// // // */
സ്റ്റാഫ് ലേഖകൻ
February 08, 2018 Thursday
പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ശക്തമായ മാധ്യമമാണ് കല. ഉപരോധം നേരിടുന്ന ഖത്തറില്‍ ഇപ്പോള്‍ കലയുടെ കൊയ്ത്ത് കാലമാണ്.
അഹ്മദ് ബിന്‍ മാജിദ് അല്‍ മഹാദീദ് എന്ന ഖത്തരി ചിത്രകാരന്‍ വരച്ച, അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ രേഖാചിത്രം ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടാണ് ഖത്തരികള്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറിയത്.
സ്വദേശികളും വിദേശികളും തങ്ങളുടെ അഭിമാനഭാജനമായി കരുതുന്ന അമീറിന്റെ ഈ ചിത്രം അലങ്കരിക്കാത്ത കെട്ടിടങ്ങളോ ഓഫീസുകളോ കാറുകളോ ഈ ദേശത്ത് കാണാന്‍ പ്രയാസം. ഖത്തര്‍ നേരിടുന്ന അനീതിപരമായ ഉപരോധത്തിന്റെയും അമീറിന്റെ നേതൃത്വത്തില്‍ ഖത്തരിജനത നടത്തുന്ന ധീരമായ ചെറുത്തു നില്‍പ്പിന്റെയും പ്രതീകമായി മാറിയിരിക്കുന്നു, കറുപ്പിലും വെളുപ്പിലും ലളിതമായ വരകളിലൂടെ തീര്‍ത്ത ഈ പോര്‍ട്രേറ്റ്. ഡിസംബര്‍ 18 ന് നടന്ന ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളിലും മഹാദീനിന്റെ ചിത്രം പല വര്‍ണങ്ങളിലും ഡിസൈനുകളിലും പുനരാവിഷ്‌ക്കരിക്കപ്പെട്ടു. അമീറിന്റെ ഈ ചിത്രം ഉല്ലഖനം ചെയ്ത ഷാളുകളും ടീഷര്‍ട്ടുകളും കൊടികളും ഖത്തറിലെ യുവതലമുറയുടെ ഹരമാണിപ്പോള്‍.
കൗതുകകരമായ കാര്യം ഉപരോധത്തിനും മാസങ്ങള്‍ക്ക് മുമ്പെ അമീറിനോടുള്ള ഇഷ്ടം കാരണം മഹാദീദ് വരച്ചുവെച്ചതാണ് ഈ രേഖാചിത്രം എന്നതാണ്. ചിത്രം പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും ചിത്രകാരന്‍ അവസരം അന്വേഷിച്ചു നടക്കവെയാണ്, ജൂണ്‍ 5 ന് ഉപരോധം പ്രഖ്യാപിക്കപ്പെടുന്നത്. ഒട്ടും കാത്ത് നില്‍ക്കാതെ മഹാദീദ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ ചിത്രം പുറത്ത് വിട്ടു. ഖത്തരി ജനത അത് ഏറ്റെടുക്കുകയും രായ്ക്കു രാമാനം മഹാദീദ് ഒരു ദേശീയ ഹീറോ ആയി മാറുകയും ചെയ്തു.
മഹാദീദിന്റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ഈയിടെ ദോഹയില്‍ നടന്നു. ഒട്ടകങ്ങള്‍, കുതിരകള്‍, ഖത്തരികളുടെ പ്രിയപക്ഷിയായ ഫാല്‍ക്കൻ എന്നിവയുടെ ചിത്രങ്ങളും, ഉപരോധത്തില്‍ ഖത്തറിനെ സഹായിച്ച ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ്, തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉര്‍ദുഗാന്‍ തുടങ്ങിയ നേതാക്കളുടെ രേഖാചിത്രങ്ങളും പ്രദര്‍ശനത്തിനെത്തി.
"നിങ്ങള്‍ ഒരാളുടെ ചിത്രം വരക്കുമ്പോള്‍ അയാളോടുള്ള ഇഷ്ടവും ബഹുമാനവും പ്രകടമാക്കുകയാണ്. അതാണ് ഇവിടത്തെ രീതി, " മഹാദീദിനെ ഉദ്ധരിച്ച്‌കൊണ്ട് മിഡില്‍ ഈസ്റ്റ് ഐ എന്ന ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉപരോധത്തെ അവസരമാക്കിമാറ്റിയ കലാകാരന്മാര്‍ ഖത്തറില്‍ വേറെയുമുണ്ട്.
"ഉപരോധം നിരവധി പ്രതിഭകളെയും വ്യക്തിത്വങ്ങളെയും ആണ് അനാവരണം ചെയ്തത്. ഖത്തറിനോടുള്ള സ്‌നേഹം അവര്‍ പല രീതിയില്‍ ആവിഷ്‌ക്കരിക്കുകയായിരുന്നു,'' ആമിന അല്‍ ദര്‍വീഷ് എന്ന ചിത്രകാരി വെബ്‌സൈറ്റിനോട് പറഞ്ഞു. അവരുടെ സൃഷ്ടികള്‍ രാഷ്ട്രീയപരം എന്നതിനേക്കാള്‍ ദേശസ്‌നേഹപരം ആണ്, അവർ കൂട്ടിച്ചേര്‍ത്തു.
യുവ ഖത്തരി ചിത്രകാരന്‍ മുബാറക് അല്‍ഥാനിയുടെ ഒരു പെയിന്റിംഗില്‍, ത്രിമാനചതുരത്തില്‍ കുറെ മനുഷ്യരെ കാണാം. ഓരോ ആളും ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ഓരോ രാജ്യക്കാരെ പ്രതിനിധീകരിക്കുന്നു. ഉദാഹരണത്തിന് ബഹ്റൈന്‍ സഊദി അറേബ്യയുമായി ബന്ധിക്കപ്പെട്ട നിലയില്‍ കാണാം. അവരുടെ രാഷ്ട്രീയ വിധേയത്വത്തെയാണ് അത് സൂചിപ്പിക്കുന്നതെന്ന് അല്‍ഥാനി മിഡില്‍ ഈസ്റ്റ് ഐ യോട് പറഞ്ഞു. യമന്‍, സിറിയ യുദ്ധങ്ങളെ പ്രമേയമാക്കിക്കൊണ്ടുള്ള പെയിന്റിംഗുകളും അല്‍ഥാനി വരച്ചിട്ടുണ്ട്.
ഖത്തറിലെ അംബരചുംബികള്‍ക്ക് സമാനമായ ത്രിമാനരൂപങ്ങൾ രാഷട്രത്തിന്റെ വൈവിധ്യത്തെയും ശീഘ്രഗതിയിലുള്ള വളര്‍ച്ചയെയുമാണ് സൂചിപ്പിക്കുന്നതെന്ന് ഈ യുവചിത്രകാരന്‍ പറയുന്നു. ഖത്തറിലെ ചിത്രകാരന്‍മാര്‍ അപൂര്‍വമായേ രാഷ്ട്രീയ പ്രശ്‌നങ്ങളും ഖത്തറി സമൂഹത്തിലെ നിഷേധാത്മക അംശങ്ങളും പ്രമേയമാക്കാറൂള്ളൂ എന്നാണ് അല്‍ഥാനിയുടെ നിരീക്ഷണം.
"ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിന് പകരം പോസീറ്റീവായ ഒരു സന്ദേശം നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, " അല്‍ ദര്‍വീഷിന്റെ അഭിപ്രായം ഇതാണ്.
ദോഹയിലെ വളര്‍ന്നുവരുന്ന കലാകാരന്മാരുടെ അരങ്ങായ 'ഫയര്‍ സ്റ്റേഷന്റെ' ഡയറക്ടര്‍ ഖലീഫ അല്‍ ഒബൈദലിയുടെ അഭിപ്രായത്തില്‍ ഖത്തരികള്‍ പൊതുവെ നിഷേധാതുകതയില്‍ താല്‍പര്യം ഇല്ലാത്തവരാണ്."ഉപരോധത്തിന് ശേഷം ഞങ്ങളാരും അയല്‍രാജ്യങ്ങളെ നേര്‍ക്കുനേരെ ആക്രമിച്ചിട്ടില്ല. ഖത്തരികളുടെ ചിന്താരീതി അതുതന്നെയാണ്. ഞങ്ങള്‍ മര്‍ദ്ദിതരുടെ കൂടെ നിലയുറപ്പിക്കുന്നുവെന്ന് മാത്രം, " അല്‍ ഒബൈദലി പറയുന്നു.
ഇരുപത്തിനാലുകാരിയായ ഖത്തരി ചലച്ചിത്രകാരി ദാന മുഹമ്മദിനും സമാനമായ ചിന്താഗതിയാണുള്ളത്.
''ചര്‍ച്ചയിലൂടെയും ഡയലോഗിലൂടെയുമാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് എന്നാണ് ഞങ്ങള്‍ ഖത്തരികള്‍ വിശ്വസിക്കുന്നത്. ആരെങ്കിലും നിങ്ങളെ കടന്നാക്രമിക്കുകയാണെങ്കില്‍ തന്നെ, അതേ ശൈലിയില്‍ തിരിച്ചടിക്കുന്നതിലൂടെ അവരുടെ തെറ്റ് നിങ്ങളും ആവര്‍ത്തിക്കുകയാണ്, " ദാന പറയുന്നു.