// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 31, 2018 Saturday
ന്യൂ യോര്‍ക്ക്: ശീതയുദ്ധകാലത്ത് കമ്യൂണിസത്തെയും സോവിയറ്റ് യൂണിയനെയും പ്രതിരോധിക്കാൻ വേണ്ടി പാശ്ചാത്യ രാജ്യങ്ങൾ ആവശ്യപ്പെട്ടത് പ്രകാരമാണ് സൗദി അറേബ്യ ധനസഹായം കൊടുത്ത് വഹാബിസം പ്രച്ചരിപ്പിച്ചതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വാഷിംഗ്ടൺ
പോസ്റ്റുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി.
മുസ്ലീം രാജ്യങ്ങളിൽ സോവിയറ്റ് യൂണിയനെ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാശ്ചാത്യ സഖ്യകക്ഷികള്‍ സൗദി അറേബ്യയോട് വിദേശത്ത് പള്ളികളുടെയും, മദ്രസകളുടെയും പ്രവര്‍ത്തനങ്ങളെ വിപുലമാക്കുന്നതിന് നിക്ഷേപം നടത്തണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നുവെന്ന് ബിൻ സൽമാൻ പറഞ്ഞു.
പക്ഷെ ഇന്ന് സർക്കാറിന് പകരം സൗദി അടിസ്ഥാനമായുള്ള "ഫൌണ്ടേഷനുകളിൽ " നിന്നാണ് അവയ്ക്ക് ധനസഹായം കിട്ടുന്നതെന്ന് ബിൻ സൽമാൻ പറഞ്ഞു.
വാഷിംഗ്ടൺ പോസ്റ്റുമായുള്ള ബിൻ സൽമാന്‍റെ 75-മിനിറ്റ് നീണ്ടുനിന്ന അഭിമുഖം, അദ്ദേഹത്തിന്റെ അമേരിക്ക സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ മാർച്ച് 22-നാണു നടന്നത്.
"വൈറ്റ് ഹൌസിലെ മുതിർന്ന ഉപദേശകനായ ജാരെദ് കുഷ്നർ തന്റെ പോക്കറ്റിലാണെന്ന്" ബിൻ സൽമാൻ അവകാശപ്പെട്ടതായുള്ള മറ്റൊരു വാർത്തയും അഭിമുഖത്തിൽ വിഷയമായി.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും കൂടിയായ കുഷ്നറുമായി ഒക്ടോബറിൽ റിയാദിൽ വച്ച് കൂടിക്കാഴ്ച നടത്തിയപ്പോള്‍, സൌദിയിലെ അഴിമതികൾ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് സമ്മതം തേടുകയോ, ലഭിക്കുകയോ ഉണ്ടായിട്ടില്ലെന്ന് ബിൻ സൽമാൻ പറഞ്ഞു.
അഴിമതി ആരോപണങ്ങളെ തുടര്‍ന്നുണ്ടായ അറസ്റ്റുകൾ ഒരു ആഭ്യന്തര പ്രശ്നമായിരുന്നുവെന്നും, അവയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ വർഷങ്ങളായി നടന്നുവന്നിരുന്ന ഒന്നാണ് എന്നും ബിൻസൽമാൻ ചൂണ്ടിക്കാട്ടി.
കുഷ്നറും താനും തമ്മിലുള്ള ബന്ധം “പങ്കാളികളെക്കാൾ, സുഹൃത്തുക്കളെ പോലെയുള്ള ഒന്നാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം തനിക്കു വൈസ് പ്രസിഡന്റ് മൈക് പെൻസുമായും, വൈറ്റ് ഹൌസിലുള്ള മറ്റുള്ളവരുമായും നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
യമനിൽ അബ്ദുറബ്ബ് മൻസൂർ ഹാദിയെ പ്രസിഡൻറായി പുനരവരോധിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി സൗദി നയിക്കുന്ന സഖ്യം ഹൂത്തി വിമതർക്കെതിരായി നടത്തുന്ന യുദ്ധത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചു. യമനിലെ സംഘർഷത്തിൽ ആയിരക്കണക്കിനു പേർ കൊല്ലപ്പെടുകയും, മറ്റനേകം പേർ അവിടെ നിന്ന് പലായനം ചെയ്യണ്ടാതായും വന്നിട്ടുണ്ട്. ക്ഷാമത്തിന്റെ വക്കിൽ നില്‍ക്കുന്ന രാജ്യത്ത് കോളറയും പടര്‍ന്നിരിക്കുകയാണ്.
സൗദി നയിക്കുന്ന സംഖ്യത്തിന്‍റെ ഇടപെടലുകൾ ഒരു പാട് സാധാരണ ജനങ്ങളുടെ മരണത്തിനു വഴി വെച്ചിട്ടുണ്ട് എന്ന ആരോപണം റിയാദ് ശക്തമായി നിഷേധിക്കുന്നു. മറിച്ചു യമനിലെ മാനുഷിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു അവസരം പോലും റിയാദ് ഉപയോഗിക്കാതിരുന്നിട്ടില്ല എന്ന് ബിൻ സൽമാൻ ഉറപ്പിച്ച് പറഞ്ഞു. നല്ല വഴികളും, ചീത്ത വഴികളും ഇല്ല. ഉള്ളത് ചീത്ത വഴികളും, ഏറ്റവും ചീത്ത വഴികളും ആണ്, അദ്ദേഹം പറഞ്ഞു.