// // // */
ഈയുഗം ന്യൂസ് ബ്യൂറോ
July 01, 2018 Sunday 06:21:04pm
ദോഹ: ഖത്തരികൾക്കെതിരെ വംശീയ വിവേചനമോ മനുഷ്യാവകാശ ലംഘനമോ നടത്തിയിട്ടില്ല എന്ന യു.എ. ഇ വാദത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതായി പ്രാദേശിക അറബി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോക കോടതിയിൽ ഖത്തർ ഫയൽ ചെയ്ത കേസിലെ വിചാരണക്കിടയിലാണ് യു.എ. ഇ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. എന്നാൽ യു.എ. ഇ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളില്‍ നിന്നും ഇത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്.
യു.എ. ഇ അധികൃതർ പ്രവേശനം നിഷേധിച്ചു തിരിച്ചയച്ചവർ, കുടുംബങ്ങളെ സന്ദർശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടവർ, യൂ.എ.ഇ യിലെ സ്വന്തം ഷോപ്പുകളും കമ്പനികളും സന്ദർശിക്കാന്‍ കഴിയാത്തവർ, അവിടത്തെ സർവകലാശാലകളിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ഖത്തർ വിദ്യാർത്ഥികൾ, സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഒരു വർഷമായി നടത്തിയ ശ്രമം പരാജയപ്പെട്ടവര്‍ എന്നിവരാണ് യൂ.എ.ഇ നിലപാടിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നത്.
ഉപരോധ നഷ്ടപരിഹാര സമിതിക്ക് ഇതിനകം ഇത്തരത്തില്‍ 1,005 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് ശേഷം തെളിവുകൾ സഹിതമാണ് ഖത്തർ ലോക കോടതിക്ക് കൈമാറിയത്. ബന്ധുക്കള്‍ മരണപ്പെട്ട ശേഷം കബറടക്കത്തിൽ പങ്കെടുക്കുന്നത് വരെ വിലക്കപ്പെട്ട കേസുകളില്‍ പരാതികൾ സമയം, ഇരയുടെ പേര് വിവരങ്ങൾ , ദിവസം എന്നിവ സഹിതമാണ് കോടതിക്ക് മുമ്പാകെ ഖത്തർ അഭിഭാഷകൻ സമർപ്പിച്ചത്. സമാനമായ അവസ്ഥകൾ ഖത്തർ പൗരന്മാർക്ക് സൗദി, ബഹ്‌റൈൻ എന്നീ രാജ്യങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്.
യൂ.എ.ഇ യിൽ സ്വന്തം സഹോദരൻ മരിച്ചപ്പോൾ അന്തിമ ചടങ്ങുകളിൽ പങ്കെടുക്കാന്‍ അനുമതി ചോദിച്ച ഒരു ഖത്തര്‍ പൗരന് വേദനാജനകമായ അനുഭവമാണ് ഉണ്ടായത്. യു.എ. ഇ അധികൃതർ അപേക്ഷ ലഭിച്ച ശേഷം പാസ്പോര്‍ട്ട് കോപ്പി അയക്കാൻ ആവശ്യപ്പെടുകയും ഫോണിൽ മറുപടി അറിയിക്കാം എന്ന് പറയുകയും ചെയ്തു. ഒരു ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനാൽ അതെ നമ്പറിൽ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു: ''ഖത്തർ പൗരന്മാരെ ഒരു സാഹചര്യത്തിലും യൂ.എ. ഇ യുടെ മണ്ണിലേക്ക് പ്രവേശിപ്പിക്കരുത് എന്നും അതിൽ ഒരാൾക്കും ഒരുതരത്തിലും ഇളവുകൾ നൽകേണ്ടതില്ല എന്നും മാനുഷിക പരിഗണന നൽകേണ്ടതില്ല എന്നും യൂ.എ.ഇ ഭരണകൂടത്തിലെ ഉന്നത കേന്ദ്രങ്ങളിൽ നിന്നുമുള്ള ശക്തമായ ഉത്തരവ് നിലനിൽക്കുന്നതിനാൽ അനുമതി നല്‍കാന്‍ സാധിക്കില്ല.''
എന്നാൽ യു.എ. ഇ, സൗദി, ബഹ്‌റൈൻ പൗരന്മാർ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഖത്തർ സന്ദർശിക്കുകയും ഇവിടെ താമസിക്കുകയും തിരിച്ചു പോവുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇവർ ഇങ്ങനെ പെരുമാറുന്നത് എന്ന് ഒരു സ്വദേശി ആശ്ചര്യം പ്രകടിപ്പിച്ചു. സന്ദർശകരായ ഉപരോധ രാജ്യ പൗരന്മാർക്ക് ഇവിടെ യാതൊരു വിവേചനവും നേരിടേണ്ടി വരുന്നില്ല. അങ്ങേയറ്റത്തെ ആദരവോടും ആതിഥ്യ മര്യാദയോടും കൂടിയാണ് എമിഗ്രഷൻ മുതൽ കസ്റ്റംസ് ഓഫീസുകൾ വരെ ഇവരോട് പെരുമാറുന്നത്.
2017 ആഗസ്റ്റിൽ ദോഹയിൽ മരിച്ച ഒരു ബഹറൈൻ പൗരനെ അദ്ദേഹത്തിന്റെ കുടുംബമോ ബന്ധപ്പെട്ടവരോ വരാത്തതിനാൽ ഖത്തർ പൗരന്മാർ മുൻകൈ എടുത്തു മറവു ചെയ്യേണ്ടി വന്നത് എത്രമാത്രം വലിയ മാനവിക ദുരന്തമാണ് എന്ന് ഖത്തര്‍ പൗരന്മാര്‍ ചോദിക്കുന്നു.
ഖത്തറിൽ മരിച്ച ബന്ധുവിന്റെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ സൗദി എമിഗ്രഷനെ സമീപിച്ച സൗദി പൗരത്വമുള്ള സഹോദരിക്ക് അധികൃതർ ഖത്തറിലേക്ക് യാത്രാ അനുമതി നിഷേധിച്ച വാർത്തയും പുറത്തു വന്നിരുന്നു. ഇത്തരം കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ ലോകത്തെ ഒരു കോടതിക്കും കഴിയില്ല എന്നും വേദനയും നഷ്ടബോധവും മനസ്സിനെ എന്നും വേട്ടയാടികൊണ്ടിരിക്കുമെന്നും മറ്റൊരു സ്വദേശി പറഞ്ഞു.
ഖത്തർ പൗരന്മാരുടെ കമ്പനികൾ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ കച്ചവട പങ്കാളികൾക്കും മറ്റുള്ളവർക്കും യാതൊരു മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെ അതിനുള്ള എല്ലാ ഒത്താശകളും സർക്കാർ ഓഫീസുകൾ ചെയ്തു കൊടുത്തു കൊണ്ടിരിക്കുകയാണ് എന്നും സ്വന്തം കമ്പനി കൈവിട്ടു പോയ ഒരു സ്വദേശി പറഞ്ഞു.
ഇത്തരം ക്രൂരമായ വസ്തുതകള്‍ നിലനില്‍ക്കുമ്പോഴാണ് അന്താരാഷ്‌ട്ര കോടതിയിൽ യു.എ. ഇ ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നതാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം .