ഈയുഗം ന്യൂസ് ബ്യൂറോ
March 02, 2018 Friday
മസ്കറ്റ്: പ്രവാസികള്‍ക്ക് പുതിയ വിസ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത് കാരണം ഒമാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വന്‍ ഇടിവ് സംഭവിക്കുമെന്ന ഭീതിയിലാണ് ഡെവലപ്പർമാരും, ഏജന്റുമാരും ഇപ്പോൾ. റിയൽ എസ്റ്റേറ്റ് മേഖലയിൽ വില കുറയുന്നതായുള്ള സൂചനകളും കണ്ടുതുടങ്ങിയിട്ടുണ്ട്.
മസ്കറ്റിലെ ലീസിംഗ് കമ്പനികളും ബില്‍ഡിംഗ് ഉടമകളും നിരക്കുകൾ ഇതിനകം കുറച്ചതായി ടൈംസ് ഓഫ് ഒമാൻ റിപ്പോര്‍ട്ട് ചെയ്തു.
"പുതിയ നിരോധനം മൂലം ജോലിക്കായി ഒമാനിലേക്ക് പോവുന്ന പ്രവാസികളുടെ എണ്ണത്തിൽ കുറവ് വരും എന്നത് ഉറപ്പാണ്. ചില പ്രവാസികൾ അവരുടെ രാജ്യങ്ങളിലേക്ക് തിരികെപോകാനും തുടങ്ങിയിരിക്കുന്നു. ഇതുമൂലം ധാരാളം ഒഴിഞ്ഞ വീടുകളും, ഫ്ലാറ്റുകളും വിപണിയിൽ ഇപ്പോള്‍ ലഭ്യമാണ്," ഹിലാൽ പ്രോപ്പർട്ടീസിന്‍റെ ഒരു മാനേജർ ടൈംസ് ഓഫ് ഒമാനോട് പറഞ്ഞു.
“അതുകൊണ്ട്, മിക്ക ഉടമസ്ഥരും വീടുകളുടെ വാടക കുറയ്ക്കുകയാണ്; ഈ പ്രവണത മസ്ക്കറ്റിലുടനീളം പ്രകടമാണ്,” മാനേജർ വിശദീകരിച്ചു.
റിയൽ എസ്റ്റേറ്റ് വിപണി പുതിയ ആള്‍ക്കാരുടെ വരവിനെ ആശ്രയിച്ചാണ് സ്ഥിതി കൊള്ളുന്നത്. വിവിധ മേഖലകളിലെ ജോലിക്കുള്ള വിലക്ക് പ്രവാസികളുടെ വരവിനെ കുറച്ചിരിക്കുന്നു, തായിഫ് പ്രോപ്പർട്ടീസിൽ നിന്നുള്ള ഒരു പ്രതിനിധി പറയുന്നു. "അതു റിയൽ എസ്റ്റേറ്റ് നിരക്കുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്."
"മദീനത് ഖാബൂസ്, ദ വേവ് എന്ന ജനപ്രിയ പ്രദേശങ്ങളിൽ ഇത് വളരെ പ്രകടമാണ്. പക്ഷെ എല്ലാ സ്ഥലങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. മദീനത് അൽ-ഇലാം എന്ന സ്ഥലത്ത്, ഉദാഹരണത്തിന്, കഴിഞ്ഞ നവംബറിൽ 1,500 ഒമാനി റിയാലിന് വാടകക്ക് പോയിരുന്ന വില്ല, ഫെബ്രുവരിയിൽ 900 ഒമാനി റിയാലിന് ലഭ്യമായിരുന്നു,” അദ്ദേഹം പറഞ്ഞു.
വിസാ നിരോധനത്തിന് ശേഷം പ്രവാസികളുടെ വരവിൽ കുറവ് വരും. എന്നാൽ വർഷങ്ങളായി പ്രവാസികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരുകയാണ് എന്ന വസ്തുത നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്, അൽ ഹബീബ് കമ്പനിയുടെ ജനറൽ മാനേജർ സുധാകർ റെഡ്ഡി ടൈംസ് ഓഫ് ഒമാനോട് അഭിപ്രായപ്പെട്ടു.
പ്രവാസികള്‍ കുറഞ്ഞാലും, കൂടുതൽ ഒമാനികള്‍ വാടകയ്ക്ക് വീട് എടുക്കന്നതിന് സാദ്ധ്യത ഉള്ളതുകൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ്സ് നന്നായി പോവുമെന്നാണ് റെഡ്ഡി കരുതുന്നത്.
"പല ഒമാനികളും ആദ്യമായി ജോലി ലഭിച്ചതിന് ശേഷം അവരുടെ മാതാപിതാക്കളുടെ അടുത്തുനിന്ന് മാറി സ്വന്തമായി ഒരു വീട് വാടകയ്ക്ക് എടുക്കുന്നുണ്ട് ഇപ്പോൾ. തങ്ങളുടെ ജോലി സ്ഥലത്തിന് അടുത്ത് താമസിക്കാൻ വേണ്ടിയാണ് പലപ്പോഴും ഇങ്ങിനെ ചെയ്യുന്നത്,” അദ്ദേഹം പറഞ്ഞു.
ഇതുകാരണം റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടാവില്ലെങ്ങിലും, ആവശ്യത്തിനുള്ള ഇടപാടുകൾ തുടരും എന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.