ഈയുഗം ന്യൂസ്
April  10, 2025   Thursday   06:51:01pm

news



whatsapp

ദോഹ: ടെക് മഹീന്ദ്രയുടെ ഖത്തറിലെയും കുവൈറ്റിലെയും മേധാവിയായ അമിത് ഗുപ്ത ഉൾപ്പെടെ ഏകദേശം അഞ്ച് ഇന്ത്യക്കാരെ അഴിമതി കേസിൽ ദോഹയിൽ അധികൃതർ കസ്റ്റഡിയിലെടുത്തതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരുമായി ഖത്തറിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഡൽഹിയിൽ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

"ഖത്തറിൽ ചില ഇന്ത്യക്കാരെ ഒരു കേസിലോ അതുമായി ബന്ധപ്പെട്ട കേസുകളിലോ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. അവരുടെ കുടുംബങ്ങൾക്ക് അവരെ കാണാൻ അനുവാദമുണ്ട്, അവർക്ക് അവരുടെ കുടുംബങ്ങളെ പതിവായി വിളിക്കാനും കഴിയും. വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായവും എംബസി തുടർന്നും നൽകും," അദ്ദേഹം കൂട്ടിച്ചേർത്തു.

ടെക് മഹീന്ദ്ര മാനേജർ ഗുപ്തയെ 2025 ജനുവരി 1 നാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്, ഇത് ഇന്ത്യൻ മാധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു.

ഗുപ്തയ്‌ക്കെതിരായ കേസിൽ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല, എന്നാൽ അദ്ദേഹത്തിനെതിരെ അഴിമതി കേസുകൾ അധികൃതർ അന്വേഷിച്ചുവരികയാണെന്നും ഇന്ത്യൻ കമ്പനിയുടെ മേഖലാ മേധാവി എന്ന നിലയിലാണ് ഗുപ്തയെ കസ്റ്റഡിയിലെടുത്തതെന്നും ഇന്ത്യൻ ന്യൂസ് വെബ്സൈറ്റ് ആയ ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ഗുപ്തയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും ഇരു രാജ്യങ്ങളിലെയും അധികാരികളുമായി ബന്ധപ്പെട്ട് ഉചിതമായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്നും ടെക് മഹിന്ദ്ര പറഞ്ഞു.

ഡാറ്റ മോഷണമാണ് ഗുപ്‌തക്ക് മേൽ ചുമത്തിയ കുറ്റമെന്ന് നേരത്തെ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ടെക് മഹീന്ദ്ര ഖത്തറിന്റെയും കുവൈറ്റിന്റെയും മേഖലാ തലവനായി 2013 ലാണ് ഗുജറാത്തിലെ വഡോദരയിൽ നിന്ന് ഗുപ്ത ദോഹയിലെത്തിയത്. അമിത് ഗുപ്തയുടെ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസുമായും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുമായും ബന്ധപ്പെട്ടിരുന്നു.

2022 ഓഗസ്റ്റിൽ എട്ട് നാവിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതിന് ശേഷം ഖത്തറിൽ ഇന്ത്യക്കാർ തടങ്കലിൽ വയ്ക്കപ്പെടുന്ന രണ്ടാമത്തെ വലിയ കേസാണിത്.

അന്തർവാഹിനി പദ്ധതിയിൽ ചാരവൃത്തി നടത്തിയെന്ന കേസിൽ ജയിലിലായ നാവിക ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ വർഷം ഖത്തർ അമീർ മാപ്പ് നൽകിയിരുന്നു

Comments


Page 1 of 0