// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  17, 2018   Tuesday   06:14:55pm

news



ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളുടെ സ്വാധീനം വർധിക്കാൻ പ്രതിസന്ധി ഇടവരുത്തും.

whatsapp

ദോഹ: ഗൾഫ് പ്രതിസന്ധിയുടെ തുടക്കത്തില്‍ സൗദി സഖ്യ രാജ്യങ്ങളുടെ നിലപാടിനെ ശക്തമായി പിന്തുണച്ച അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ട് ട്രമ്പ്‌ പിന്നീട് നിലപാട് മയപ്പെടുത്താനും പ്രശ്ന പരിഹാരത്തിന് മുന്‍കൈ എടുക്കാനും ഏഴ് കാരണങ്ങൾ ഉണ്ടെന്ന് വിദഗ്‌ദ്ധർ ചൂണ്ടികാണിക്കുന്നതായി അൽ റായ പത്രം ഒരു വിശകലന റിപ്പോർട്ടില്‍ പറയുന്നു.

ഒന്ന്, ഗൾഫ് പ്രതിസന്ധി മുന്നോട്ടു പോയാൽ അത് മേഖലയിൽ അസ്ഥിരതയുണ്ടാക്കുകയും മേഖലയിലെയും അന്തരാഷ്ട്ര തലത്തിലെയും ശാക്തിക സന്തുലനത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളുടെ സ്വാധീനം വർധിക്കാൻ ഇത് ഇടവരുത്തും.

രണ്ട്, മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രശ്നങ്ങൾ, അവയിൽ അമേരിക്ക നടത്തി വരുന്ന ഇടപെടലുകൾ എന്നിവയുടെ പശ്ചാത്തലത്തില്‍ ഖത്തറിലെ അൽ ഉദൈദ് ആർമി ബൈസ് നില നിർത്തുക എന്നത് മുമ്പത്തേക്കാൾ കൂടുതൽ അമേരിക്കക്ക് ഇപ്പോൾ അത്യാവശ്യമാണ്. 11,000 അമേരിക്കൻ സൈനികരാണ് ഇപ്പോൾ അൽ ഉദൈദ് ബൈസിൽ ഉള്ളത്. സിറിയ, ഇറാഖ്, അഫ്ഘാനിസ്ഥാന്‍ ഉൾപ്പെടെ 18 രാജ്യങ്ങളിൽ ഉള്ള അമേരിക്കൻ സൈന്യത്തെ ദോഹയില്‍ നിന്നാണ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ സുപ്രധാന വ്യോമ സൈനിക കേന്ദ്രം കൂടിയാണിത്.

മൂന്ന്, 2018 മെയ് മാസത്തോടെ ട്രമ്പ് ഭരണകൂടം ഇറാനുമായുള്ള ആണവ കരാറിൽ നിന്നും പിന്മാറാൻ തീരുമാനിച്ചിരിക്കുന്നു. ഇറാന്റെ മേഖലയിൽ വർധിച്ചു വരുന്ന സ്വാധീനം ഇല്ലാതാക്കാൻ ഇസ്രായേൽ, ഗൾഫ് രാജ്യങ്ങൾ എന്നിവയുമായി ചേർന്ന് പുതിയ സഖ്യ ശ്രമങ്ങൾ ആരംഭിച്ച ഈ ഘട്ടത്തിൽ പ്രതിസന്ധി നീളുന്നതും ഖത്തറിനെ കൂടെ നിര്‍ത്താന്‍ പറ്റാത്തതും പുതിയ പ്രതിസന്ധി സൃഷ്ടിക്കും.

നാല്, പ്രശ്‌നം നീട്ടി കൊണ്ട് പോകുന്നത് ഇറാന് മാത്രമാണ് ഗുണം ചെയ്യുക എന്ന് അമേരിക്കൻ പ്രസിഡണ്ടിന്റെ ഉപദേശകൻ അമേരിക്കക്കും ഉപരോധ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അഞ്ചു, ഖത്തറിനെ മോശമായി ചിത്രീകരിക്കാന്‍ അന്താരാഷ്‌ട്ര തലത്തിൽ സൗദിയും യു. എ . ഇ യും നടത്തിയ ശ്രമങ്ങള്‍ നയതന്ത്ര മികവു കൊണ്ട് ഖത്തർ മറികടന്നു. അമേരിക്കൻ ഭരണകൂടത്തിന് തങ്ങളുടെ നിലപാട് ബോധ്യപ്പെടുത്താൻ ഖത്തർ നേതൃത്വത്തിന് സാധിക്കുകയും ചെയ്തു.

ആറാമതായി, ട്രമ്പിന്റെ സൗദി അനുകൂലിയായ മരുമകൻ ജാരെട് കുശ്നെര്‍ വൈറ്റ് ഹൗസിൽ നിന്നും പുറംതള്ളപ്പെട്ടതും അയാളുടെ അധികാരങ്ങൾ കുറച്ചതും ഖത്തറിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാനുമായി അടുത്ത ബന്ധമുള്ള കുശ്നെര്‍ ആയിരുന്നു ഉപരോധ രജ്യങ്ങൾക്ക് വേണ്ടി വൈറ്റ് ഹൗസിൽ ശക്തമായ ഇടപെടലുകൾ നടത്തി വന്നിരുന്നത്.

ഏഴ്, യു. എ. ഈ അമേരിക്കൻ ബന്ധത്തിൽ ഉണ്ടായിട്ടുള്ള ചില സംഭവവികാസങ്ങള്‍ അമേരിക്കയുടെ നിലപാട് മാറ്റത്തിന് സഹായകമായി. എങ്കിലും ട്രമ്പ്‌ നടത്തുന്ന സമാധാന ശ്രമങ്ങള്‍ എത്രത്തോളം വിജയിക്കുമെന്നറിയില്ല. കാരണം ഉപരോധ രാജ്യങ്ങള്‍ ഇപ്പോഴും അവരുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു.

Comments


Page 1 of 0