// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 07, 2018 Saturday
ദോഹ: സൗദി അറേബ്യയിൽ അടുത്ത അഞ്ചു വർഷങ്ങളിലായി 15 നഗരങ്ങളിൽ 40 സിനിമാശാലകൾ തുറക്കുന്നതിനുള്ള കരാറിൽ സാംസ്കാരിക, വാർത്താവിതരണ മന്ത്രാലയവും അമേരിക്കൻ സിനിമാ തിയേറ്റർ ശൃംഖലയായ എ. എം. സിയും ഒപ്പുവച്ചു. ലോകത്തിലെ ഏറ്റവും വലിയ ഫിലിം കമ്പനികളിലൊന്നായ എ. എം. സി ഈ കരാർ വഴി സൗദിയിൽ സിനിമാശാലകൾ പ്രവർത്തിപ്പിക്കും.
സൗദി തലസ്ഥാനമായ റിയാദിൽ ഏപ്രിൽ 18-ന് എ. എം. സി തുറക്കുന്ന സിനിമ തിയേറ്ററാണ് ഇതിൽ ആദ്യത്തേത്. വ്യാപാര സഹകരണ അവസരങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി എ. എം. സി 2017 നവംബറിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
മുപ്പത് വയസ്സിനു താഴെ 32 മില്യൺ ജനങ്ങളുള്ള സൗദി അറേബ്യ ഗള്‍ഫ് മേഖലയിൽ സിനിമാ തീയേറ്ററുകൾക്കുള്ള ഏറ്റവും വലിയ വിപണിയായി മാറുമെന്നാണ് ചില കണക്കുക്കൂട്ടലുകള്‍. സാംസ്കാരിക, വാർത്താവിതരണ മന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ ഇറക്കിയ ഒരു പ്രഖ്യാപനത്തിലാണ് 35 വർഷങ്ങള്‍ക്ക് ശേഷം സിനിമാ തീയേറ്ററുകൾ സൌദിയില്‍ വീണ്ടും തുറക്കുമെന്ന് അറിയിച്ചത്. ഏകദേശം 350-ലധികം സിനിമാശാലകൾ 2030-ഓടെ സൌദിയിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
എ. എം. സിയുമായുള്ള കരാർ സൌദിയിലെ സിനിമാ വ്യവസായത്തിന്‍റെ നിക്ഷേപ സാദ്ധ്യതകളെ വര്‍ദ്ധിപ്പിച്ചതായി, സാംസ്കാരിക-വാർത്താവിതരണ മന്ത്രി ഡോ. അവാദ് ബിൻ സലേ അൽ-അവാദ് പറഞ്ഞു. സൗദി വിപണി വളരെ വലുതാണെന്നും ജനസംഖ്യയുടെ വലിയൊരു ഭാഗം 30 വയസിനു താഴെയുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചലചിത്രങ്ങൾ കാണാൻ പ്രത്യേക താല്‍പ്പര്യമുള്ളവരാണ് അവർ.
രാജ്യത്തിന്റെ “വിഷൻ 2030ന്‍റെ” ലക്ഷ്യം വിനോദോപാധികൾ വര്‍ദ്ധിപ്പിച്ച് ജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. സിനിമാശാലകൾ തുറക്കുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സഹായിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമാശാലകളിൽ പുരുഷന്മാരും സ്ത്രീകളും വെവ്വേറെ ഇരിക്കേണ്ട ആവശ്യമില്ലെന്ന് ചില സൗദി വ്രത്തങ്ങൾ റോയിട്ടേഴ്സ് വാർത്ത ഏജന്‍സിയോട് പറഞ്ഞു.
എ. എം. സി തീയേറ്റർസ് വാൻഡാ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ ശൃംഖലയാണ്.