// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 17, 2018 Saturday
ന്യൂ ഡല്‍ഹി: രാജസ്ഥാൻ സന്ദർശിക്കുന്ന മുൻ യു. എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റൺ താമസിക്കുന്ന റിസോർട്ടിലെ ബാത്ത്ടബ്ബിൽ വഴുതിവീണ് കൈത്തണ്ടയിലെ എല്ല് പൊട്ടിയതായി ഇന്ത്യൻ പത്രങ്ങൾ റിപ്പോര്‍ട്ട് ചെയതു.
ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിലാണ് ഹിലാരി താമസിച്ചിരുന്നത്.
ഇതിന് ദിവസങ്ങൾ മുമ്പ്, മധ്യപ്രദേശിലെ മണ്ടു സന്ദർശനത്തിനിടെയും ഹിലാരിക്ക് പരിക്കേറ്റിരുന്നു. ജഹാസ് മഹലിന്‍റെ പടവുകൾ ഇറങ്ങുമ്പോൾ കാലുതെന്നി രണ്ടു തവണ വീഴുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ജോധ്പൂരിലെ വീഴ്ചയെ തുടർന്ന്, ഹിലാരിയെ ആ പട്ടണത്തിലുള്ള ഗോയൽ ഹോസ്പിറ്റലിലേക്ക് കഴിഞ്ഞ ബുധനാഴ്ച പുലർച്ചക്ക് കൊണ്ടുപോയി. അവർ 15-20 മിനിറ്റോളം അവിടെ ചികിത്സയിലായിരുന്നുവെന്ന്, ഗോയൽ ഹോസ്പിറ്റൽ സി.ഇ.ഒ സുരേഷ് ഗോയൽ പറഞ്ഞു.
ആശുപത്രിയിൽ ഹിലാരിയെ എക്സ്-റേ, സിടി സ്കാൻ എന്നിവയ്ക്ക് വിധേയയാക്കി. വലതു കൈത്തണ്ടയിലെ എല്ലിൽ നേരിയൊരു വിള്ളൽ ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൈത്തണ്ടയിൽ പ്ലാസ്റ്റർ ബാൻഡേജ് ചെയ്ത ശേഷം അവർ ആശുപത്രി വിട്ടു.
പരിക്ക് യാത്രക്ക് ബുദ്ധിമുട്ടാവില്ലെന്ന് കണക്കാക്കി, അത് തുടരുന്നതിന് ആശുപത്രി ഹിലാരിക്ക് സമ്മതം കൊടുത്തു.