// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  31, 2018   Saturday  

news



whatsapp

മുംബൈ: ബി. ജെ. പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വൻതോതിൽ ‘ചായ അഴിമതി’ നടക്കുന്നതായി ആരോപിച്ച് കോൺഗ്രസ്സിന്റെ മുംബൈ യൂണിററ് രംഗത്ത്. പ്രതിദിനം 18,500 കപ്പ്‌ ചായയാണ് ഓഫീസില്‍ വിതരണം ചെയ്യുന്നതത്രേ.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ തേയില ഉപയോഗത്തില്‍ വൻ വർദ്ധനവുണ്ടായതായി മുംബൈ കോൺഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപം വിവരാവകാശ രേഖകൾ വഴി ശേഖരിച്ച കണക്കുകൾ ചൂണ്ടിക്കാട്ടി പറഞ്ഞു.

ചായ ഉണ്ടാക്കാൻ 2015-16-ൽ ചെലവഴിച്ച 5,7,99,150 (ഏകദേശം 55 ലക്ഷം) രൂപയിൽ നിന്ന് 2017-18 ആയപ്പോൾ അത് 3,34,64,904 (ഏകദേശം 3.4 കോടി) രൂപയായി ഉയർന്നിരുക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

“ചായകുടിയില്‍ അമ്പരപ്പിക്കുന്ന 577 ശതമാനം വർദ്ധനയാണ് ഇത് കാണിക്കുന്നത്. അതായത് ഒരു ദിവസം ശരാശരി 18,591 കപ്പ് ചായയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിതരണം ചെയ്യുന്നത്. അത് എങ്ങനെ സാധ്യമാകും?” നിരുപം ചോദിച്ചു.

"ഗ്രീൻ ടീ എന്നൊക്കെ പല ചായകളെയും പറ്റി നമ്മൾ കേട്ടിട്ടുണ്ട്; ഏത് തരം ചായയാണ് (മുഖ്യമന്ത്രി ദേവേന്ദ്ര) ഫഡ്നാവിസ് കുടിക്കുന്നത് അറിയില്ല.” നിരുപം പരിഹാസ രൂപേണ പറഞ്ഞു. “മുഖ്യമന്ത്രിയും, അദ്ദേഹത്തിന്‍റെ ഓഫീസിലുള്ളവരും ഒരുപക്ഷെ ഏതോ 'സ്വർണ ചായ’ ആയിരിക്കും കുടിക്കുന്നത്.” മുഖ്യമന്ത്രിയുടെ ഓഫീസ് കോടി കണക്കിന് രൂപ ചായ കുടിക്കാൻ ചെലവാക്കുമ്പോൾ, അഷ്ട്ടിക്കു വകയില്ലാതെ മഹാരാഷ്ട്രയിൽ പ്രതിദിനം കർഷകർ മരിക്കുന്നു എന്നത് ഒരു വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.

"ഒരു വശത്ത് പ്രധാനമന്ത്രി 'ചായ് വാല' ആണെന്ന് പറയുന്നതിൽ അഭിമാനം കൊള്ളുന്നു. മറുവശത്ത് ഫദ്നാവിസ് ചായ വിതരണം ചെയ്യാന്‍ ഭീമമായ ഒരു തുക ചിലവാക്കുന്നു. പ്രധാനമന്ത്രിയും മഹാരാഷ്ട്രാ മുഖ്യമന്ത്രിയും രണ്ടു പേരും ചായയുടെ പേരും പറഞ്ഞു നാടിനെ പറ്റിച്ചുകൊണ്ടിരിക്കയാണ്."

Comments


Page 1 of 0