ഈയുഗം ന്യൂസ് ബ്യൂറോ
March 27, 2018 Tuesday
ന്യൂ ഡല്‍ഹി: ബാബ രാംദേവിന്‍റെ പതഞ്ജലി കമ്പനി നിർമ്മിക്കുന്ന ഗോതമ്പ് പൊടിയെ നിന്ദിച്ചുകൊണ്ടുള്ള ഒരു വീഡിയോ ബ്ലോഗ് നിര്‍ത്തലാക്കാൻ ഫേസ്ബുക്ക്, ഗൂഗിൾ, യൂട്യൂബ് എന്നീ സോഷ്യൽ മീഡിയ സൈറ്റുകളോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.
ബ്ലോഗിന്‍റെ ലിങ്കുകളിലേക്കും, ഉള്ളടക്കങ്ങളിലേക്കും പ്രവേശനം നിയന്ത്രിക്കുന്നതിനായി ഈ മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് ജസ്റ്റിസ് രാജീവ് സഹായ് എൻഡലോ പുറപ്പെടുവിച്ചു.
ബ്ലോഗും, അതിന്‍റെ വെബ് അഡ്രസ്സും ആരുടെ പേരിലാണെന്ന വിവരം വെളിപ്പെടുത്താനും കോടതി ആവശ്യപ്പെട്ടു. മെയ് 15-ന് കേസിൽ കൂടുതല്‍ വാദം കേൾക്കും.
തമിൾ ഭാഷയിലുള്ള ഒരു വീഡിയോ ബ്ലോഗ് പതഞ്ജലി ആട്ട മാവിനെ പറ്റിയും, ഐ. ടി. സിയുടെ 'ആഷിർവാദ്' ബ്രാൻഡിനെ പറ്റിയും മോശമായി ചിത്രീകരിച്ചിരിക്കയാണ് എന്ന പരാതിയിൽ പതഞ്ജലി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
രണ്ടു ബ്രാൻഡുകളുടെ ആട്ട മാവും റബ്ബര്‍ പോലെയാണെന്ന് വീഡിയോ പറയുന്നുതായി പതഞ്ജലി കോടതിയോട് പരാതിപ്പെട്ടു. ഐ. ടി. സി ഇതിനകം ബംഗളൂരു കോടതിയിൽ നിന്നും ബ്ലോഗിനെതിരെ ഒരു ഇടക്കാല സ്റ്റേ ഓർഡർ നേടിയിട്ടുണ്ട്.
ബ്ലോഗിനെ പറ്റിയും അതിന്‍റെ ഉള്ളടക്കത്തെ പറ്റിയും മൂന്നു സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളെയും പതഞ്ജലി അറിയിക്കുകയും അതിനെ തടയാൻ അവരോടു ആവശ്യപ്പെടുകയും ചെയ്തതായി ആ കമ്പനിക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നിട്ടും അവർ ഒന്നും ചെയ്യാതിരുന്നപ്പോഴാണ് പതഞ്ജലി കോടതിയെ സമീപിച്ചത്, അഭിഭാഷകൻ ബോധിപ്പിച്ചു.