// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  10, 2018   Tuesday   09:33:11pm

news



whatsapp

മസ്കററ്: തൊഴിൽ ലക്ഷ്യങ്ങൾ കൈവരിച്ചില്ലെങ്കിൽ, ഒമാൻ ഒന്നുകില്‍ നിലവിലുള്ള ആറു മാസ പ്രവാസി വിസ നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയോ, അല്ലെങ്കിൽ ചില ജോലികൾക്കുള്ള നിരോധനം എടുത്തുകളയുകയോ ചെയ്തേക്കാമെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

"പ്രവാസി വിസ നിരോധനം കൂടുതല്‍ മേഖലകളിലേക്ക് നീട്ടണമോ, അതല്ലെങ്കിൽ നിരോധനം ഏര്‍പ്പെടുത്തിയ ചില തൊഴിലുകളിൽ അത് വേണ്ടെന്നു വെക്കണമോ എന്നത് ചർച്ചചെയ്യുകയും പഠിക്കുകയുമാണ് ഞങ്ങൾ," ടൈംസ് ഓഫ് ഒമാൻ പത്രവുമായുള്ള അഭിമുഖത്തിൽ മന്ത്രാലയത്തിലെ ഡെവലപ്മെൻറ് ആന്റ് പ്ലാനിംഗ് ഡയറക്ടർ-ജനറൽ സലിം നസീർ അൽ-ഹദ്റാമി പറഞ്ഞു

പ്രവാസി തൊഴിലാളികളെ 87 മേഖലകളില്‍ നിയമിക്കുന്നതിന് ഒമാന്‍ ആറ് മാസത്തെ നിരോധനം ഏര്‍പ്പെടുത്തിരിക്കയാണ്. മാനവവിഭവശേഷി മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ-ബക്രി ഇക്കൊല്ലം ജനുവരി 24നാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഐ. ടി, മീഡിയ, എയർ ട്രാഫിക്, എൻജിനീയറിംഗ്, അക്കൌണ്ടിംഗ്, ഫിനാൻസ്, ടെക്നീഷ്യൻ, ഇൻഷുറൻസ്, മാർക്കറ്റിങ്, സെയിൽസ്, അഡ്മിനിസ്ട്രേഷൻ, എച്ച്ആർ എന്നിവയാണ് പ്രവാസികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ മേഖലകൾ. ജൂലായ് അവസാനത്തോടെ ഈ നിരോധനം പുനരവലോകനം ചെയ്യും. “ആറു മാസത്തെക്കാണ് നിരോധനത്തിന്‍റെ കാലാവധി,” അൽ ഹദ്റാമി പറഞ്ഞു. “ഈ സമയത്ത് തീരുമാനവും അത് മാർക്കറ്റിനെ ബാധിച്ച വിധവും അവലോകനം ചെയ്യും.” അതിന്‍റെ അടിസ്ഥാനത്തിൽ പുതിയ തീരുമാനങ്ങൾ കൈകൊള്ളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വദേശിവത്കരണം മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ആദ്യഘട്ട ശ്രമങ്ങളിൽ 25,000 തൊഴിൽ അന്വേഷകരെ പല തസ്തികകളിൽ നിയമിച്ച് 84 ശതമാനം ലക്ഷ്യവും ഇതിനകം നേടി കഴിഞ്ഞു.

സ്വകാര്യ മേഖലയിൽ 2017 ഡിസംബർ മുതൽ ഏപ്രിൽ 2 വരെയായി 21,035 ഒമാനികളെ ഈ ഘട്ടത്തില്‍ ജോലിക്കെടുത്തിട്ടുണ്ട്. ഒമാനിലെ കമ്പനി ഉദ്യോഗസ്ഥർ പലതരത്തിലാണ് നിരോധനത്തോട് പ്രതികരിച്ചത്. “നിരോധനം പിൻവലിക്കുന്നത് വളരെ ഗുണകരമായിരിക്കും; ആവശ്യമുള്ളവരെ ജോലിക്ക് എടുക്കാന്‍ ഞാൻ ബുദ്ധിമുട്ടുകയാണ്, " ഐ. ടി കമ്പനി നടത്തുന്ന എസ്. ഗുപ്ത പറഞ്ഞു.

Comments


Page 1 of 0