ഈയുഗം ന്യൂസ്
September 05, 2025 Friday 03:57:29pm
ദോഹ: ഏഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് മെമ്പറും, ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, സാമൂഹിക പ്രവർത്തകനുമായ ശ്രീ. ഷിനു കിച്ചേരിൽ ഖത്തറിലെ വാളക്കുഴി പ്രവാസികളുടെ തിരുവോണാഘോഷത്തിന് രണ്ടാം വട്ടവും മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
സെപ്റ്റംബർ 5 (വെള്ളി) ദോഹയിലെ അൽ വക്രയിലെ എക്സ്പ്ലോർ ആർട്സ് & സ്പോർട്സ് സെന്ററിലാണ് 'ഫ്രണ്ട്സ് ഓഫ് വാളക്കുഴി' ഓണാഘോഷം നടത്തുന്നത്. നാടൻ പ്പാട്ടുകൾ, വടം വലി, കുട്ടികളുടെ കലാപരിപാടികൾ, കായിക മത്സരങ്ങൾ, കുടുംബ വിനോദങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തെ സമ്പന്നമാക്കും.
ഓണാഘോഷത്തോടനുബന്ധിച്ച് വാളക്കുഴിയുടെ സമഗ്ര വികസനത്തിൽ ഖത്തർ പ്രവാസികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക ചർച്ചകൾ സംഘടിപ്പിക്കും. വിദ്യാഭ്യാസം, ആരോഗ്യരംഗം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തി നാടിൻറെ പുരോഗതിക്ക് കരുത്തേകുകയാണ് ലക്ഷ്യം.
നാടിനോടുള്ള സ്‌നേഹവും പ്രവാസികളുടെ പിന്തുണയും ചേർന്നാൽ വാളക്കുഴിയുടെ വികസനത്തിന് വലിയൊരു വഴിത്തിരിവാകും എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
“പ്രവാസികൾ നാട്ടിൽ നിന്ന് ദൂരെയാണെങ്കിലും, അവരുടെ ഹൃദയം എല്ലായ്പ്പോഴും സ്വന്തം ഗ്രാമത്തിനൊപ്പമാണ്. നാടിൻറെ പുരോഗതിയിൽ പങ്കാളികളാകാനുള്ള അവരുടെ മനസ്സാണ് വാളക്കുഴിയുടെ യഥാർത്ഥ ശക്തി,” ഷിനു കിച്ചേരിൽ അഭിപ്രായപ്പെട്ടു.