// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 17, 2018 Tuesday 05:18:39pm
ദോഹ: ഉപരോധത്തിന്റെ തുടക്കത്തിൽ ഖത്തറിലെ ബാങ്കിങ് മേഖലയിൽ ഉണ്ടായ പ്രശ്നങ്ങള്‍ തരണം ചെയ്യാൻ ഖത്തർ അതിന്റെ വിദേശ നിക്ഷേപത്തിന്റെ ഒരു ഭാഗം വിറ്റഴിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഖത്തർ ഇൻവെസ്റ്റമെന്റ് അതോറിറ്റി (ക്യു. ഐ. എ) ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സൗദ് അല്‍ ഥാനി പറഞ്ഞു.
ഖത്തർ ഗവർമെണ്ടിന്റെ വിദേശനിക്ഷേപം കൈകാര്യം ചെയ്യുന്ന ഏജൻസിയാണ് ഖത്തർ ഇൻവെസ്റ്റമെന്റ് അതോറിറ്റി.
ഖത്തറിന്റെ സാമ്പത്തിക സ്ഥിതി വളരെ ശക്തമാണ് എന്നും വാർഷിക ബജറ്റ് വർഷം തോറും വർധിച്ചു വരികയാണ് എന്നും ദോഹയിലെ ലുസൈൽ പത്രവുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ''ഡീൽ'' നടത്തിയിട്ടുണ്ടെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് പ്രഖ്യാപിക്കുമെന്നും ശൈഖ് അൽ സഊദ് പറഞ്ഞു.
"വിദേശ നിക്ഷേപം വിൽക്കേണ്ട ഒരാവശ്യവും ഇപ്പോള്‍ ഇല്ല. വിദേശ നിക്ഷേപങ്ങളിൽ സാധാരണ നടത്തുന്ന ഇടപാടുകള്‍ മാത്രമേ മുമ്പ് നടത്തിയിരുന്നുള്ളൂ. കൂടുതൽ ലാഭം ലഭിക്കാനോ മറ്റു നിക്ഷേപങ്ങൾക്ക് പണം കണ്ടെത്താന്‍ വേണ്ടിയോ നടത്തുന്ന ഈ വിൽപ്പന സ്വാഭാവികമാണ്," ശൈഖ് അബ്ദുല്ല പറഞ്ഞു.
ഉപരോധത്തിന് ശേഷം ഖത്തറിന്റെ കറൻസിയെയും ബാങ്കിങ് മേഖലയെയും തകർക്കാൻ ഉപരോധ രാജ്യങ്ങൾ നടത്തിയ നിരന്തര ശ്രമങ്ങൾ ഖത്തർ സെന്‍ട്രല്‍ ബാങ്കിന്റെയും ഖത്തർ ഇൻവെസ്റ്റ് മെന്റ് അതോറിറ്റിയുടെയും സമയോചിതവും ബുദ്ധിപരവുമായ ഇടപെടലുകളിലൂടെ ഖത്തർ പരാജയപ്പെടുത്തുകയാണുണ്ടായത്.