ഈയുഗം ന്യൂസ് ബ്യൂറോ
April 09, 2018 Monday
ന്യൂ ഡല്‍ഹി: ഈ വർഷം രാജ്യത്ത് എഞ്ചിനീയറിംഗ് കോളേജുകളിൽ ഏകദേശം 80,000 സീറ്റുകളുടെ കുറവ് ഉണ്ടാകും. നാലു വർഷത്തിനുള്ളിൽ (2018-19 അക്കാദമിക് സെഷൻ ഉൾപ്പെടെ) ഇതുവഴി 3.1 ലക്ഷം എഞ്ചിനീയറിംഗ് സീറ്റുകൾ ഇല്ലാതാവുമെന്നാണ് കണക്കാക്കുന്നത്. എഞ്ചിനീയറിംഗ് പഠിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഉദാഹരണത്തിന്, 2012-13 വർഷത്തെ അപേക്ഷിച്ച് പഠിക്കാൻ വരുന്നവരുടെ എണ്ണം 1.86 ലക്ഷമായി കുറഞ്ഞിട്ടുണ്ട് ഇപ്പോൾ.
ഓൾ ഇന്ത്യാ കൌൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ.) നല്‍കിയ വിവരപ്രകാരം 200-ലധികം “നിലവാരമില്ലാത്ത” എഞ്ചിനീയറിംഗ് കോളേജുകൾ അടച്ച്പൂട്ടാനായി അപേക്ഷ നൽകിയിട്ടുണ്ട്. ഈ കോളേജുകൾ പുതിയ വിദ്യാർത്ഥികളെ ചേർക്കില്ലെങ്കിലും നിലവിലെ ബാച്ച് ഗ്രാജുവേറ്റ് ആവുന്നതുവരെ തുടർന്ന് പ്രവർത്തിക്കും. അതേസമയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ ഐ ടി) എന്നീ ഉന്നതശ്രേണിയിലുള്ള സ്ഥാപനങ്ങളിൽ പഠിക്കാൻ വരുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
എല്ലാ വർഷവും 2016-നു ശേഷം എഞ്ചിനീയറിംഗ് സീറ്റുകളുടെ എണ്ണം കുറഞ്ഞ് വരികയാണ്. 2016-17-ൽ എഞ്ചിനീയറിംഗ് ബിരുദതലത്തിൽ പഠിക്കാൻ 15,71,220 സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. പക്ഷെ 7,87,127 പേരാണ് പഠിക്കാൻ ചേര്‍ന്നത്. ഏകദേശം 50.1 ശതമാനത്തിന്‍റെ കുറവാണ് ഇത് കാണിച്ചത്. അതിനും മുമ്പ് 2015-16ൽ 16,47,155 ആയിരുന്നു പ്രവേശനത്തിനു തുറന്നുവെച്ച സീറ്റുകൾ. പക്ഷെ ചേര്‍ന്നതോ 8,60,357 പേർ മാത്രം; ഏകദേശം 52.2 ശതമാനം.
“ഈ വർഷം 80,000 സീറ്റുകൾ കുറവായിരിക്കും. സമീപ കാലത്ത് പുതിയ പ്രവേശനങ്ങൾ വളരെ കുറഞ്ഞതിനാൽ 200-ലേറെ കോളേജുകൾ അടച്ചുപൂട്ടാനുള്ള അപേക്ഷ നൽകിയിട്ടുണ്ട്, "എഐസിടിഇ ചെയർപേഴ്സൺ അനിൽ സഹസ്രാബുദെ പറഞ്ഞു. എന്നാൽ എൻജിനീയറിങ് കോളേജുകൾ അടച്ചുപൂട്ടുന്നത് നിലവിലെ ബാച്ചുകളെ പ്രതികൂലമായി ബാധിക്കുകയില്ല. നിലവിലുള്ള വിദ്യാർഥികൾ കോഴ്സുകൾ പൂർത്തിയാക്കി കഴിയുന്നതുവരെ കോളേജുകൾ തുടർന്നും പ്രവർത്തിക്കും, അദ്ദേഹം ഉറപ്പു നല്‍കി.