക്റ്റ്‌ മാനേജര്‍ അലി ഇബ്രാഹിം പറഞ്ഞു. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഉം ലഖ്ബയില്‍ എത്താന്‍ ഇപ്പോഴുള്ള 50 മിനിറ്റില്‍ നിന്നും 18 മിനിറ്റ് മതിയാകും.

ജനസാന്ദ്രതയുള്ളതും പ്രധാനപ്പെട്ട മാളുകളടക്കം നിരവധി വാണിജ്യസ്ഥാപനങ്ങളും ഗവണ്മെന്റ് ഓഫീസുകളും വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ഈ ഇന്‍റര്‍ചേഞ്ച്‌.

Comments


Page 1 of 0