ഓർബിറ്റല്‍ റോഡ് ഇനി മുതൽ അൽ മജ്ദ് റോഡ് എന്നറിയപ്പെടും

    February  09, 2019   Saturday   08:13:27pm

news
ദോഹ: രാജ്യത്തെ സുപ്രധാന റോഡുകളെ മുഴുവൻ ഏകോപിപ്പിക്കുന്ന ദേശീയ പാതയായ ഓർബിറ്റല്‍ ഹൈവേ ഇനി "അൽ മജ്ദ് റോഡ്'' എന്ന പേരില്‍ അറിയപ്പെടും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ താനി വ്യാഴാഴ്ച ഉത്ഘാടനം ചെയ്ത ഈ റോഡ്‌ നിരവധി സവിശേഷതകള്‍ നിറഞ്ഞതാണ്‌.

രാജ്യത്തിൻറെ തെക്കു വടക്കൻ മേഖലകളെയും വിവിധ ഇൻഡസ്ട്രിയൽ ഏരിയകളെയും പ്രധാന പോർട്ടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ രാജകീയ പാത നിലവിലെ അതിവേഗ പാതകളായ അൽ ഖോർ കോസ്റ്റൽ റോഡ്, ഷമാൽ എക്സ്പ്രസ്സ് ഹൈവേ, ദുഖാൻ അതിവേഗ പാത, എഫ് റിങ്ങ് റോഡ്, ജി റിങ്ങ് റോഡ് എന്നിവകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.

സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധ പ്രഖ്യാപന ശേഷം ഖത്തറിന്റെ ചെറുത്തു നിൽപ്പിന്റെ പ്രതീകമായ ''തമീം അൽ മജ്ഡ്'' ചിത്രത്തിന്റെ ചുവട് പിടിച്ചാണ് രാജ്യത്തിൻറെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നാഴികക്കല്ലായ ഓർബിറ്റ് ഹൈവേ പുനർനാമകരണം ചെയ്തത്. ഉപരോധം നിലവിൽ വന്നതിന്റെ ശേഷമാണ് ഈ റോഡ് ശൃംഖലയുടെ നിർമാണത്തിന്റെ സിംഹ ഭാഗവും പൂര്‍ത്തിയാക്കിയത്.

18 ഇൻഡർ സെക്ഷനുകൾ ഉള്ള ഈ റോഡിന് 195 കിലോമീറ്റർ നീളമുണ്ട്. 2022 ലോക കപ്പിനായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ സ്റ്റേഡിയങ്ങളിലേക്കും അവയോട് അനുബന്ധിച്ചുണ്ടാക്കിയ 30 റെസിഡൻഷ്യൽ കേന്ദ്രങ്ങളിലേക്കും ഈ റോഡ് വഴി സഞ്ചരിച്ചെത്താം എന്നതിനാൽ അൽ മജ്ഡ് റോഡ് ലോക കപ്പ് റോഡ് കൂടിയായി മാറുകയാണ്.

അൽ ഖോറിനും മിസഈദിനും ഇടയിൽ ഇരു ദിശകളിലേക്കും 7 ട്രാക്കുകൾ ആയാണ് റോഡ് നിർമിച്ചിരിക്കുന്നത്. ഒരു മണിക്കൂറിൽ 14,000 വാഹനങ്ങൾക്ക് ഒരേ സമയം കടന്ന് പോകാൻ കഴിയുന്ന ഈ സുരക്ഷിത പാത ഹമദ് പോർട്ടിനെയും ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തെയും പരസ്‌പരം ബന്ധിപ്പിക്കുന്നു.

ഇതേ റോഡിനു ഇരുവശത്തും സമാന്തരമായി ചരക്ക് ഗതാഗതത്തിന് വേണ്ടി 4 ട്രാക്കുകൾ ഉള്ള ട്രക്ക് റോഡിന്റെ നിർമാണവും സമാപന ഘട്ടത്തിലാണ്. സൽവ റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമാണ് അൽ മജ്ഡ് റോഡ്. ഇൻഡസ്ട്രിയൽ ഏരിയ, ഐൻ ഖാലിദ്, ഉമ്മു നസീം, മദീന മുറ, പരിസരങ്ങളിലെ പാർപ്പിട മേഖലകൾ എന്നിവിടങ്ങളിലെ ആളുകൾക്ക് തെക്ക് ഭാഗത്തുള്ള മിസഈദ്, വടക്ക് ഭാഗത്തുള്ള അൽ ഖോർ, പടിഞ്ഞാറു ഭാഗത്തുള്ള ദുഖാൻ എന്നിവിടങ്ങളിലേക്ക് സൽവ റോഡിലെ മിസഈദ് എക്സിറ്റ് വഴി കുറഞ്ഞ സമയം കൊണ്ട് എത്താൻ കഴിയുന്നു എന്നതാണ് അൽ മജ്ഡ് റോഡിന്റെ പ്രധാന സവിശേഷത.

ദേശീയ ദിനം, ദേശീയ സ്പോർട്ട്സ് ദിനം തുടങ്ങിയ പ്രധാന ആഘോഷങ്ങൾ നടക്കുന്ന അൽ റഫ റോഡിലേക്ക് ഈ റോഡ് വഴി രാജ്യത്തിൻറെ എവിടെ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം.


Sort by