// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  27, 2018   Tuesday  

newsഅതിദ്രുതം മാറികൊണ്ടിരിക്കുന്ന വിയറ്റ്നാമിലെ സാമൂഹ്യരീതികളെയാണ് “വാടകക്കൊരു കല്ല്യാണം” എന്നാ പ്രതിഭാസം കാണിക്കുന്നത്.

whatsapp

വിവാഹ ചടങ്ങുകള്‍ക്ക് അതിഥികളെ ആവശ്യമുണ്ടോ? വാടകയ്ക്ക് കിട്ടും. മാത്രമല്ല, വിവാഹം കഴിഞ്ഞെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ, വരനെത്തന്നെ വേണമോ? വരനെയും വാടകക്ക് കിട്ടും. വിയറ്റ്നാമിലാണ് ഇതിനൊക്കെ സൌകര്യമുള്ളത്.

അതിദ്രുതം മാറികൊണ്ടിരിക്കുന്ന വിയറ്റ്നാമിലെ സാമൂഹ്യരീതികളെയാണ് “വാടകക്കൊരു കല്ല്യാണം” എന്നാ പ്രതിഭാസം കാണിക്കുന്നത്. ഉദാഹരണങ്ങൾ ഒരുപാടാണ്‌. “കാ” എന്ന് ഇന്ത്യക്കാര്‍ക്ക് തമാശ തോന്നിക്കുന്ന പേരുള്ളൊരു വിയറ്റ്നാം യുവതിയുടെ കാര്യം നോക്കൂ. കായുടെ വിവാഹദിനം പുറമേനിന്ന് നോക്കിയാൽ എല്ലാം തികഞ്ഞതായിരുന്നു, എന്നാൽ അവളുടെ അടുത്ത ബന്ധുക്കള്‍ക്ക്പോലും അറിയാത്ത ചില രഹസ്യങ്ങൾ അതിൽ അടങ്ങിയിരുന്നു: 27 വയസുള്ള അവൾ മൂന്ന് മാസം ഗർഭിണിയായിരുന്നു, മാത്രമല്ല വരൻ വാടക്കെടുത്ത ഒരാൾ ആയിരുന്നു.

കല്ല്യാണം കഴിക്കാതെ അമ്മ ആയാലുള്ള അപമാനം സമൂഹത്തില്‍ നിന്ന് ഒഴിവാക്കാൻ വേണ്ടി നടത്തിയ ഒരു കപട നാടകമായിരുന്നു അത്.

സാമൂഹ്യമായി യാഥാസ്ഥിതികമായ വിയറ്റ്നാമിൽ, പാരമ്പര്യ ആചാരങ്ങളിൽ നിന്ന് വ്യക്തികൾ വ്യതിചലിക്കുമ്പോൾ, കുടുംബങ്ങള്‍ക്ക് വലിയ വില നൽകേണ്ടിവരാറുണ്ട്. പക്ഷെ ചെറുപ്പക്കാരിൽ പലരും ആചാരങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

"ഞാൻ ഭർത്താവില്ലാതെ ഗർഭിണിയായ അവസ്ഥ എന്‍റെ അച്ഛനമ്മമാർക്ക് താങ്ങാൻ പറ്റില്ല," ഏകദേശം 1,500 ഡോളര്‍ ചെലവാക്കി നടത്തിയ വ്യാജ വിവാഹം കഴിഞ്ഞ്‌ ഒരു മാസത്തിന് ശേഷം ഒരു അഭിമുഖത്തിൽ കാ പറഞ്ഞു.

കായുടെ കുഞ്ഞിന്‍റെ അച്ഛൻ വിവാഹിതനായിരുന്നു. സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് കായെ സ്വീകരിക്കാൻ അയാൾ തയ്യാറായിരുന്നില്ല. പക്ഷെ വ്യാജ വിവാഹത്തിന്‍റെ ചെലവ് മുഴുവനും അയാൾ വഹിച്ചു.

വിവാഹത്തിന് എത്തുന്ന അതിഥികളെ വാടകയ്ക്ക് എടുക്കുന്ന ബിസിനസ്സ് വിയറ്റ്നാമിൽ അനുദിനം വളരുകയാണ്. രാജ്യത്ത് 15 വയസ്സിന് മുകളിലുള്ളവരിൽ 70 ശതമാനം പേരും വിവാഹിതരാണ്. കായെപ്പോലെ കല്യാണം കഴിക്കാതെ ഗർഭിണികളായ സ്ത്രീകൾ മാത്രമല്ല ഭർത്താക്കന്മാരായി അഭിനയിക്കാന്‍ തയ്യാറായവരെ നോക്കി നടക്കുന്നത്. കല്ല്യാണം കഴിക്കാനുള്ള കുടുംബത്തിന്‍റെ സമ്മർദ്ദത്തെ ഇല്ലാതാക്കാനോ, അതുമല്ലെങ്കിൽ രണ്ടുപേരുടെയും ബന്ധത്തില്‍ താല്‍പ്പര്യമില്ലാത്ത മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാനോ വേണ്ടി പലരും ഇപ്രകാരം ചെയ്യാറുണ്ട്.

കായും അവളുടെ വാടകക്ക് എടുത്ത ഭർത്താവും നിയമപരമായി യാതൊരു വിവാഹകരാറിലും ഒപ്പിട്ടില്ല. പക്ഷെ കാ അയാളോട് നന്ദി ഉള്ളവളാണ്, അവളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുൻപിൽ നാടകം കളിച്ചതിന്!

"ഞാൻ മുങ്ങിപ്പോവുകയാണെന്ന് ഒരവസരത്തിൽ എനിക്ക് തോന്നിയിട്ടുണ്ട്, പക്ഷെ ഒരു ലൈഫ് ജാക്കറ്റിനെ ചാടിപിടിച്ചു രക്ഷപ്പെട്ടു." ചെറിയൊരു ചിരിയോടെ കാ പറഞ്ഞു.

കുറച്ച് ദിവസം കഴിഞ്ഞ്‌, ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു പോയതായി കുടുംബാംഗങ്ങളോട് ധരിപ്പിക്കാനുള്ള പരിപാടിയിലാണ് അവളിപ്പോൾ. വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീക്ക് ഒരു കുഞ്ഞിന്‍റെ അമ്മയായി ജീവിക്കാൻ വലിയ സാമൂഹ്യപ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് കാ കരുതുന്നു. പക്ഷെ വിവാഹം കഴിക്കാതെ അമ്മയായി കഴിയാന്‍ ഇന്നത്തെ വിയറ്റ്നാം സമൂഹത്തിൽ കഷ്ടമാണെന്നാണ് കായുടെ പക്ഷം.

വിയറ്റ്നാമിലെ പുതിയ തലമുറയിൽ പെട്ടവര്‍ക്ക് ബന്ധങ്ങളുടെ മാനദണ്ഡങ്ങൾ മാറിയിട്ടുണ്ട്. രാജ്യത്തെ 93 മില്യണ്‍ വരുന്ന ജനസംഖ്യയിൽ പകുതിയിലധികം പേരും 30 വയസിന് താഴെയുള്ളവരാണെന്നും ഈ അവസരത്തിൽ ഓര്‍ക്കണം.

വിവാഹത്തിനു മുന്പ് തന്നെ ഒന്നിച്ചു ജീവിക്കുന്ന ദമ്പതികളുടെ എണ്ണം രാജ്യത്ത് കൂടികൊണ്ടിരിക്കയാണ്. ഗർഭഛിദ്രം ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ദ്ധന പ്രത്യക്ഷമാണ്‌. കഴിഞ്ഞ വർഷം 300,000 പേര്‍ ഗർഭഛിദ്രം നടത്തിയിട്ടുണ്ട്, ആശുപത്രി കണക്കുകള്‍ പ്രകാരം. പക്ഷേ അത് ഉണ്ടാക്കുന്ന അപമാനം സമൂഹത്തിൽ ഇപ്പോഴും വളരെ പ്രകടമാണ്.

വിവാഹത്തിന്‍റെ കാര്യത്തിൽ പലരും കുടുംബാംഗങ്ങളിൽ നിന്നോ, സമൂഹത്തിൽ നിന്നോ ഉള്ള സമ്മർദ്ദങ്ങളിൽ പെട്ട് തീരുമാനങ്ങൾ എടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പതിവ്.

“പരമ്പരാഗത ശീലങ്ങളും ആചാരങ്ങളും, വീക്ഷണങ്ങളും നേരിടുമ്പോൾ, മിക്കപേര്‍ക്കും അവരുടെ ഇഷ്ടമനുസരിച്ച് ജീവിക്കാനുള്ള ധൈര്യം ഇല്ല എന്ന് തോന്നുന്നു,” മനശാസ്ത്ര ഗവേഷകൻ നഗൂയിൻ ഡ്യു ക്യുങ് അഭിപ്രായപ്പെട്ടു.

"മുമ്പില്‍ ഒരു വഴിയും ഇല്ലാത്തവരുടെ കണ്ണില്‍കൂടി നമ്മൾ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം,” കുടുംബത്തിൽ വിടവുകള്‍ വരാതിരിക്കുന്നതിനായി കല്യാണ അഭിനേതാക്കൾക്ക് പണം നൽകുന്നവരോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ട് ഡ്യു ക്യുങ് പറഞ്ഞു.

Comments


Page 1 of 0