// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  25, 2018   Sunday  

news



whatsapp

എം. എല്‍. എ.യും ദലിത് പോരാളിയുമായ ജിഗ്നേഷ് മേവാനി തന്‍റെ സുരക്ഷയെ ചൊല്ലി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. 'എ ഡി ആര്‍ പോലീസ് & മീഡിയ' എന്ന പേരിലുള്ളതും ഉന്നത പോലീസുകാരും മാധ്യമ പ്രവര്‍ത്തകരും അംഗങ്ങളായുള്ളതുമായ വാട്സാപ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച വന്‍ പ്രചാരം നേടിയ പശ്ച്ചാത്തലത്തില്‍ ആണിത്.

പ്രസ്തുത വാട്സാപ് ഗ്രൂപ്പില്‍ രണ്ട് വീഡിയോകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നില്‍, രാഷ്ട്രീയക്കാരനെ പോലെ തോന്നിക്കുന്ന ഒരാളെ ഒരു കൂട്ടം പോലീസുകാര്‍ ചേര്‍ന്ന് മര്‍ദിക്കുന്നു. മറ്റേതില്‍, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ യു പി പോലീസ് നടത്തിയ ഏറ്റുമുട്ടലുകളെ സംബന്ധിച്ച ഒരു അഭിമുഖത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ഈ വീടിയോകളെ തുടര്‍ന്ന് അഹമദാബാദ് ഡി വൈ എസ്പി യുടെതായി ഒരു സന്ദേശം പ്രത്യക്ഷപ്പെടുന്നു: "പോലീസിന്റെ തന്തയാകാന്‍ ആഗ്രഹിക്കുകയും പോലീസിനെ 'ലഖോട്ട' (മാര്‍ബിള്‍) എന്ന് വിളിക്കുകയും ചെയ്യുന്നവരും പോലീസിന്റെ വീഡിയോ എടുക്കുന്നവരും ഓര്‍ത്തിരിക്കുക: നിന്നെപ്പോലെയുള്ള ആളുകളോട് പോലീസ് പെരുമാറുന്നത് ഇങ്ങനെയായിരിക്കും." ഈ സന്ദേശത്തെ തുടര്‍ന്ന് കാണുന്നത് അഹമദാബാദ് റൂറല്‍ എസ്പി പെരുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്ന മുദ്രയാണ്.

ഇതിനോടുള്ള അഹമദാബാദ് റൂറല്‍ ഡിവൈഎസ്പി ആര്‍.ബി. ദേവ്ധയുടെ വിശദീകരണം ഇങ്ങനെ: "ഈ സന്ദേശം മറ്റൊരു ഗ്രൂപ്പില്‍ നിന്ന് കേവലം കോപ്പി പേസ്റ്റ് ചെയ്തതാണ്. അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. അതൊരു വ്യക്തിപരമായ സന്ദേശമോ ഭീഷണിയോ അല്ല. ഒരു ഗ്രൂപ്പില്‍ നിന്ന് മറ്റൊരു ഗ്രൂപിലേക്ക് ഷെയര്‍ ചെയ്തു എന്നു മാത്രം."

വൈറല്‍ ആയിത്തീര്‍ന്ന മേല്‍ സംഭാഷണത്തോട്‌ പ്രതികരിച്ചു കൊണ്ട് മേവാനി ട്വീറ്റ് ചെയ്തു: "ജിഗ്നേഷ് മേവനിയുമായി എട്ടുമുട്ടലോ? ഞാന്‍ എങ്ങനെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാം എന്ന് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്ന വാട്സാപ് സംഭാഷണം പുറത്തു കൊണ്ടുവന്ന വെബ് പോര്‍ടലിന്‍റെ ലിങ്ക് ഇതാ. നിങ്ങള്‍ക്കിത് വിശ്വസിക്കാന്‍ കഴിയുമോ?"

ഇന്ത്യന്‍ എക്സ്പ്രസ് ലേഖകനുമായുള്ള സംഭാഷണത്തില്‍ മേവാനി പറഞ്ഞു: "ഇതൊരു ഗൌരവപ്പെട്ട വിഷയമാണ്‌. ഞാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാമെന്നു രണ്ട് ഉന്നത പോലീസുകാര്‍ സൂചന നല്‍കിയിരിക്കുകയാണ്. ഞാന്‍ ഡി. ജി. പി, ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രടറി എന്നിവര്‍ക്ക് പരാതി നല്കാന്‍ പോവുകയാണ്."

ഫെബ്രുവരി പതിനെട്ടിന്, അഹമദാബാദ് ബന്ദ് തുടങ്ങുന്നതിനു തൊട്ടു മുമ്പ് മേവാനിയെ അറസ്റ്റു ചെയ്ത സന്ദര്‍ഭത്തില്‍ അദ്ദേഹം പോലീസുകാരുമായി വാഗ്വാദം നടത്തുന്ന ഒരു വീഡിയോ വന്‍ പ്രചാരം നേടിയിരുന്നു. ദലിത് പ്രവര്‍ത്തകനായിരുന്ന ഭാനു വാങ്കാര്‍ വധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചു ആഹ്വാനം ചെയ്യപ്പെട്ടതായിരുന്നു ബന്ദ്. പ്രസ്തുത വീഡിയോയില്‍, "ഇത് നിങ്ങളുടെ തന്തയുടെ വകയാണോ?" എന്ന് മേവാനി ചോദിക്കുന്നുണ്ട്. അതേപോലെ, സാധാരണ വേഷത്തില്‍ വന്നു തന്നെ അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്ന പോലീസുകാരോട് 'ലഖോട്ട' എന്ന് പറയുന്നുമുണ്ട്.

Comments


Page 1 of 0