// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  25, 2018   Sunday  

news



പന്ത്രണ്ടാം ക്ലാസ്സിലെ രാഷ്ട്രീയ ശാസ്ത്ര പാഠപുസ്തകത്തിൽ മാറ്റം വരുത്തി.

whatsapp

ന്യൂ ഡല്‍ഹി: എൻ. സി. ഇ. ആർ. ടിയുടെ (NCERT) പന്ത്രണ്ടാം ക്ലാസ്സിലെ രാഷ്ട്രീയ ശാസ്ത്ര പാഠപുസ്തകത്തിൽ മുസ്ലിം-വിരുദ്ധ ലഹളയെന്നു ഇതുവരെ വിശേഷിപ്പിച്ചിരുന്ന 2002-ലെ ഗുജറാത്ത് കലാപത്തെ പുതിയ പതിപ്പിൽ "ഗുജറാത്ത് ലഹള" എന്നാക്കി മാറ്റിയിരിക്കുന്നു.

പാഠപുസ്തകത്തിലെ അവസാന അദ്ധ്യായമായ “ഇന്ത്യന്‍ രാഷ്ട്രിയത്തിലെ സമീപകാല സംഭവവികാസങ്ങൾ” എന്നതിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.

ഗുജറാത്തിൽ 2002-ല്‍ അരങ്ങേറിയ കലാപങ്ങളെ പറ്റി പറയുന്ന ഭാഗത്തിന് കൊടുത്ത മുസ്ലിം-വിരുദ്ധ ലഹളയെന്ന ശീർഷകത്തെ (187-മാത്തെ പേജിൽ) മാറ്റി ഗുജറാത്ത് ലഹള എന്നാക്കിയിരിക്കയാണ്. അതേ ഭാഗത്ത്‌ പരാമര്‍ശിക്കുന്ന 1984-ലെ വർഗീയ കലാപങ്ങളെ സിഖ്-വിരുദ്ധ ലഹള എന്നു വിശേഷിപ്പിച്ചിരുന്നത് അതേപോലെ നിലനിര്‍ത്തുകയും ചെയ്തിട്ടിട്ടുണ്ട്.

പാഠപുസ്തകത്തിന്‍റെ മുമ്പത്തെ പതിപ്പിൽ, മുകളിൽ പറഞ്ഞ ഭാഗത്തിന്‍റെ ആദ്യ വാചകം ഇങ്ങിനെ ആയിരുന്നു: "ഗുജറാത്തിൽ മുസ്ലിംകൾക്കെതിരെ 2002 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വൻ തോതിലുള്ള ആക്രമണം നടന്നു." പുതിയ പതിപ്പിൽ “മുസ്ലിംകൾക്കെതിരെ” എന്ന ഭാഗം നീക്കിയിരിക്കുന്നു.

കർസേവകര്‍ കൂട്ടമായി യാത്ര ചെയ്ത ട്രെയിന്‍ ആക്രമണം നേരിടേണ്ടിവന്നതും അതിനെത്തുടർന്നുണ്ടായ മുസ്ലിം-വിരുദ്ധ ലഹളകളും വിവരിച്ചതിന്ശേഷം, അക്രമത്തെ നിയന്ത്രിക്കുന്നതിൽ ഗുജറാത്ത് സർക്കാരിനെതിരായുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ വിമർശനത്തെ അദ്ധ്യായം പരാമർശിക്കുകയും ചെയ്യുന്നുണ്ട്.

ഒരു ഖണ്ഡികയിൽ ഇങ്ങനെ പറയുന്നു: "അയോധ്യയിൽ നിന്ന് മടങ്ങുന്ന ഒരു തീവണ്ടിയിൽ, കർസേവകര്‍ തിങ്ങിനിറഞ്ഞു യാത്ര ചെയ്ത ബോഗി കത്തിച്ച്, അതില്‍ 57 പേർ വെന്തു മരിച്ചു. അതിന്‍റെ പിന്നിൽ മുസ്ലീങ്ങൾ ആണെന്ന ധാരണയില്‍, അവര്‍ക്കെതിരായി വമ്പിച്ച ആക്രമണങ്ങൾ അടുത്ത ദിവസം മുതൽ ഗുജറാത്തിൽ പലയിടത്തും തുടങ്ങി. ഈ കലാപം ഒരു മാസത്തോളം തുടർന്നു. ഏതാണ്ട് 1,100 പേർ, കൂടുതലും മുസ്ലിംകള്‍, ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു."

എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തക അവലോകനത്തിന്‍റെ ഭാഗമായാണ് ഈ മാറ്റമെന്ന് ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രം പറയുന്നു. സ്കൂൾ വിദ്യാഭ്യാസത്തെ സംബന്ധിച്ച മാനവവിഭവശേഷി മന്ത്രാലയത്തെ ഉപദേശിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് എൻ. സി. ഇ. ആർ. ടി.

കഴിഞ്ഞ കൊല്ലം ജൂണിൽ, ആർ. കെ. ചതുർവേദി ചെയർമാനായിരിക്കുമ്പോഴാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഈ മാറ്റങ്ങൾ ആദ്യമായി നിർദ്ദേശിച്ചതു.

Comments


Page 1 of 0