// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  01, 2018   Thursday  

news2030-ഓടെ ഇന്ത്യയില്‍ വൈദ്യുതി കാറുകള്‍ മാത്രമേ ഓടാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം.

whatsapp

ന്യൂ ദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ ഏറ്റവും ജനകീയവും തുടക്കക്കാര്‍ക്ക് ഇടയില്‍ പ്രിയങ്കരവുമായ ഹാച്ച്ബാക്ക് ആള്‍ട്ടോയുടെ വില്‍പ്പന ഈ ഫെബ്രുവരിയോടെ മുപ്പത്തി അഞ്ചു ലക്ഷം കവിഞ്ഞതായി കമ്പനി അറിയിച്ചു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ആള്‍ട്ടോ വില്‍പ്പനയില്‍ മുന്നിലാണെന്ന് കമ്പനിയുടെ സീനിയര്‍ എക്സിക്യുടീവ് ഡയരക്ടര്‍ ആര്‍ എസ് കല്‍സി പറയുന്നു.

നിലവില്‍ ആള്‍ട്ടോ 800 സി സി, കെ-10 എന്നിങ്ങനെ രണ്ടു വ്യത്യസ്ത എഞ്ചിന്‍ മോഡലുകളിലും, സി എന്‍ ജി ഇന്ധനം ഉപയോഗിക്കുന്ന മറ്റൊരു മോഡലിലും ലഭ്യമാണ്. ആള്‍ട്ടോ കെ-10 മോഡലില്‍ ക്ലച്ച് ഇല്ലാതെ ഓട്ടോ ഗിയര്‍ ഷിഫ്റ്റ്‌ ട്രാന്‍സ്മിഷന്‍ (എ ജി എസ്) സൗകര്യവുമുണ്ട്. ബിഎസ്-VI സംവിധാനത്തോടെയുള്ള ആള്‍ട്ടോ ലക്ഷ്യ വര്‍ഷമായ 2020-നു വളരെ മുമ്പ് തന്നെ തയാറാകുമെന്ന് കാല്‍സി പറഞ്ഞു. മുഴുവന്‍ കാറുകളും 2020-നകം ബിഎസ്-VI (യൂറോ-VI ന്‍റെ ഇന്ത്യന്‍ പതിപ്പ്) ആയി മാറണമെന്ന് സര്‍ക്കാര്‍ നേരത്തേ നിര്‍ദേശിച്ചതാണ്.

വാഹനപുക സംബന്ധിച്ച ബിഎസ്-VI വ്യവസ്ഥകള്‍ ഇതുവരെ ഉള്ളതില്‍ വച്ച് ഏറ്റവും കര്‍ശനമായതാണ്. അതനുസരിച്ച് വാഹനങ്ങള്‍ പുറത്തുവിടുന്ന പുകയില്‍ ഹാനികരമായ ഘടകങ്ങള്‍ ഗണ്യമായി കുറക്കാന്‍ കഴിയും.

ആള്‍ട്ടോയുടെ വൈദ്യുതി കാറുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് കല്‍സി ഇങ്ങനെ പറഞ്ഞു: "ആള്‍ട്ടോയില്‍ വൈദ്യുതിയില്‍ ഓടുന്ന മാതൃക കൊണ്ടുവരാന്‍ ഇപ്പോള്‍ ആലോചനയില്ല." ഇതിന്‍റെ പ്രധാന കാരണം ഇന്ത്യയില്‍ വൈദ്യുതി കാറുകള്‍ നിര്‍മിക്കുക ഇപ്പോഴും ചെലവേറിയതാണ് എന്നതാണ്.

ആള്‍ട്ടോയുടെ തുടക്ക മാതൃകയുടെ വിലയിലും പ്രത്യേകതകളിലും അത് ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദ്യുതി കാറുകള്‍ക്ക് അത്യാവശ്യമായ ലിതിയം ഇയോണ്‍ ബാറ്ററികള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതാണ് സാധാരണ ഐ സി (ഇന്റേണല്‍ കംബഷന്‍) കാറുകളെക്കാള്‍ വൈദ്യുതി കാറുകള്‍ വില കൂടിയതാവാന്‍ കാരണം.

അതേസമയം, മാരുതി സുസുകിയുടെ ആദ്യത്തെ വൈദ്യുതി കാര്‍ 2020-നകം നിരത്തിലിറങ്ങും. "അത് മൊത്തത്തില്‍ തന്നെ വ്യത്യസ്തമായ ഒരു കാറായിരിക്കും".

2030-ഓടെ ഇന്ത്യയില്‍, ശുദ്ധമായ പരിസ്ഥിതി ഉറപ്പാക്കുന്നതിനു വേണ്ടി വൈദ്യുതി കാറുകള്‍ മാത്രമേ ഓടാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. ആ സമയം ആകുമ്പോഴേക്ക് ഇന്ത്യയിലെ മിക്ക നഗരങ്ങളിലെയും അന്തരീക്ഷ മലിനീകരണം തീര്‍ത്തും വിഷലിപ്തമായ അവസ്ഥയില്‍ എത്തിയിട്ടുണ്ടാകും.

2000-ല്‍ ആദ്യമായി പുറത്തിറങ്ങിയ ആള്‍ട്ടോ തുടക്ക കാര്‍ മാതൃകകളില്‍ ഏറ്റവും ജനപ്രിയമാണ്. തുടര്‍ച്ചയായി 14 വര്‍ഷങ്ങള്‍ അത് വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2006 മുതല്‍ ഓരോ രണ്ടു വര്‍ഷത്തിലും 5 ലക്ഷം എന്ന തോതില്‍ ആള്‍ട്ടോ കാറുകള്‍ വിറ്റുപോയിട്ടുണ്ട് - കമ്പനി വ്യക്തമാക്കുന്നു.

തുടക്ക കാറുകളുടെ വിപണിയില്‍ മറ്റെല്ലാ കമ്പനികളും ചേര്‍ന്ന് വില്‍ക്കുന്നതില്‍ കൂടുതല്‍ ആള്‍ട്ടോ വില്‍ക്കുന്നുണ്ടെന്ന് സുസുകി കമ്പനി പറയുന്നു. ഏതാണ്ട് 25 ശതമാനം ആള്‍ട്ടോ ഉപഭോക്താക്കളും 30 വയസ്സിന് താഴെയുള്ളവരാണ്. പിന്‍വശം തുറക്കാവുന്ന ഹാച്ച്ബക്ക് ആള്‍ട്ടോ ആദ്യമായി കാര്‍ വാങ്ങുന്നവരുടെ ഇഷ്ട മോഡലാണെന്ന് കല്‍സി പറയുന്നു: "ആള്‍ട്ടോ വില്‍പ്പനയുടെ 55 ശതമാനവും ഈ വിഭാഗത്തില്‍ നിന്നാണ്.

Comments


Page 1 of 0