അൽ ബുൻദുഖ് എണ്ണപ്പാടം കരാർ ഖത്തറും അബുദാബിയും പുതുക്കി

ഈയുഗം ന്യൂസ് ബ്യൂറോ     March  13, 2018   Tuesday  

news
ദോഹ: ഖത്തറും അബുദാബി ഭരണകൂടവും അൽ ബുൻദുഖ് എണ്ണപ്പാടം സംയുക്തമായി ഓപറേറ്റ് ചെയ്യാനുള്ള കരാർ പുതുക്കി.

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഖത്തർ ഒരു യു.എ.ഇ എമിറേറുമായി ഒരു കരാറിൽ ഒപ്പുവെക്കുന്നത്. ഖത്തർ പെട്രോളിയം, അബുദാബി ഭരണകൂടത്തിന് വേണ്ടി അബുദാബി സുപ്രീം പെട്രോളിയം കൗൺസിൽ, അബുദാബി നഷനൽ ഓയിൽ കമ്പനി (ADN0C), യുണെറ്റഡ് പെട്രോളിയം ഡവലപ്മെന്റ് കമ്പനി (ജപ്പാൻ), അൽ ബുൻദുഖ് കമ്പനി എന്നിവർ കരാറിൽ പങ്കാളികളാണ്.

1953 ൽ അൽ ബുൻദുഖ് എണ്ണപ്പാടവുമായി ബന്ധപ്പെട്ട് അബുദാബിയും ഒരു സ്വകാര്യ എണ്ണ പര്യവേക്ഷണ കമ്പനിയും ഉണ്ടാക്കിയ പ്രഥമ കരാർ പുതിയ കരാറിലൂടെ റദ്ദ് ചെയ്യപ്പെട്ടു എന്ന് ഖത്തർ പെട്രോളിയത്തിന്റെ പ്രസ്താവന ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 8 ന് ഈ അടിസ്ഥാന കരാറിന്റെ കാലാവധി അവസാനിച്ചു.

1969 മാർച്ചിൽ എണ്ണപ്പാടം തുല്യ പങ്കാളിത്തത്തോടെ സംയുക്തമായി നടത്തിക്കൊണ്ടുപോവാനുള്ള കരാറിൽ ഖത്തറും അബുദാബിയും ഒപ്പുവെച്ചു. 1965 ൽ കടലിൽ കണ്ടെത്തിയ എണ്ണപ്പാടം 1975 ൽ ആണ് പ്രവർത്തനക്ഷമമായത്.

ജപ്പാൻ കമ്പനിയായ യുണെറ്റഡ് പെട്രോളിയം ഡവലപ്മെന്റ് കമ്പനിയുടെ കീഴിലുള്ള അൽ ബുൻദുഖ് ആണ് എണ്ണപ്പാടം ഓപറേറ്റ് ചെയ്യുന്നത്.


Sort by