ഈയുഗം ന്യൂസ്
October  16, 2026   Friday   02:30:53pm

news



whatsapp

ദോഹ: ഏറ്റവും മോശമായ സാഹചര്യങ്ങളെ നേരിടാൻ ഖത്തർ തയ്യാറായിരിക്കണമെന്ന് അമീർ നടത്തിയ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും, സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി അവതരിപ്പിക്കപ്പെടുകയും ചെയ്തതായി ഖത്തർ പൗരന്മാർ വിലയിരുത്തി.

ഖത്തറിലെ ഷൂറ കൗൺസിലിന്റെ 55-ാമത് വാർഷിക സമ്മേളനത്തിൽ മൂന്ന് ദിവസം മുമ്പ് നടത്തിയ പ്രസംഗത്തിനിടെയാണ് അമീർ ഈ പരാമർശം നടത്തിയത്.

"ദൈവാനുഗ്രഹത്താൽ, ഈ പ്രതിസന്ധിയിൽ നിന്ന് ഖത്തർ കൂടുതൽ കരുത്തുറ്റതായും, ആഗോള മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ മികച്ച രീതിയിൽ സജ്ജമായും ഉയർന്നുവരും. ഏറ്റവും മികച്ചതിനായി എപ്പോഴും പരിശ്രമിക്കുക എന്നത് നമ്മുടെ കടമയാണ്; എന്നാൽ അതേസമയം, ഏറ്റവും മോശമായ സാഹചര്യങ്ങളെ നേരിടാനും നാം സജ്ജരായിരിക്കണം. സ്ഥാപനങ്ങളും പൗരന്മാരും ഉൾപ്പെടെ എല്ലാവരും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്," ശുറാ കൌൺസിൽ യോഗം അഭിസംബോധന ചെയ്തുകൊണ്ട് അമീർ പറഞ്ഞു.

എന്നാൽ വ്യാപകമായ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ അമീറിന്റെ പ്രസ്താവന സൃഷ്ട്ടിച്ചത്. വരാനിരിക്കുന്ന വൻ യുദ്ധത്തിന്റെ സൂചനയാണ് ഇതെന്നും രാജ്യം തകർച്ചയിലേക്ക് പോകുമെന്നും ഖത്തറിന്റെ നിരവധി വിമർശകർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

എന്നാൽ ഇപ്പോഴത്തെ മോശം സാഹചര്യത്തിൽ വലിയ പ്രതിസന്ധി നേരിടാനും ജനങ്ങൾ തയ്യാറായിരിക്കണമെന്നാണ് അമീർ ഉദ്ദേശിച്ചത്.

തങ്ങൾക്ക് എല്ലാം നൽകിയ മാതൃരാജ്യത്തിനുവേണ്ടി, ഏത് പ്രയാസങ്ങളും സഹിക്കാനും, അവരവരുടെ തൊഴിൽ മേഖലകളിൽ നിന്നുകൊണ്ട് തങ്ങളുടെ പൗരധർമ്മങ്ങൾ നിറവേറ്റാനും തങ്ങൾ സജ്ജരാണെന്ന് പ്രശസ്ത ഖത്തരി ഇൻഫ്ലുവൻസർ ഖാലിദ് അൽ കുവാരി പറഞ്ഞു.

അമീറിന്റെ പ്രസംഗത്തെ ഉപയോഗിച്ച് ഭയമോ പരിഭ്രാന്തിയോ പടർത്താൻ ശ്രമിക്കുന്നവരെ അദ്ദേഹം ഒരു വൈറൽ വീഡിയോയിൽ വിമർശിച്ചു. പരിഭ്രാന്തരായി പ്രതികരിക്കുന്നതിന് പകരം, ഖത്തറികൾ അമീറിന്റെ വാക്കുകളെ പൗരധർമ്മം നിറവേറ്റാനുള്ള ഒരു "ആഹ്വാനമായി" ആണ് കണ്ടത്.

അതേസമയം, സൗദി-ഹൂതി യുദ്ധം ഈ മേഖലയിൽ മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

Comments


Page 1 of 0