// // // */ E-yugam


ടി കെ എം ഇഖ്ബാൽ
April  12, 2018   Thursday   05:58:28pm

newsസുഡാനിയെ മലയാളത്തിലെ മറ്റു "നന്മച്ചിത്രങ്ങളിൽ" നിന്ന് മാറ്റിനിർത്തുന്നത് അത് അനാവരണം ചെയ്യുന്ന മനുഷ്യനന്മയുടെയും മനുഷ്യദുഃഖങ്ങളുടെയും സർവലൗകികതയാണ്.

whatsapp

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ പുറത്തിറങ്ങിയത് മുതൽ സോഷ്യൽ മീഡിയയിലും പുറത്തും നടക്കുന്ന ചർച്ചകളുടെയും ആസ്വാദന, നിരൂപണങ്ങളുടെയും ഭാരം പേറിയാണ് സിനിമ കാണാൻ ഇരുന്നത്. സിനിമയയുടെ പശ്ചാത്തലം ആയ മലപ്പുറത്തെ സെവൻസ് ഫുട്ബാളിനെക്കുറിച്ചും സൗബിൻ അവതരിപ്പിച്ച ക്ലബ് മാനേജരുടെ സങ്കടങ്ങളെക്കുറിച്ചും, സാമുവൽ എന്ന ആഫ്രിക്കക്കാരനെക്കുറിച്ചും രണ്ടു ഉമ്മമാരുടെ നിറഞ്ഞ നന്മയെക്കുറിച്ചും ഒരു പാട് കേട്ട് പോയത് കൊണ്ടാവും സിനിമ തുടക്കത്തിൽ വലിയ ഉത്സാഹം ഉണർത്തിയില്ല. ഇംഗ്ലീഷ് അറിയാത്ത ഒരു ഗ്രാമം മലയാളം അറിയാത്ത സുടു എന്ന സാമുവലിനു മേൽ ചൊരിയുന്ന ഭാഷകൾക്കു അതീതമായ സ്നേഹം നിരവധി കഥാപാത്രങ്ങളിലൂടെ, കൊച്ചു കൊച്ചു ഷോട്ടുകളിലൂടെ നര്മമധുരമായി അനാവൃതമായപ്പോൾ അറിയാതെ മനസ്സ് തരളിതമായി. സുഡുവിന്റെയും മജീദിന്റെയും മജീദിന്റെ ഉമ്മയുടെയും അവരുടെ രണ്ടാം ഭർത്താവിന്റെയും വ്യത്യസ്തമായ സങ്കടങ്ങളുടെ നടുവിലും സിനിമക്കു പ്രസാദാൽമകത നൽകുന്നത് സ്നേഹം കൊണ്ടും നന്മ കൊണ്ടും ഭാഷയുടെ മതിൽക്കെട്ട് തകർക്കാനുള്ള കഥാപാത്രങ്ങളുടെ ചിരിയുണർത്തുന്ന ശ്രമങ്ങളാണ്.

ഫാദർ എന്ന ഒരൊറ്റ വാക്കിൽ ഒരു വികാരപ്രപഞ്ചം ഒതുക്കിവെച്ചു സുഡുവും മജീദിന്റെ 'രണ്ടാം ബാപ്പ' യും നിഷ്കളങ്കമായി പുഞ്ചിരിച്ചു പരസ്പരം നോക്കിയിയിരിക്കുന്ന രംഗം സിനിമയെ ഉന്നതമായ ഒരു വിതാനത്തിലേക്ക് ഉയർത്തുന്നു. സെവൻസ് ഫുട്ബോളിന്റെ ആരവത്തിൽ നിന്നും സിനിമ ഒരു നിമിഷം ആത്മാക്കളുടെ മൗനഭാഷണത്തിലേക്കു വഴുതി വീഴുന്നു.

മലപ്പുറത്തെ മുസ്ലിം ജീവിതത്തെക്കുറിച്ചു സൃഷ്ടിക്കപ്പെട്ട പൊതുബോധത്തെയും വാർപ്പുമാതൃകകളെയും തകർക്കുന്ന സിനിമ എന്നാണ് സുഡാനിയെക്കുറിച്ചു ധാരാളം പറഞ്ഞു കേട്ടിട്ടുള്ളത്. ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാലത്തിൽ ഇത്തരം ഒരു വായനക്ക് തീർച്ചയായും പ്രസക്തിയുണ്ട്. കേരളീയ ഗ്രാമങ്ങളിൽ ഇപ്പോഴും കാണാനാവുന്ന സ്നേഹത്തിന്റെയും നന്മയുടെയും സൗഹാർദ്ദത്തിന്റെയും ശേഷിപ്പുകൾ ഒരു മതസമൂഹത്തിനു മാത്രം നിഷേധിക്കപ്പെടുന്നതിന്റെ രാഷ്രീയത്തെ ഒരു രാഷ്രീയ പ്രസ്താവന പോലും നടത്താതെ സിനിമ അസ്ഥിരപ്പെടുത്തുന്നുന്നുണ്ട്. സാധാരണ മനുഷ്യരുടെ ജാടകൾ ഇല്ലാത്ത നന്മയെ തികഞ്ഞ സ്വാഭാവികതയോടെ അത് ആവിഷ്കരിക്കുന്നു.

പക്ഷെ സുഡാനിയെ മലയാളത്തിലെ മറ്റു "നന്മച്ചിത്രങ്ങളിൽ" നിന്ന് മാറ്റിനിർത്തുന്നത് അത് അനാവരണം ചെയ്യുന്ന മനുഷ്യനന്മയുടെയും മനുഷ്യദുഃഖങ്ങളുടെയും സർവലൗകികതയാണ്. സിനിമയിലെ ആഫ്രിക്കയുടെ സജീവമായ സാന്നിധ്യമാണ് അതിനു ഈ ആഗോളമാനം നൽകുന്നത്. രണ്ടു വൻകരകൾ സാഗരങ്ങൾ കടന്നു ഇവിടെ ഒന്നായി മാറുന്നു. മലപ്പുറത്തിനും നൈജീരിയക്കും ഇടയിൽ പാലം പണിയാൻ ഫുട്ബോളിനേക്കാൾ നല്ല ഒരു മാധ്യമം ഇല്ല. ഒരു ജീവിതം കരുപ്പിടിപ്പിക്കാൻ പെടാപ്പാടുപെടുന്ന മജീദ് എന്ന അവിവാഹിതനായ ചെറുപ്പക്കാരന് ഫുട്ബോൾ ആവേശവും ദൗർബല്യവും ആണെങ്കിൽ, ആഫ്രിക്കയിലെ ആഭ്യന്തരയുദ്ധത്തിൽ അഭയാര്ഥിയാക്കപ്പെട്ട അനാഥനായ സാമുവലിനു ഫുട്ബോൾ സ്വന്തം നാട്ടിലെ നരകജീവിതത്തിൽ നിന്ന് ലോകത്തിന്റെ തുറസ്സിലേക്കു രക്ഷപ്പെടാനുള്ള വഴിയാണ്.

"ഞങ്ങളുടെ ജീവിതം വേറെയാണ്. നിങ്ങൾക്കത് മനസ്സിലാവില്ല," എന്ന സാമുവലിന്റെ വാക്കുകളിൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ തേങ്ങലും രോഷവും ഉണ്ട്.

സിനിമയിലെ സുടു സ്നേഹവും സഹതാപവും മാത്രം അർഹിക്കുന്ന, വ്യക്തിത്വവും കര്തൃത്വവും ഇല്ലാത്ത കറുത്തവൻ അല്ല. ജീവിതത്തെക്കുറിച്ചു സ്വപ്‌നങ്ങൾ ഉള്ള, സ്വന്തം മാനേജരുടെ സങ്കടങ്ങളെ മനസ്സിലാക്കുകയും അതിൽ പങ്കു ചേരുകയും മാത്രമല്ല, മജീദിനെ ഉപദേശിക്കാൻ പോലും തന്റേടം കാണിക്കുന്ന തിരിച്ചറിവുള്ള യുവാവാണ്. മജീദിന്റെ സുഹൃത്ത് വെള്ളം പാഴാക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന സുടു പാനജലം പോലും നിഷേധിക്കപ്പെട്ട ആഫ്രിക്കയിലെ അഭയാർത്ഥിജീവിതങ്ങളുടെ അടക്കിപ്പിടിച്ച രോഷത്തിന്റെ പ്രതീകമാണ്. അതിലുപരി, ജലദൗർലഭ്യം എന്ന ആഗോള പാരിസ്ഥിതികപ്രശ്നത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്ന അവധൂതൻ കൂടിയാണ്. ജലസുഭിക്ഷമായിരുന്ന കേരളം നേരിടുന്ന വരൾച്ചയെക്കുറിച്ചു ഈ ആഫ്രിക്കൻ അഭയാർത്ഥി നമ്മെ ഓർമപ്പെടുത്തുന്നു. നിരവധി മാനങ്ങളിൽ വായിക്കാവുന്ന സിനിമ പ്രകടമായും അല്ലാതെയും ഉന്നയിക്കുന്ന രാഷ്രീയ, മാനവിക പ്രശ്നങ്ങളിൽ ഒന്ന് മാത്രമാണ് ഇത്.

സാമുവലിന്റെ വ്യാജ പാസ്പോര്ട്ട് നഷ്ടപ്പെടുന്നതും അതിനു വേണ്ടിയുള്ള തിരച്ചിലും ഒടുവിൽ വളരെ നാടകീയമായി അത് കണ്ടുകിട്ടുന്നതും കഥയുടെ ഒഴുക്കിനെ തെല്ലൊന്നുമല്ല സഹായിക്കുന്നത്. അഭയാര്ഥിയുടെ വ്യാജപാസ്സ്പോര്ട് ലോകത്തിന്റെ അനീതികൾക്കെതിരായ ചൂണ്ടുവിരലും ദേശീയത സൃഷ്ടിക്കുന്ന മനുഷ്യവിരുദ്ധതയുടെ മൂർത്തമായ പ്രതീകവും ആണ്. പാസ്സ്പോർട്ടിനെ പരിഹസിക്കുന്ന ബീയുമ്മയുടെ മൂർച്ചയേറിയ വാക്കുകൾ ടി ടി ശ്രീകുമാർ ചൂണ്ടിക്കാട്ടിയ പോലെ സിനിമയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയായി മാറുന്നു. ഒരു ഗ്രാമം മുഴുവൻ മൗനമായി തേങ്ങിക്കൊണ്ടു സാമുവലിനെ യാത്രയാക്കുന്ന രംഗം കണ്ണ് നനയാതെ കണ്ടു നിൽക്കാൻ ആവില്ല.

കുറഞ്ഞ ചെലവിൽ ഉണ്ടാക്കിയ ഒരു യുവ സംവിധായകന്റെ കന്നിച്ചിത്രം എന്ന നിലയിൽ സാങ്കേതികമായും കലാപരമായും ചില കുറവുകൾ നിരൂപകർക്കു സുഡാനിയിൽ കണ്ടെത്താൻ കഴിഞ്ഞേക്കും. സംവിധായകൻ സകരിയയുടെ പ്രതിഭ തെളിയിക്കുന്ന നിരവധി മുഹൂർത്തങ്ങൾ സിനിമയിൽ ഉണ്ട്. കല എന്നപേരിൽ അരങ്ങേറുന്ന ആഭാസങ്ങൾ മനുഷ്യ മനസ്സിനെ കൂടുതൽ കൂടുതൽ മലിനമാക്കുമ്പോൾ, വികാരങ്ങളെ വിമലീകരിക്കുന്നു എന്നതാണ് സുഡാനിയുടെ കാലിക പ്രസക്തി എന്ന് പറയാൻ കഴിയും. സിനിമയിലെ നന്മ പ്രേക്ഷകനിലേക്കും പടരുന്നു. സ്വന്തം ഉമ്മയോട് ചെയ്ത തെറ്റ് തിരുത്തുന്ന മജീദിന്റെ മനസ്സ് പോലെ നമ്മുടെ മനസ്സും ശുദ്ധമാവുന്നു. ലോകത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മയും സ്നേഹവും തിരിച്ചു കിട്ടുന്നു എന്ന തോന്നൽ ഉണ്ടാവുമ്പോൾ മനുഷ്യർക്ക് ഉണ്ടാവുന്ന ആശ്വാസവും ആഹ്ളാദവുമാണ് സുഡാനിയെ ജനപ്രിയമാക്കുന്നതു. കലാപരമായും ഉള്ളടക്കപരമായും കൂടുതൽ മികവ് പുലർത്തുന്ന പല സിനിമകളും ബോക്സ് ഓഫീസിൽ പരാജയപ്പെടുമ്പോൾ കച്ചവടസിനിമയുടെ പതിവ് ചേരുവകളെ മുഴുവൻ തിരസ്കരിക്കുന്ന സുഡാനി എന്ത് കൊണ്ട് വിജയിക്കുന്നു എന്നത് പഠനവിധേയമാക്കേണ്ടതാണ്. മലയാളിപ്രേക്ഷകന്റെ അഭിരുചികളെക്കുറിച്ചു മുഖ്യധാരാസിനിമ സൃഷ്ടിച്ചു വെച്ച മിഥ്യാധാരണകളെക്കൂടി ഈയര്ഥത്തിൽ സുഡാനി പൊളിച്ചടക്കുന്നുണ്ടു.

Comments


Page 1 of 0